Connect with us

Gulf

ഓണ്‍ലൈന്‍ വോട്ട്: നിരാശരായി പ്രവാസികള്‍

Published

|

Last Updated

ദുബൈ: ജോലിയെടുക്കുന്ന നാട്ടില്‍ നിന്നുകൊണ്ടുതന്നെ സമ്മതിദാന അവകാശം രേഖപ്പെടുത്താനുള്ള പ്രവാസികളുടെ ആഗ്രഹം ഈ തദ്ദേശസ്വയം ഭരണ പൊതുതിരഞ്ഞെടുപ്പിലും സഫലമാകില്ലെന്ന് ഉറപ്പായതോടെ രാഷ്ട്രീയ കേരളത്തെ ആശങ്കയോടെ നോക്കിക്കാണുന്ന പ്രവാസികള്‍ക്ക് നിരാശയായി. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും സാങ്കേതികത്വത്തില്‍ പഴിചാരി ഇപ്രാവശ്യം ഇ-വോട്ടിംഗ് സമ്പ്രദായം നടപ്പാകാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിക്കുകയായിരുന്നു.
പ്രവാസികളായ പൊതുജനങ്ങളില്‍ നിന്ന് സമ്മിശ്രമായ പ്രതികരണമാണ് ഈ വിഷയത്തില്‍ വന്നിരിക്കുന്നത്. ലോകം സാങ്കേതികമായി ഏറെ പുരോഗതിയിലെത്തിയിട്ടും ജനാധിപത്യ സമ്പ്രദായത്തിലെ സുപ്രധാന സംവിധാനമായ സമ്മതിദാനം പ്രവാസികള്‍ക്കിടയില്‍ സുതാര്യമായി നടപ്പാക്കാന്‍ സാധിക്കുകയില്ലെന്ന അധികൃതരുടെ വിലയിരുത്തല്‍ അംഗീകരിക്കാനാകില്ലെന്നും അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വിമുഖത കാണിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും പ്രവാസികളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു.
അതേസമയം, കോടതിയുടെ അനുമതിയുണ്ടെങ്കിലും തിരക്കിട്ട് ഈ തിരഞ്ഞെടുപ്പില്‍ തന്നെ ഓണ്‍ലൈന്‍ വോട്ടിംഗ് സമ്പ്രദായം നടപ്പാക്കേണ്ടതില്ലെന്നു ഒരു വിഭാഗം പ്രവാസികള്‍ അഭിപ്രായപ്പെടുന്നുണ്ട്.
പുതിയ സോഫ്റ്റ്‌വെയര്‍ തയാറാക്കി ഓരോ സമ്മതിദായകനും പ്രത്യേകം പാസ്‌കോഡുകള്‍ നല്‍കിയും വോട്ടിംഗ് നടത്തുകയന്നത് പ്രാവര്‍ത്തികമല്ലെന്ന് പറയുന്നതിനോട് ഇക്കാലത്ത് യോജിക്കാന്‍ പ്രയാസമുണ്ടെന്നും രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖല ഏറെ പുരോഗതിയിലെത്തിയിട്ടുണ്ടെന്നും വിദ്യാസമ്പന്നരായ പ്രവാസികള്‍ പറയുന്നു.
ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനം താത്കാലികമായിട്ടെങ്കിലും തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയത് നിര്‍ഭാഗ്യകരമാണെന്ന് തന്നെയാണ് ബഹുഭൂരിഭാഗം പ്രവാസികളുടെയും അഭിപ്രായം. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെടുന്നതോടെ തങ്ങളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാതെ പോകുന്നതിലേക്കാണ് നയിക്കപ്പെടുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും തങ്ങള്‍ക്ക് ഇവിടെ നിന്നു തന്നെ വോട്ട് ചെയ്യാനുള്ള അവസരമുണ്ടാകുമെന്ന് തന്നെ പ്രവാസികള്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്.

Latest