Connect with us

Sports

ശ്രീശാന്തിന് ഉജ്ജ്വല വരവേല്‍പ്പ്

Published

|

Last Updated

കൊച്ചി: ഐ പി എല്‍ ഒത്തുകളി കേസില്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ നിന്നും അനുകൂല വിധി നേടിയ ശേഷം ജന്മനാട്ടില്‍ മടങ്ങിയെത്തിയ ശ്രീശാന്തിന് ഉജ്ജ്വല സ്വീകരണം. രാവിലെ 9.30 ഓടെ ഭാര്യ ഭുവനേശ്വരി കുമാരിക്കൊപ്പമാണ് ശ്രീശാന്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 9.40 ഓടെ പുറത്തിറങ്ങിയ ശ്രീശാന്തിനെ പുറത്ത് കാത്തുനിന്ന സുഹൃത്തുക്കളും സേവ് ശ്രീശാന്ത് ഫോറം പ്രവര്‍ത്തകരും ലഡു നല്‍കിയും മുദ്രാവാക്യം വിളിച്ചുമാണ് സ്വീകരിച്ചത്. ശ്രീശാന്തിന്റെ മാതാപിതാക്കളായ ശാന്തകുമാരന്‍ നായരും സാവിത്രി ദേവിയും അദ്ദേഹത്തെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു.
തുടര്‍ന്ന് വീട്ടിലെത്തിയ ശ്രീശാന്തിന് സ്‌നേഹോഷ്മളമായ സ്വീകരണമാണ് നല്‍കിയത്. വീട്ടില്‍ കാത്തുനിന്ന ബന്ധുക്കളും സുഹൃത്തുക്കളും ശ്രീശാന്തിനെ മാലയിട്ട് സ്വീകരിച്ചു. ഉച്ചതിരിഞ്ഞ് ഇടപ്പള്ളി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ശ്രീശാന്ത് ക്രിക്കറ്റ് പരിശീലനം ആരംഭിച്ചു. ബി സി സി ഐ വിലക്കുള്ളതിനാല്‍ കെ സി എയുടെ ഗ്രൗണ്ടുകളില്‍ ശ്രീശാന്തിന് പരിശീലനം നടത്താനാകില്ല. എറണാകുളം ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ അണ്ടര്‍ 14 ടീമിലെ കളിക്കാര്‍ക്കൊപ്പമായിരുന്നു ശ്രീശാന്തിന്റെ പരിശീലനം. പരിശീലനം കാണാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഗ്രൗണ്ടിലെത്തി.

“തിരിച്ചു കിട്ടിയത് ജീവിതം”
നെടുമ്പാശ്ശേരി: കൈവിട്ടുപോയെന്നു കരുതിയ ജീവന്‍ തിരികെ ലഭിച്ച അനുഭൂതിയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ ശ്രീശാന്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. പലരും തള്ളിപ്പറഞ്ഞപ്പോഴും മലയാളികളും സുഹൃത്തുക്കളുമാണ് തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത്. കോടതി വിധിയില്‍ വളരെ സന്തോഷമുണ്ടെന്നും പരിശീലനം പ്രാഥമിക ഘട്ടം മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാക്ടീസും ഫിറ്റ്‌നസും പ്രധാനപ്പെട്ടതാണ്, അത് വീണ്ടെടുക്കാനാണ് മുഖ്യ പരിഗണന. ഇതിനായി എത്രയും വേഗം അനുമതി ലഭിച്ച് സ്റ്റേഡിയം സൗകര്യങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശാന്‍ കളരിപോലെ എല്ലാം ആദ്യം മുതല്‍ ആരംഭിക്കണമെന്നും എത്രയും വേഗം ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീശാന്ത് പറഞ്ഞു.
കോടതി വിധി മറിച്ചായിരുന്നുവെങ്കില്‍ താന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ വരെ ആലോചിച്ചിരുന്നു. എന്നാല്‍ ദൈവം തനിക്കൊപ്പമുണ്ടായിരുന്നു. രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരികയെന്നതാണ് തന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ബി സി സി വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ടി സി മാത്യു അടക്കം എല്ലാവരുമായും സംസാരിച്ചു കഴിഞ്ഞു. മടങ്ങിവരവിന് സമയമെടുത്തേക്കും. എന്നിരുന്നാലും തനിക്ക് പ്രതീക്ഷയുണ്ട്. കളിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി കഴിവ് തെളിയിക്കും. ഐ പി എല്‍ ക്രിക്കറ്റില്‍ ഇനിയും കളിക്കുമോയെന്ന ചോദ്യത്തിന് അതിനെക്കുറിച്ചൊന്നും ഇപ്പോള്‍ അറിയില്ലെന്നും എല്ലാ ടൂര്‍ണമെന്റും കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ജീവിതമാണ് ഏറ്റവും പ്രധാനം തനിക്ക് ഇപ്പോള്‍ ജീവിതം തിരിച്ചുകിട്ടി. ഇനി ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്- ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

Latest