Connect with us

Sports

2018 ലോകകപ്പിനുള്ള യൂറോപ്യന്‍ യോഗ്യത: സ്‌പെയിന്‍, ഇറ്റലി, ഹോളണ്ട്, ഫ്രാന്‍സ് കടുകട്ടി ഗ്രൂപ്പില്‍

Published

|

Last Updated

റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍, ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ എന്നിവര്‍ നറുക്കെടുപ്പ് ചടങ്ങിനിടെ

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: 2018 ലോകകപ്പിനുള്ള യൂറോപ്യന്‍ ടീമുകളുടെ യോഗ്യതാ നറുക്കെടുപ്പ് പൂര്‍ത്തിയായി. മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനും ഇറ്റലിയും ഒരേ ഗ്രൂപ്പില്‍ വന്നപ്പോള്‍ ജര്‍മനിയും പോര്‍ച്ചുഗലും താരതമ്യേന ദുര്‍ബല ഗ്രൂപ്പിലാണുള്ളത്.
ഹോളണ്ട്, ഫ്രാന്‍സ്, സ്വീഡന്‍, ബള്‍ഗേറിയ, ബലാറസ്, ലുക്‌സംബെര്‍ഗ് എന്നീ ടീമുകളാണ് മരണ ഗ്രൂപ്പായ ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സ്വീഡന്റെയും ബര്‍ഗേറിയയുടെയും സാന്നിധ്യം ഹോളണ്ടിനും ഫ്രാന്‍സിനും ഭീഷണിയാകും. സ്‌പെയിനും ഇറ്റലിയും ഗ്രൂപ്പ് ജിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് ടീമുകള്‍ക്ക് താരതമ്യേന ദുര്‍ബലരായ എതിരാളികളെയാണ് ലഭിച്ചത്. ജി ഗ്രൂപ്പില്‍ ചെക് റിപ്ലബ്ലിക്കാണ് ജര്‍മനിയുടെ കാര്യമായ എതിരാളി.
ബെല്‍ജിയത്തിന് ഗ്രീസിനെയും ക്രൊയേഷ്യക്ക് ഉക്രൈന്‍, തുര്‍ക്കി ടീമുകളെയും നേരിടണം. ആതിഥേയര്‍ എന്ന നിലയില്‍ റഷ്യ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. 59 രാജ്യങ്ങളെ ഒമ്പത് ഗ്രൂപ്പുകളായാണ് വിഭജിച്ചിരിക്കുന്നത്. ഏഴ് ഗ്രൂപ്പില്‍ ആറ് ടീമുകളും, രണ്ട് ഗ്രൂപ്പില്‍ അഞ്ച് ടീമുകളും മത്സരിക്കും. ഗ്രൂപ്പില്‍ രണ്ടാമതെത്തുന്ന ടീമുകള്‍ക്ക് പ്ലേ ഓഫ് കടമ്പ കടന്നാല്‍ മാത്രമേ ലോകകപ്പില്‍ കളിക്കാന്‍ സാധിക്കൂ. ഗ്രൂപ്പില്‍ രണ്ടാമതെത്തുന്ന മികച്ച എട്ട് ടീമുകളില്‍ നാല് ടീമുകള്‍ക്കാണ് ഇതിന് അവസരം ലഭിക്കുക.
ലോകകപ്പ് നഗരിയായ സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെ കോണ്‍സ്റ്റാന്റിന്‍ പാലസില്‍ നടന്ന നറുക്കെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ്‌വഌദിമിര്‍ പുടിന്‍, ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2008 ജൂണ്‍ എട്ട് മുതല്‍ ജൂലൈ എട്ട് വരെയാണ് ലോകകപ്പ് നടക്കുക. ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ക്ക് മോസ്‌കോയിലെ ലൂഷ്‌നികി സ്‌റ്റേഡിയം വേദിയാകും. കസാന്‍, നൊവ്‌ഗൊര്‍ദോ, സോചി, സമാറ നഗരങ്ങളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. സെന്റ്പീറ്റേഴ്‌സ്ബര്‍ഗും മോസ്‌കോയും സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാകും.
ഗ്രൂപ്പും ടീമുകളും: ഗ്രൂപ്പ് എ: ഹോളണ്ട്, ഫ്രാന്‍സ്, സ്വീഡന്‍, ബള്‍ഗേറിയ, ബലാറസ്, ലുക്‌സംബെര്‍ഗ്. ഗ്രൂപ്പ് ബി: പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ ലാന്‍ഡ്, ഹംഗറി, ഫെറോര്‍ ദ്വീപ്, ലാറ്റ്‌വിയ, അണ്ടോറ. ഗ്രൂപ്പ് സി: ജര്‍മനി, ചെക്ക് റിപ്പബ്ലിക്ക്, നോര്‍ത്ത് അയര്‍ലാന്‍ഡ്, നോര്‍വേ, അസര്‍ബയ്ജാന്‍, സാന്‍ മാരിനോ. ഗ്രൂപ്പ് ഡി: വെല്‍സ്, ആസ്ത്രിയ , സെര്‍ബിയ, അയര്‍ലാന്‍ഡ്, മല്‍ഡോവിയ, ജോര്‍ജിയ. ഗ്രൂപ്പ് ഇ: റുമാനിയ, ഡെന്മാര്‍ക്ക്, പോളണ്ട് , മോണ്ടിനെഗ്രൊ , അര്‍മീനിയ, കസാകിസ്ഥാന്‍. ഗ്രൂപ്പ് എഫ്: ഇംഗ്ലണ്ട്, സ്ലോവാക്യ, സ്‌കോട്ട്‌ലാന്‍ഡ്, സ്ലോവേനിയ, ലിത്വാനിയ, മാള്‍ട്ടാ. ഗ്രൂപ്പ് ജി: സ്‌പെയിന്‍, ഇറ്റലി, അല്‍ബേനിയ, ഇസ്‌റാഈല്‍, മാസെഡോനിയ, ലിഷ്‌റ്റെന്‍ സ്റ്റയിന്‍. ഗ്രൂപ്പ് എച്ച്: ബെല്‍ജിയം, ബോസ്‌നിയ ഹെര്‍സൊഗോവീന, ഗ്രീസ്, എസ്‌റ്റോണിയ, സൈപ്രസ്. ഗ്രൂപ്പ് ഐ: ക്രൊയേഷ്യ, ഐസ് ലാന്‍ഡ്, ഉക്രൈന്‍, തുര്‍ക്കി, ഫിന്‍ലാന്‍ഡ്.

Latest