Connect with us

Kerala

ശിരോവസ്ത്രം: മുതലെടുക്കാന്‍ ബി ജെ പി; പ്രതിഷേധം ശക്തം

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ശിരോവസ്ത്ര വിവാദം കൊഴുക്കുന്നു. കന്യാസ്ത്രീക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നതും ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി പരാമര്‍ശവും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. സുപ്രീം കോടതി പരാമര്‍ശത്തിനെതിരെ മുസ്‌ലിം ലീഗും കത്തോലിക്കാ സഭയും രംഗത്തുവന്നു.
വിഷയം പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്ന് എം ഐ ഷാനവാസ് എം പി വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് ബി ജെ പിയും കളത്തിലുണ്ട്. കോടതി നിര്‍ദേശം അംഗീകരിക്കാത്തവര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കണമെന്നാണ് ബി ജെ പി നിലപാട്.
കോടതി പരാമര്‍ശത്തെ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും ശക്തമായി അപലപിച്ചു. ശിരോവസ്ത്രം ധരിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം തെറ്റാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പരാമര്‍ശം വിശ്വാസത്തിനെതിരാണ്. കോടതിക്ക് വളരെ നിസ്സാരമായി ചോദിക്കാവുന്ന ചോദ്യമല്ല ഇത്. ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ വിശ്വാസപരമായ കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശിരോവസ്ത്രം ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്ന നടപടി നിര്‍ഭാഗ്യകരമാണെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമായുള്ള ശിരോവസ്ത്രം ധരിക്കുന്നതിന് അനുവദിക്കാത്ത അധികൃതരുടെ നടപടി തികച്ചും നിര്‍ഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്.
ശിരോവസ്ത്ര വിവാദ വിഷയം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് കര്‍ദിനാള്‍ ക്ലിമ്മിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. സന്യാസത്തെ ബഹുമാനിക്കുന്ന നാട്ടില്‍ ഒരു സന്യാസിനിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നത് അപലപനീയമാണെന്ന് കെ സി ബി സി വക്താവ് പോള്‍ തേലക്കാട്ട് പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശമാണ് വിവാദത്തിലേക്ക് നയിച്ചതെന്ന് എം ഇ എസ് നേതാവ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.
അതേസമയം, സുപ്രീം കോടതി നിര്‍ദേശം പാലിക്കാന്‍ കഴിയാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം. ശിരോവസ്ത്രം ധരിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം തെറ്റാണെന്ന ലീഗ് നിലപാട് ഭരണഘടനാവിരുദ്ധമാണ്. ശിരോവസ്ത്ര വിഷയം മുതല്‍ ഗെയില്‍ വരെ ലീഗ് മതത്തെ കൂട്ടുപിടിച്ച് എതിര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷക്കിടെ ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന സി ബി എസ് ഇയുടെ നിലപാട് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി വിവാദ പരാമര്‍ശം നടത്തിയത്. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ശിരോവസ്ത്രം അഴിച്ചുവച്ചാല്‍ വിശ്വാസം നഷ്ടപ്പെടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
ഇതേത്തുടര്‍ന്ന് തിരുവനന്തപുരം കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പരീക്ഷയെഴുതാനെത്തിയ കന്യാസ്ത്രീയെ അധികൃതര്‍ തടയുകയായിരുന്നു. ശിരോവസ്ത്രം മാറ്റാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സിസ്റ്റര്‍ സെബക്കാണ് പരീക്ഷ എഴുതാനാകാതെ പോയത്.

Latest