Connect with us

Kerala

ചമ്രവട്ടം റഗുലേറ്റര്‍ ചോര്‍ച്ച: ഐ ഐ ടി റിപ്പോര്‍ട്ട് നിര്‍ണായകം

Published

|

Last Updated

മലപ്പുറം: ചമ്രവട്ടം റഗുലേറ്റര്‍ ബ്രിഡ്ജ് ചോര്‍ച്ച ഉള്‍പ്പെടെയുളള മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും പദ്ധതിയുടെ ഭാവി നിശ്ചയിക്കാനും ഡല്‍ഹി ഐ ഐ ടിയില്‍നിനുള്ള റിപ്പോര്‍ട്ട് നിര്‍ണായകമാവും. ചമ്രവട്ടം പദ്ധതി നേരിടുന്ന പ്രശ് നങ്ങള്‍ നേരിട്ടു വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ഐ ഐ ടി വിദഗ്ധര്‍ പദ്ധതി പ്രദേശത്തെത്തിയിരുന്നു. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഡല്‍ഹി ഐ ഐ ടിയിലെ വിദഗ്ധര്‍ പരിശോധിച്ചു വരികയാണ്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ പരിഹാര നടപടി സ്വീകരിക്കുക.
റഗുലേറ്ററിലെ ചോര്‍ച്ചയാണ് വിദഗ്ദധ സംഘം പ്രധാനമായും പരിഗണിക്കുന്നത്. ചോര്‍ച്ച ശാശ്വതമായി ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഐ ഐ ടിയില്‍ നിന്ന് തേടിയിരിക്കുന്നത്. നേരത്തെ ഇറിഗേഷന്‍ വകുപ്പ് നേരിട്ടും തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ സാങ്കേതിക വിദഗ്ധര്‍ മുഖേനയും ഇക്കാര്യത്തില്‍ പഠനം നടത്തിയിരുന്നു. പുഴയുടെ അടിത്തട്ടില്‍ നിന്ന് ക്രമാതീതമായി മണല്‍ ഒലിച്ചുപോകുന്നതാണ് ചോര്‍ച്ചക്ക് കാരണമെന്നായിരുന്ന വിലയിരുത്തല്‍. ഇതിന് പുഴയുടെ അടിത്തട്ടില്‍ റഗുലേറ്ററിന് സമാന്തരമായി ഷീറ്റ് പൈലിംഗ് നടത്തലാണ് പരിഹാരമാര്‍ഗമെന്നായിരുന്നു നിര്‍ദേശം. ഇരു റിപ്പോര്‍ട്ടുകളും സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചെങ്കിലും കൂടുതല്‍ അനുയോജ്യമായ പരിഹാരമാര്‍ഗം തേടുകയെന്ന നിലയിലാണ് ഐ ഐ ടിയെ സമീപിച്ചത്.
റഗുലേറ്ററിലൂടെയുളള ചോര്‍ച്ച തുടരുന്നതിനാല്‍ പദ്ധതികൊണ്ടുളള പ്രധാന ഗുണം ലഭ്യമാകാത്ത സാഹചര്യമാണുളളത്. പുഴയില്‍ നിന്നുളള വെളളം സംഭരിച്ചു നിറുത്താനാകാത്തതിനാല്‍ കുടിവെള്ളം, ജലസേചനം തുടങ്ങിയ മേഖലകളില്‍ പദ്ധതികൊണ്ട് യാതൊരു ഗുണവും ലഭ്യമാക്കാനായിട്ടില്ല. 140 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച പദ്ധതികൊണ്ട് ഗതാഗത സൗകര്യം മാത്രമാണ് ലഭിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഇറിഗേഷന്‍ പദ്ധതികളിലൊന്നായാണ് ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെങ്കിലും ഈ മേഖലയില്‍ യാതൊരു നേട്ടവുമുണ്ടാക്കാന്‍ പദ്ധതിക്കായിട്ടില്ല.
പദ്ധതി കമ്മീഷന്‍ ചെയ്ത ആദ്യ വര്‍ഷം മുതല്‍ തന്നെ റഗുലേറ്ററില്‍ ചോര്‍ച്ച യുണ്ടായിരുന്നു. ചോര്‍ച്ച അടക്കുന്നതിന് താത്കാലിക നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നുളള വര്‍ഷങ്ങളിലും ചോര്‍ച്ച കണ്ടതോടെ ശാശ്വത പരിഹാരത്തിനായുളള മാര്‍ഗങ്ങള്‍ തേടാന്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍ബന്ധിതമായി. പദ്ധതി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കണ്ടില്ലെങ്കില്‍ പാലത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പ് വിവിധ മേഖലകളില്‍ നിന്നുയര്‍ന്നിരുന്നു.
ചമ്രവട്ടം പദ്ധതിയുടെ നിര്‍മാണത്തിന് അവലംബമാക്കിയ ഡിസൈനിലെ അപാകതയാണ് ചോര്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. പുഴയുടെ അടിത്തട്ടിലെ നിലവിലെ ഘടന പഠിക്കാതെ നേരത്തെ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നുവെന്നാണ് ആക്ഷേപം.
വ്യാപകമായ മണലെടുപ്പിനെ തുടര്‍ന്ന് പുഴയുടെ അടിത്തട്ടിലുണ്ടായ ഘടനാമാറ്റത്തിന് അനുയോജ്യമായി പൈലിംഗ് നടത്താന്‍ നിര്‍മ്മാണ ഘട്ടത്തില്‍ സാധിച്ചില്ല. ഷീറ്റ് പൈലിംഗാണ് അനുയോജ്യമെങ്കിലും സാധാരണ പൈലിംഗാണ് നടത്തിയിട്ടുളളത്. ഇത് അടിത്തട്ടിലെ മണ്ണിനെ പിടിച്ചു നിറുത്താനാകാത്തതാണെന്നും ചോര്‍ച്ചക്ക് വഴിവക്കുന്നതാണെന്നുമാണ് വിലയിരുത്തല്‍.