Connect with us

Kerala

പോലീസ് സേനയില്‍ 43 ഉയര്‍ന്ന തസ്തികകളില്‍ ആളില്ല

Published

|

Last Updated

തിരുവനന്തപുരം: പോലീസ് സേനയില്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന ഉയര്‍ന്ന തസ്തികകളില്‍ ഉള്‍പ്പെടെ അടിയന്തരമായി നിയമനം നടത്താന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം. ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇതിനായി ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി അടിയന്തരമായി ചേരാനും മന്ത്രി ആവശ്യപ്പെട്ടു.
നിലവില്‍ എട്ട് ഐ ജിമാരുടെയും ആറ് ഡി ഐ ജിമാരുടെയും എട്ട് എസ് പിമാരുടെയും 21 ഡി വൈ എസ് പിമാരുടെയും ഒഴിവുകളാണുള്ളത്. ഈ തസ്തികകളില്‍ നിയമനം നടകാത്തതുമൂലം താഴെ തട്ടില്‍ നിന്നുള്ളവര്‍ക്ക് ലഭിക്കേണ്ട പ്രമോഷനുകള്‍ വൈകുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്. പ്രമോഷന്‍ ലിസ്റ്റുകള്‍ വൈകുന്നത് കാരണം പുതിയ നിയമനങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ല.
സേനയില്‍ ഓരോ വര്‍ഷവും പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സേനയിലെ എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ പ്രമോഷന്‍ സെലക്ട് ലിസ്റ്റുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കണം. ഒഴിവുകള്‍ വരുന്ന മുറക്ക് നിയമനം നടക്കുന്നുണ്ടെന്ന കാര്യം. ഉറപ്പുവരുത്തണമെന്നും ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി. നിലവിലുള്ള റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാര്‍ഥികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദേശം.
സമാനമായ രീതിയില്‍ ഫയര്‍ഫോഴ്‌സിലും ജയില്‍ വകുപ്പിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറക്ക് നിയമനം നടത്തണം. സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി യഥാസമയം ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി കൂടാന്‍ വൈകുന്നത് കൊണ്ട് ചെറിയ വിഴ്ചകള്‍ മൂലം സസ്‌പെന്‍ഷനിലാകുന്ന ഉദ്യോഗസ്ഥര്‍ക്കു പോലും സര്‍വീസില്‍ തിരിച്ചുകയറാന്‍ കാലതാമസമുണ്ടാകുകയാണ്. എന്നാല്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ച് സസ്‌പെന്‍ഷന്‍ കാലാവധി എത്രനാള്‍ വേണമെന്നത് സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിക്ക് തീരുമാനിക്കാവുന്നതാണ്.
പി ആര്‍ കേസുകള്‍ (പണിഷ്‌മെന്റ് റോള്‍) പരിഗണിച്ച് പെട്ടെന്ന് തീരുമാനം എടുക്കുന്നതിന് ജില്ലാതലങ്ങളില്‍ പ്രത്യേക അദാലത്തുകള്‍ വിളിച്ചുചേര്‍ക്കണം. കോടതികളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിലവിലുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ വകുപ്പ് തലത്തില്‍ വീഴ്ച വരുത്താതെ യഥാസമയം കോടതികളില്‍ നല്‍കേണ്ട സത്യവാങ്മൂലവും മറ്റ് അനുബന്ധ രേഖകളും നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര സെക്രട്ടറിക്കും ഡി ജി പിക്കും നല്‍കിയ കത്തില്‍ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest