Connect with us

Kerala

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതി എട്ട് വര്‍ഷമായിട്ടും കടലാസില്‍ തന്നെ

Published

|

Last Updated

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിയുടെ പ്രവര്‍ത്തനം കടലാസിലൊതുങ്ങുന്നു. ഒരു മത്സ്യത്തൊഴിലാളിക്ക് പരമാവധി 75,000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാനുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നത്.
2007 വരെയുള്ള കടങ്ങള്‍ക്ക് മാത്രമാണ് ഈ പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ പരിഗണന നല്‍കിയിരുന്നത്. എന്നാല്‍, 2015 ആയിട്ടും കടാശ്വാസ കമ്മീഷനും കുറേ ഉദ്യോഗസ്ഥരും തത്സ്ഥാനത്ത് തുടരുന്നതല്ലാതെ മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതി കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ടി പീറ്റര്‍ സിറാജിനോട് പറഞ്ഞു.
ഓരോ വര്‍ഷവും സംസ്ഥാന ബജറ്റില്‍ പത്തോ പന്ത്രണ്ടോ കോടി രൂപ വകയിരുത്താറുണ്ടെങ്കിലും ഇതിന്റെ ഗുണഫലം അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഈ തുക കടാശ്വാസ കമ്മീഷന്റെ ഭരണപരമായ നടത്തിപ്പിനും ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും മാത്രമായാണ് ചെലവഴിക്കുന്നത്. മത്സ്യത്തൊഴിലാളി ഭവന പദ്ധതിക്ക് തയ്യാറാക്കിയ ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടുന്നതും പതിവായിട്ടുണ്ട്. അര്‍ഹരായവര്‍ പലപ്പോഴും തഴയപ്പെടുകയാണ്.
ഇടനിലക്കാരുടെ കൊടിയ ചൂഷണത്തിലും കടബാധ്യതയിലുംപെട്ട് നട്ടം തിരിയുന്ന മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനാണ് കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ രൂപവത്കരിച്ചത്. കടാശ്വാസ കമ്മീഷന്റെ ആദ്യ ശിപാര്‍ശ പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഹഡ്‌കോയില്‍ നിന്ന് മത്സ്യഫെഡ് മുഖേന വാങ്ങിയിട്ടുള്ള ഭവന നിര്‍മാണ വായ്പാ കുടിശ്ശികയായ 11.82 കോടി രൂപ എഴുതിത്തള്ളാനും വായ്പക്ക് ഈടുവെച്ചിരുന്ന ആധാരങ്ങള്‍ തിരിച്ചുനല്‍കാനും കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഈ സര്‍ക്കാറിന്റെ കാലത്ത് കടാശ്വാസ പദ്ധതി പ്രവര്‍ത്തനം നിര്‍ജീവമായെന്നാണ് ആക്ഷേപം. 10,000 കുടുംബങ്ങള്‍ക്കാണ് അന്ന് ഇതിന്റെ പ്രയോജനം ലഭ്യമായത്.
സുനാമി പുനരധിവാസ പദ്ധതിയില്‍പ്പെടുത്തി തീരദേശത്തെ മത്സ്യഫെഡിന്റെ കീഴിലുള്ള സഹകരണ സംഘങ്ങള്‍ വഴി ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പദ്ധതി പ്രകാരം നല്‍കിയ മത്സ്യബന്ധനോപകരണങ്ങള്‍ക്കുള്ള വായ്പകള്‍, മത്സ്യത്തൊഴിലാളി ക്ഷേമ സംഘങ്ങളിലെ വായ്പകള്‍, സുനാമി ദുരന്തം സംഭവിച്ച ജില്ലകളിലെ സഹകരണ സംഘങ്ങളില്‍ നിന്ന് മത്സ്യബന്ധനോപകരണങ്ങള്‍ക്ക് എടുത്തിട്ടുള്ള വായ്പകള്‍ എന്നിവ എഴുതിത്തള്ളാന്‍ നടപടി സ്വീകരിച്ചെങ്കിലും ബേങ്കുകളില്‍ നിന്നും മറ്റു പൊതു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കും നല്‍കുമെന്ന പ്രഖ്യാപനവും യാഥാര്‍ഥ്യമായിട്ടില്ല.
മത്സ്യബന്ധന രംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നതാണ് ഇന്ധന രംഗത്തെ പ്രതിസന്ധി. പെര്‍മിറ്റനുസരിച്ച് മത്സ്യബന്ധനത്തിന് പ്രതിമാസം നല്‍കിവരുന്ന 125 ലിറ്റര്‍ മണ്ണെണ്ണ, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും കരിഞ്ചന്തക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമായി മാസാവസാനമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പലപ്പോഴും ലഭ്യമാകുന്നത്. ഇതുമൂലം കൂടുതല്‍ വിലക്ക് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനം നടത്തേണ്ടിവരുന്ന ദുരവസ്ഥയാണുള്ളത്. ഇത് മത്സ്യത്തൊഴിലാളികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മത്സ്യബന്ധനത്തിന് 137 ലിറ്റര്‍ മണ്ണെണ്ണ അനുവദിക്കുമെന്ന് പ്രഖ്യാപനം നടത്തി തൊഴിലാളികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ച് മാസം ഒന്ന് കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച തുടര്‍നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എല്ലാ മാസവും പത്താം തീയതി തന്നെ സിവില്‍ സപ്ലൈസ് വഴിയുള്ള മണ്ണെണ്ണ ലഭ്യമാക്കണമെന്നതാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

---- facebook comment plugin here -----

Latest