Connect with us

Kerala

മറൈന്‍, എയര്‍ ആംബുലന്‍സ് സര്‍വീസുകള്‍ ഉടന്‍

Published

|

Last Updated

തിരുവനന്തപുരം: നൂതന ചികിത്സാ സംവിധാനങ്ങളുടെ സുഗമമായ ഉപയോഗത്തിനും ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനുമായി സംസ്ഥാനത്ത് മറൈന്‍, എയര്‍ ആംബുലന്‍സുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ആരോഗ്യവകുപ്പിന് കീഴില്‍ നടപ്പാക്കുന്ന മൃതസജ്ഞീവനി പദ്ധതിക്ക് കീഴിലാണ് എയര്‍ ആംബുലന്‍സ് തുടങ്ങുന്നതെങ്കില്‍ ഫിഷറീസ് വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും മറൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തനം.
സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് എയര്‍ ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങുന്നത്. കൊച്ചി കേന്ദ്രമായുള്ള ഒരു കമ്പനി ഇതിനകം സര്‍വീസ് തുടങ്ങാന്‍ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വ്യോമസേനയുടെ എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് ഹൃദയമെത്തിച്ച് നടത്തിയ ശസ്ത്രക്രിയ കേരളത്തിന്റെ ആരോഗ്യരംഗത്ത് നാഴികക്കല്ലായി മാറിയതോടെയാണ് സ്ഥിരം എയര്‍ ആംബുലന്‍സ് സംവിധാനമെന്ന ആശയത്തിന് വീണ്ടും ജീവന്‍വെച്ചത്. അവയവം മാറ്റിവെക്കുന്നതിന് സൗകര്യമുള്ള ഗവ. മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചാകും എയര്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തനം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകരമാകും വിധമാകും എയര്‍ ആംബുലന്‍സ് പദ്ധതി നടപ്പാക്കുക.
മതിയായ റോഡ് സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ വലിയ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ദുരിത ബാധിതരെ റോഡ് മാര്‍ഗം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാറില്ല. പലപ്പോഴും വ്യോമസേനയുടെ സഹായം തേടാറാണ് പതിവ്. ഇതിന് ഒട്ടേറെ സാങ്കേതിക നടപടിക്രമങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ സ്ഥിരം എയര്‍ ആംബുലന്‍സ് സംവിധാനം വരുന്നത് ഏറെ സഹായകരമാകും.
ആഭ്യന്തരം, റവന്യു വകുപ്പുകളുടെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.
കടലില്‍ അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാനായി മറൈന്‍ ആംബുലന്‍സുകള്‍ വാങ്ങാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചുകഴിഞ്ഞു. രണ്ട് കോടി രൂപയാണ് ഒരു മറൈന്‍ ആംബുലന്‍സിന്റെ വില. ഇത്തരം മൂന്ന് ആംബുലന്‍സുകള്‍ വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. മലബാറിലും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമായി ഓരോ ആംബുലന്‍സുകള്‍ നല്‍കാനാണ് തീരുമാനം. ജീവന്‍രക്ഷാ ഉപകരണങ്ങള്‍, ജി പി എസ് ലിങ്ക്ട് ഡിജിറ്റല്‍ ക്യാമറ, വയര്‍ലെസ് സെറ്റ് സംവിധാനങ്ങള്‍, ബൈനോക്കുലര്‍, പോര്‍ട്ടബിള്‍ പബ്ലിക് അഡ്രസ് സംവിധാനം, വാക്കി ടോക്കി, സ്ട്രച്ചര്‍, ലാഡര്‍, പ്ലാസ്റ്റിക് റോപ്പ്, ഓക്‌സിജന്‍ സിലിണ്ടര്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ്, ഫയര്‍ എക്സ്റ്റിന്‍ക്യൂഷര്‍, മെഡിക്കര്‍ കിറ്റ് തുടങ്ങിയവക്ക് പുറമെ ആവശ്യമായ പാരമെഡിക്കല്‍ സ്റ്റാഫും ട്രെയിനിംഗ് നല്‍കിയ സീ റെസ്‌ക്യൂ ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ മറൈന്‍ ആംബുലന്‍സുകളിലുണ്ടാകും.
ആധുനിക കടല്‍ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി മത്സ്യബന്ധന ബോട്ടുകളില്‍ ആട്ടോമാറ്റിക് ഫിഷിംഗ് വെസ്സല്‍ മോണിറ്ററിംഗ് സംവിധാനവും നടപ്പാക്കുന്നുണ്ട്. വെസ്സല്‍ ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ കടലില്‍ പോകുന്ന ബോട്ടുകളുടെ വിവരങ്ങള്‍ കൃത്യമായി അറിയാനും കടലില്‍ വെച്ച് ബോട്ടുകള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ആ വിവരം കരയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി അറിയാനും കഴിയും.
വ്യാജ രജിസ്‌ട്രേഷന്‍ തടയാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യകത. ഏകദേശം പതിനഞ്ച് മുതല്‍ 25 കിലോമീറ്റര്‍ വരെ കടലില്‍ യാനങ്ങളെ ട്രാക്ക് ചെയ്യാന്‍ കഴിയും. കോസ്റ്റല്‍ സെക്യൂരിയുടെ ഭാഗമായി അന്യസംസ്ഥാനങ്ങളുടെ അയല്‍ രാജ്യങ്ങളുടെയും ബോട്ടുകളെ തിരിച്ചറിയാനും സാധിക്കും. ആദ്യഘട്ടമെന്ന നിലയില്‍ കൊല്ലം ജില്ലയിലെ 300 യന്ത്രവത്കൃത ബോട്ടുകളിലാസ് പുതിയ സംവിധാനം നടപ്പാക്കുന്നത്. കെല്‍ട്രോണ്‍ വഴി നടപ്പാക്കുന്ന പദ്ധതി പത്ത് മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ പ്രതീക്ഷ.
ഇതിന് പുറമെ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നടപ്പാക്കിയ 108 ആംബുലന്‍സ് സര്‍വീസ് സംസ്ഥാന വ്യാപകമാക്കും. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഇതിനായി ടെന്‍ഡര്‍ വിളിച്ചെങ്കിലും ടെന്‍ഡര്‍ കമ്മിറ്റി നിശ്ചയിച്ച തുകയേക്കാളും കൂടുതലും ടെന്‍ഡറില്‍ പങ്കെടുത്ത മെ ജി വി കെ ഇ എം ആര്‍ ഐ ക്വാട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ റീ ടെന്‍ഡര്‍ നടത്താന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആലപ്പുഴയിലും തിരുവനന്തപുരത്തും നിലവില്‍ ഈ കമ്പനി തന്നെയാണ് 108 ആംബുലന്‍സ് സര്‍വീസ് നടത്തിയിരുന്നതെങ്കിലും പ്രവര്‍ത്തന ചെലവില്‍ വര്‍ധന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നേരിട്ടാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്.

---- facebook comment plugin here -----

Latest