Connect with us

International

മനുഷ്യ ബലി: നേപ്പാളില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കാഠ്മണ്ഡു: നേപ്പാളില്‍ പത്ത് വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കൊലപാതകം മനുഷ്യ ബലിയാണെന്ന് മാധ്യമങ്ങള്‍ നേരെത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പ് കാണാതായ ജിവാന്‍ കോഹറിന്റെ മൃതദേഹം നവാല്‍പരാസി ജില്ലയിലെ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപത്തെ കുദിയ ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥനായ നാല്‍ പ്രസാദ് ഉപാധ്യായ പറഞ്ഞു. കുട്ടിയുടെ തല അറുത്തുമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. അസുഖബാധിതനായ തന്റെ മകന്റെ ദേഹത്ത്കൂടിയ പിശാചിനെ പുറത്താക്കാനായാണ് ഗ്രാമത്തിലെ മന്ത്രവാദിയുടെ ഉപദേശ പ്രകാരം കുട്ടിയെ ബലികൊടുത്തതെന്ന് ഒരാള്‍ കുറ്റസമ്മതം നടത്തിയതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ബിസ്‌കറ്റും 50 യു എസ് സെന്റും വാഗ്ദാനം ചെയ്ത് അയല്‍വാസികളുടെ സഹായത്തോടെ കുട്ടിയെ തട്ടിയെടുത്ത് ഒറ്റപ്പെട്ട സ്ഥലത്തെത്തിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. മതാചാരപ്രകാരമുള്ള കര്‍മങ്ങള്‍ക്ക് ശേഷം കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി ഉപാധ്യായ പറഞ്ഞു. 28 ദശലക്ഷം വരുന്ന നേപ്പാള്‍ ജനതയില്‍ 80 ശതമാനം പേര്‍ ഹിന്ദുക്കളാണ്. ദൈവ പ്രീതിക്കായി ആടുമാടുകളെ ബലികൊടുക്കുന്നത് ഇവിടെ പതിവാണ്.