Connect with us

Kerala

പ്രേമം ചോര്‍ത്തിയത് സെന്‍സര്‍ ബോര്‍ഡ് ജീവനക്കാര്‍: മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശികളായ അരുണ്‍ കുമാര്‍, നിധിന്‍, കോവളം സ്വദേശികുമാരന്‍ എന്നിവരാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത്. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ താല്‍ക്കാലിക ജീവനക്കാരാണ് ഇവര്‍. സിനിമ ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണെന്ന് ആന്റി പൈറസി സെല്‍ സ്ഥിരീകരിച്ചു.
“പ്രേമം” സെന്‍സര്‍ കോപ്പി ചോര്‍ച്ച വിവാദമായതോടെ ഇന്ന് അറസ്റ്റിലായ മൂന്ന് പേരും ജോലി വിട്ടിരുന്നു. ഇവര്‍ക്ക് ചിത്രം ചോര്‍ത്തിയതില്‍ പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. മറ്റ് ചിത്രങ്ങളും ചോര്‍ത്തിയതിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രേമം സിനിമയുടെ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ച കേസില്‍ പൊലീസ് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകള്‍, മൊബൈല്‍ ഫോണ്‍, ഡിവിഡി എന്നിവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. സിനിമയുടെ എഡിറ്റിങ് നടന്ന തിരുവനന്തപുരം, കൊച്ചി, ചെന്നൈ എന്നീ സ്റ്റുഡിയോകളില്‍ നിന്നു പിടിച്ചെടുത്ത 32 ഹാര്‍ഡ് ഡിസ്‌കുകള്‍, ഡി.വി.ഡികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് ആന്റി പൈറസി സെല്‍ പരിശോധിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡിന്റെ മുദ്രയുള്ള പ്രേമം സിനിമയുടെ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നത്. സിനിമയുടെ സെന്‍സര്‍ കോപ്പി എങ്ങനെ ചോര്‍ന്നെന്നും ഇത് എവിടെ നിന്നൊക്കെയാണ് ഇന്റര്‍നെറ്റിലേക്ക് അപ്ലോഡ് ചെയ്തതെന്നുമാണ് ആന്റി പൈറസി സെല്‍ അന്വേഷിക്കുന്നത്.

Latest