Connect with us

Malappuram

മഴ കനത്തു: ഭാരതപ്പുഴയും കനോലികനാലും കരകവിഞ്ഞു; തീരവാസികള്‍ ഭീതിയില്‍

Published

|

Last Updated

നിറഞ്ഞ് കവിഞ്ഞഴുകുന്ന കനോലി കനാല്‍

പൊന്നാനി: മഴ കനത്തതോടെ ഭാരതപ്പുഴയും കനോലികനാലും കരകവിഞ്ഞൊഴുകി. പാര്‍ശ്വഭിത്തിയില്ലാത്ത പ്രാദേശങ്ങളിലെ തീരവാസികള്‍ ആശങ്കയുടെ മുള്‍മുനയിലാണ്. ഈശ്വരമംഗലം ഭദ്രാംകുളങ്ങര ക്ഷേത്രത്തോട് ചേര്‍ന്ന പുഴ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ഭീതിയോടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.
ചമ്രവട്ടം പാലത്തോട് ചേര്‍ന്ന ഒരു കിലോമീറ്റര്‍ഭാഗത്തേക്ക് പാര്‍ശ്വഭിത്തിയുണ്ടെങ്കിലും തുടര്‍ന്നങ്ങോട്ടുള്ള പ്രദേശങ്ങളാണ് പുഴയുടെ കരകവിച്ചില്‍ നേരിടുന്നത്. നിര്‍മാണം പാതി വഴിയില്‍ നിലച്ച കര്‍മറോഡും പുഴയുടെ ശക്തമായ ഒഴുക്കില്‍ ഭീഷണി നേരിടുന്നു. കനോലി കനാലിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കടുത്ത ദുരിതമാണ് നേരിടേണ്ടിവരുന്നത്.
ദേശീയ ജലപാത നവീകരണത്തിന്റെ ഭാഗമായി കനോലി കനാലിന്റെ ഏതാനും ഭാഗങ്ങളില്‍ നടന്ന പാര്‍ശ്വഭിത്തി നിര്‍മാണം ഒഴിച്ചാല്‍ കനാല്‍ തീരത്തേക്ക് പരന്നു കിടക്കുന്ന സ്ഥിതിയാണ്. വെള്ളത്തിന്റെ ഒഴുക്ക് കൂടിയതോടെ തീരത്തെ വീടുകളിലേക്ക് വെള്ളം ഒലിച്ചു കയറുകയാണ്. വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വീടുകള്‍ തകര്‍ച്ച ഭീഷണി നേരിടുന്നു.
കനാലിലൂടെ ഒഴുകി വരുന്ന മാലിന്യങ്ങള്‍ തീരത്ത് അടിഞ്ഞു കൂടുന്നത് കടുത്ത ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്നു. അറവു മൃഗങ്ങളുടേയും കോഴിയുടേയും അവശിഷ്ടങ്ങള്‍ കനാലില്‍ നിക്ഷേപിക്കുന്നതിനാല്‍ ഇവ വീട്ടുവളപ്പിലേക്ക് ഒഴുകി കയറുന്ന സ്ഥിതിയുണ്ട്.
ഓരോ വര്‍ഷത്തെ മഴയിലും കനാല്‍ തീരത്തേക്ക് വികസിക്കുന്നത് തീരവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ഇതേ അവസ്ഥയാണ് പുഴയോരവാസികള്‍ക്കുമുള്ളത്. കനാലും പുഴയും പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇനിയും പരിഗണിക്കപ്പെട്ടില്ല.
മലവെള്ളപ്പാച്ചില്‍ ശക്തമാകുന്നതോടെ പുഴയിലും കനാലിലും ജലനിരപ്പ് കുത്തനെ ഉയരുന്നത് കടുത്ത ഭീതിയോടെയാണ് തീരവാസികള്‍ കാത്തിരിക്കുന്നത്. ജലനിരപ്പ് രാത്രിയില്‍ ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് തീരത്തുള്ളവര്‍ കിടത്തവും ഉറക്കവും ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്.