Connect with us

Wayanad

കബനിപ്പുഴക്ക് കുറുകെ പാലം നിര്‍മ്മാണം പൂര്‍ത്തിയായി

Published

|

Last Updated

കല്‍പ്പറ്റ: ചേകാടിയില്‍ കബനിപ്പുഴക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം മുതല്‍ പാലത്തിലൂടെ വാഹനങ്ങളും യാത്രക്കാരും അക്കരെയിക്കരെ കടന്നുപോയിത്തുടങ്ങി. പാലം പണി പൂര്‍ത്തിയായതോടെ വെറും 100 കിലോമീറ്ററില്‍ താഴെ ദൂരംകൊണ്ട് ഇനി പുല്‍പ്പള്ളിയില്‍നിന്നും മൈസൂരിലെത്താം. ചേകാടിയില്‍നിന്നും പാലം കടന്നെത്തുന്നത് കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലിയിലാണ്.
ബാവലിയില്‍നിന്നും മാനന്തവാടി -മൈസൂര്‍ സംസ്ഥാനപാതയിലൂടെ മൈസൂറിലേക്ക് ദൂരം 90 കിലോമീറ്ററില്‍ താഴെയാണ്. അതുകൊണ്ടുതന്നെ കേണിച്ചിറ, നടവയല്‍, ദാസനക്കര, പാക്കം, വേലിയമ്പം, മരകാവ്, പുല്‍പ്പള്ളി, ചെറ്റപ്പാലം, കാപ്പിസെറ്റ്, ഇരുളം, ചീയമ്പം, മുള്ളന്‍കൊല്ലി, മണല്‍വയല്‍, പാടിച്ചിറ, കബനിഗിരി, സീതാമൗണ്ട്, പട്ടാണിക്കൂപ്പ്, പെരിക്കല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നും വളരെയെളുപ്പത്തില്‍ കര്‍ണാടകത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് എത്തിച്ചേരാം.
മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ നിന്നും മാനന്തവാടി, കുടക്, കാര്‍ട്ടിക്കുളം, ബാവലി തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും.
ചേകാടിപാലം യാഥാര്‍ഥ്യമാകുന്നതോടെ വിനോദസഞ്ചാരവികസനരംഗത്ത് കുടിയേറ്റ മേഖലക്കും വയനാടിനും ഏറെ പ്രയോജനകരമാണ്. തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തര്‍ക്ക് പുല്‍പ്പള്ളി സീതാലവകുശ ക്ഷേത്രത്തിലേക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. നാഗര്‍ഹോള ദേശീയ ഉദ്യാനം സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വയനാട് വന്യജീവിസങ്കേതവും അവിടെനിന്നും ബന്ദിപ്പൂര്‍ നാഷണല്‍ ടൈഗര്‍ പ്രോജക്ടും സന്ദര്‍ശിക്കാന്‍ കഴിയും. അതിനുപുറമെ പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ അടങ്ങുന്ന കുടിയേറ്റ മേഖലക്ക് കോഴിക്കോടിന് പുറമെ, മൈസൂര്‍ എന്ന വിപണിയും തുറന്നുകിട്ടും. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പനക്കും ചരക്ക് നീക്കത്തിനും ചേകാടിപാലം ഏറെ സഹായിക്കും.
രാത്രിയാത്രാ നിരോധനം നിലവില്‍വന്നപ്പോള്‍ അതിന് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച ബദല്‍ എലിവേറ്റഡ് ഹൈവേയും കടന്നുപോകുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ളത് ചേകാടി വഴിയാണ്. കല്‍പ്പറ്റ-പനമരം-കൊയിലേരി-പാക്കം-ചേകാടി-ബാവലി-വഴിയാണ് ഹൈവേയുടെ റൂട്ട് നല്‍കിയിരിക്കുന്നതും. പാലം യാഥാര്‍ത്ഥ്യമാകുന്നത് എലിവേറ്റഡ് ഹൈവേയുടെ സാധ്യത വര്‍ധിപ്പിക്കും. എട്ട് കോടി രൂപ ചെലവിലാണിപ്പോള്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്. ഇരുവശങ്ങളിലുമായി ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള അപ്രോച്ച് റോഡിന്റെ പണി നടക്കുകയാണ്. റോഡിന്റെ ഇരുവശവും കരിങ്കല്‍ഭിത്തികെട്ടി മണ്ണ് നിറച്ചു. ഇനി അതിനുമുകളില്‍ സോളിംഗും ടാറിംഗും നടത്താന്‍ ബാക്കിയുണ്ട്. അപ്രോച്ച് റോഡിന്റെയും പണി പൂര്‍ത്തിയാക്കി മഴക്കാലം മാറുന്നതോടെ പാലം ഉദ്ഘാടനം നടക്കും.

---- facebook comment plugin here -----

Latest