Connect with us

Gulf

നിയമ ലംഘനം: അഞ്ച് ആരോഗ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

Published

|

Last Updated

അബുദാബി: ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയ അഞ്ചു സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതായി ഹാദ് (ഹെല്‍ത് അതോറിറ്റി അബുദാബി) വ്യക്തമാക്കി. ഹാദിന്റെ ഗുണ നിലവാര ഓഡിറ്റിംഗിലാണ് നിയമം അനുശാസിക്കുന്ന ഗുണനിലവാരം ഉറപ്പാക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്തിയതും നടപടി സ്വീകരിച്ചതും.
മുറികള്‍ അണുവിമുക്തമാക്കി സൂക്ഷിക്കാന്‍ ഹാദ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിലെ വീഴ്ച, അണുവിമുക്തമാക്കിയതും അല്ലാത്തതുമായ ഉപകരണങ്ങള്‍ ഇടകലര്‍ത്തി സൂക്ഷിക്കല്‍, അത്യാഹിത മരുന്നുകളുടെ അപര്യാപ്തത, മരുന്നുള്‍പെടെയുള്ളവ മതിയായ രീതിയില്‍ സൂക്ഷിക്കാതിരിക്കല്‍ എന്നിവയാണ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കാരണമെന്ന് ഹാദിന്റെ ഹെല്‍ത് റെഗുലേഷന്‍ വിഭാഗം ഡയറക്ടര്‍ ഡോ. ഖാലിദ് അല്‍ ജാബിരി വ്യക്തമാക്കി.
ആരോഗ്യരംഗത്തെ നാലു പ്രൊഫഷണലുകള്‍ക്കെതിരെ നിയമലംഘനത്തിന് നടപടിയെടുത്തിട്ടുണ്ട്. ഹാദില്‍ നിന്ന് ഫൈനല്‍ ലൈസന്‍സ് കരസ്ഥമാക്കുന്നതിന് മുമ്പ് പ്രാക്ടീസ് ആരംഭിച്ചതുമായി ബന്ധപ്പെട്ടാണ് നടപടിയെടുത്തത്.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു നല്‍കിയതുമായി ബന്ധപ്പെട്ട് 33 ഫാര്‍മസിസ്റ്റുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. 2015ന്റെ ആദ്യ ആറുമാസത്തിനിടയില്‍ 1,331 ഓഡിറ്റ് സന്ദര്‍ശനങ്ങളാണ് നിയമലംഘനങ്ങള്‍ കണ്ടെത്താനായി ഹാദ് നടത്തിയതെന്നും അല്‍ ജാബിരി വെളിപ്പെടുത്തി.

---- facebook comment plugin here -----

Latest