Connect with us

Gulf

വിവേചന നിയമം: ദുബൈ പോലീസ് ആദ്യ കേസ് രേഖപ്പെടുത്തി

Published

|

Last Updated

ലഫ്. ജനറല്‍  ദാഹി ഖല്‍ഫാന്‍ തമീം

ലഫ്. ജനറല്‍
ദാഹി ഖല്‍ഫാന്‍ തമീം

ദുബൈ: മതങ്ങളെയോ മത വിശ്വാസികളെയോ രാജ്യങ്ങളെയോ അപഹസിക്കുന്നവര്‍ക്കെതിരെ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച വിവേചന നിയമ പ്രകാരം ആദ്യ കേസ് ദുബൈ പോലീസ് രേഖപ്പെടുത്തി.
ദുബൈ പോലീസ് പൊതു സുരക്ഷാ വൈ. ചെയര്‍മാന്‍ ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമാണ് ഇക്കാര്യമറിയിച്ചത്. മുഹമ്മദ് അല്‍ ഹദീഫ് എന്ന സഊദി ബ്ലോഗര്‍ക്കെതിരെയാണ് പോലീസ് കേസ് ചുമത്തിയിരിക്കുന്നത്. യു എ ഇക്കെതിരെ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയകളിലൂടെ പരിഹാസം ചൊരിയുകയും രാജ്യത്തെ പരിഹസിക്കുകയും ചെയ്തതിന്റെ പേരിലാണ് ഇയാള്‍ക്കെതിരെ പുതിയ നിയമ പ്രകാരം കേസ് ചുമത്തിയതെന്ന് ദാഹി ഖല്‍ഫാന്‍ വ്യക്തമാക്കി.
പുതിയ നിയമം പ്രാബല്യത്തില്‍ വന്ന് ഒരാഴ്ചക്കകമാണ് ആദ്യകേസ് രേഖപ്പെടുത്തിയതെന്നതിനാല്‍ മീഡിയകള്‍ സംഭവത്തിന് വന്‍ പ്രാധാന്യമാണ് നല്‍കിയത്. നടപടികള്‍ പൂര്‍ത്തിയാക്കി ഇയാള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ നിയമ നടപടികളാരംഭിക്കുമെന്നും ദാഹി ഖല്‍ഫാന്‍ തമീം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഈ മാസം 20നാണ് അറബ് ലോകത്തും പാശ്ചാത്യ ലോകത്തും ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ച വിവേചന നിയമം യു എ ഇ പ്രസിഡന്റ് പ്രഖ്യാപിച്ചത്. നിയമ പ്രകാരം ഏതെങ്കിലും മതത്തേയോ മത വിശ്വാസങ്ങളെയോ വേദ ഗ്രന്ഥങ്ങളേയോ പ്രവാചകന്മാരെയോ മറ്റു മഹത്തുക്കളെയോ രാജ്യത്തെയോ അപഹസിക്കുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്താല്‍ 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കും. ഇതിനു പുറമെ വന്‍ തുക പിഴയും ഈടാക്കും.

Latest