Connect with us

Gulf

വസ്തുക്കള്‍ നഷ്ടമായതുമായി ബന്ധപ്പെട്ട് ആര്‍ ടി എക്ക് ലഭിച്ചത് 26,000 കോളുകള്‍

Published

|

Last Updated

ദുബൈ: 2015ന്റെ ആദ്യ ആറു മസങ്ങളില്‍ വസ്തുക്കള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ആര്‍ ടി എയുടെ കോള്‍ സെന്റര്‍ 26,000 ടെലിഫോണ്‍ കോളുകള്‍ സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ആര്‍ ടി എക്ക് കീഴിലുള്ള പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉള്‍പെടെയുള്ളവയില്‍ വസ്തുക്കള്‍ മറന്നുവെച്ചതുമായി ബന്ധപ്പെട്ടായിരുന്നു കോളുകള്‍. മൊത്തത്തില്‍ 13.5 ലക്ഷം ഫോണ്‍ കോളുകളാണ് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ 800 9090ല്‍ സ്വീകരിച്ചത്. ഇതില്‍ 26,370 കോളുകള്‍ വസ്തുക്കള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടാണെന്ന് ആര്‍ ടി എ കോര്‍പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട്ട് സര്‍വീസ് സെക്ടര്‍ സി ഇ ഒ യൂസുഫ് അല്‍ റിദ വ്യക്തമാക്കി. ഓരോ 19 സെക്കന്റിലും ശരാശരി ഒരു കോള്‍ വീതമാണ് കോള്‍ സെന്റര്‍ ജീവനക്കാര്‍ അറ്റന്റ് ചെയ്തത്. കോള്‍ സെന്ററുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മികച്ച പ്രകടനമാണ് ഇത്രയും കോളുകള്‍ ആറു മാസത്തിനകം കൈകാര്യം ചെയ്യാന്‍ ഇടയാക്കിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 12.9 ലക്ഷം കോളുകളായിരുന്നു സെന്റര്‍ സ്വീകരിച്ചത്. ഉപഭോക്താക്കളുടെ ആവശ്യങ്ങളോടും അന്വേഷണങ്ങളോടും വളരെ വേഗത്തിലും തൃപ്തികരവുമായാണ് ജീവനക്കാര്‍ ഇടപെട്ടത്.
2015ന്റെ ആദ്യ ആറു മാസങ്ങള്‍ക്കിടയില്‍ ഇ-മെയിലിലൂടെ 37,789 അന്വേഷണങ്ങള്‍ക്ക് ആര്‍ ടി എ മറുപടി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് ഇത് 20,434 മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 84 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഐ വി ആര്‍(ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റം) സംവിധാനത്തിലൂടെ 1,23,403 സെല്‍ഫ് സര്‍വീസ് ട്രാന്‍സാക്ഷന്‍സ് പ്രോസസ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. 2014ല്‍ ഇത് 43,230 മാത്രമായിരുന്നു. ഡ്രൈവര്‍ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, പിഴ അടക്കല്‍ തുടങ്ങിയവ ഉള്‍പെടെ 10,569 ലൈസന്‍സുമായി ബന്ധപ്പെട്ട ഇടപാടുകളും ആര്‍ ടി എയുടെ കോള്‍ സെന്റര്‍ വഴി നടന്നിട്ടുണ്ട്. 2014ല്‍ ഇത് 8,610 മാത്രമായിരുന്നു. ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെ 2,706 ഇടപാടുകളും ആര്‍ ടി എയുടെ മദീനത്തി(എന്റെ നഗരം) സ്മാര്‍ട് ആപ്പിലൂടെ 10,663 റിപ്പോര്‍ട്ടും നല്‍കാന്‍ ആര്‍ ടി എക്ക് സാധിച്ചു. ഈ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് റോഡുകളുടെ ശോച്യാവസ്ഥ, ഗതാഗത ചിഹ്നങ്ങള്‍, നടപ്പാതകള്‍, ഗതാഗതക്കുരുക്ക് തുടങ്ങിയവയെക്കുറിച്ച് ആര്‍ ടി എയില്‍ വിവരം നല്‍കാനാവും. ജനങ്ങളുടെ സന്തോഷത്തിനാണ് ആര്‍ ടി എ പ്രഥമ പരിഗണന നല്‍കുന്നത്. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആര്‍ ടി എ മുഖ്യ മാനദണ്ഡമായി സ്വീകരിക്കുന്നതും ജനങ്ങളുടെ സന്തോഷമാണെന്നും ആര്‍ ടി എ അധികൃതര്‍ പറഞ്ഞു.