Connect with us

Gulf

2.5 ലക്ഷം ദിര്‍ഹം പിഴയും 81 പോയിന്റും അടക്കാതെ മുങ്ങിയ സ്വദേശി പിടിയില്‍

Published

|

Last Updated

ദുബൈ: രണ്ടു കാറുകളിലായി നിരന്തരം നിയമലംഘനങ്ങള്‍ നടത്തി വന്‍തുക പിഴ വരുത്തി അടക്കാതെ മുങ്ങിയ സ്വദേശിയെ ട്രാഫിക് വിഭാഗം പിടികൂടി.
തന്റെയും തന്റെ സഹോദരിയുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത നിസാന്‍ പട്രോള്‍ ഇനത്തില്‍പെട്ട രണ്ടു കാറുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ തുടരെത്തുടരെ നിയമലംഘനങ്ങള്‍ നടത്തിയതെന്ന് ദുബൈ പോലീസിലെ ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഈ വ്യക്തമാക്കി. രണ്ടു കാറുകളിലുമായി ഇയാള്‍ വരുത്തിവെച്ചത് 331 നിയമ ലംഘനങ്ങള്‍. ഇതിന് ഇയാള്‍ക്ക് ചുമത്തപ്പെട്ട പിഴ 2,15,260 ദിര്‍ഹം.
രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ വെച്ച് നിയമം ലംഘിച്ചിട്ടുണ്ടെങ്കിലും ദുബൈയിലെ ക്യാമറകളിലാണ് ഇയാള്‍ കൂടുതല്‍ പിടിക്കപ്പെട്ടത്. സ്വന്തം പേരിലുള്ള നിസാന്‍ പട്രോള്‍ കാറിന് മാത്രം 222 നിയമലംഘനങ്ങളുണ്ട്. 134,930 ദിര്‍ഹമാണ് ഇതില്‍ ഇയാള്‍ അടക്കേണ്ടത്. ഇതില്‍ 157 എണ്ണവും ദുബൈയിലാണ്. അമിതവേഗത, അനുമതിയില്ലാത്തിടത്തും നിര്‍ത്തിയിടല്‍, പാര്‍കിംഗ് ഫീസ് അടക്കാതെ നിര്‍ത്തിയിടല്‍, സാലിക് കാര്‍ഡില്ലാതെ ടോള്‍ ഗേറ്റ് വഴി കടന്നുപോകല്‍ തുടങ്ങിയവയാണ് ഇയാള്‍ ചെയ്ത ലംഘനങ്ങളെന്ന് അല്‍ മസ്‌റൂഈ വ്യക്തമാക്കി.
സഹോദരിയുടെ പേരിലുള്ള കാറുപയോഗിച്ച് 109 ലംഘനങ്ങളാണ് ചെയ്തത്. ഈ വകയില്‍ ഇയാള്‍ അടക്കാനുള്ളത് 80,330 ദിര്‍ഹം. ഒന്നിനു മീതെ മറ്റൊന്നായി പിഴകള്‍ കുന്നുകൂടിയപ്പോള്‍ നിരവധി തവണ ട്രാഫിക് അധികൃതര്‍ ഇയാളുമായി ബന്ധപ്പെട്ടുവെങ്കിലും പിഴകളടക്കുന്നതില്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് മുങ്ങുകയായിരുന്നെന്ന് അല്‍ മസ്‌റൂഇ പറഞ്ഞു. അവസാനം ഇയാളുടെ താമസ സ്ഥലമായ ദൈദില്‍ നിന്ന് ഷാര്‍ജ പോലീസിന്റെ സഹകരണത്തോടെ രണ്ടു കാറുകളും പോലീസ് പിടികൂടുകയായിരുന്നു. നിരവധി ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളിലൂടെ വന്‍തുക പിഴ വരുത്തിയതിനു പുറമെ ഇയാള്‍ക്ക് 81 ബ്ലാക്ക് പോയിന്റുകളും ചുമത്തപ്പെട്ടിട്ടുണ്ട്. 24 ബ്ലാക് പോയിന്റ് പൂര്‍ത്തിയാക്കിയവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചുവെക്കുമെന്നാണ് നിയമം.

Latest