Connect with us

Editorial

ഒരേയൊരു കലാം

Published

|

Last Updated

രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ജീവിതം മുഴുക്കെ സമര്‍പ്പിച്ച ഒരു വ്യക്തിത്വമാണ് ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. മുന്‍ രാഷ്ട്രതി എന്നതിലുപരി, ധിഷണാ ശാലിയായ ഗവേഷകന്‍, രാജ്യത്തിന് ബഹിരാകാശ മേഖലയില്‍ ശ്രേദ്ധയമായ സ്ഥാനം നേടിക്കൊടുത്ത ശാസ്ത്ര നിപുണന്‍, വിദ്യാര്‍ഥി ലോകത്തിന്റെ മികച്ച ഭാവി ആഗ്രഹിക്കുകയും ഈ ലക്ഷ്യത്തില്‍ അവരെ നയിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഗുരുവര്യന്‍, ഉന്നതിയുടെ പടവുകള്‍ ഒന്നൊന്നായി കീഴടക്കിയപ്പോഴും ജീവിതത്തില്‍ ലാളിത്യം കൈവിടാത്ത മാതൃകാ പുരുഷന്‍, കുടുംബ, സാമൂഹിക ബന്ധങ്ങളുടെ മഹത്വവും പവിത്രതയും മനസ്സിലാക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്ത സാമൂഹിക നേതാവ് തുടങ്ങിയ വിശേഷണങ്ങള്‍ നന്നായി ചേരുന്ന, മറ്റു നേതാക്കളില്‍ നിന്ന് വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഏറ്റവും ജനകീയനായ രാഷ്ട്രപതിയായി അദ്ദേഹം മാറിയതും മറ്റൊന്നു കൊണ്ടുമല്ല. കലാം ജനങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രപതിയായിരുന്നുവെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ അനുശോചന സന്ദേശം കേവല ഭംഗിവാക്കല്ല; തികച്ചും യാഥാര്‍ഥ്യമാണ്.
രാമേശ്വരത്തെ ഒരുകൊച്ചു കുടിലില്‍ ദരിദ്ര മുസ്‌ലിം കുടുംബത്തില്‍ ജനിച്ച അബ്ദുല്‍ കലാമിനെ രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തേക്കും ലോകത്തിന്റെ നെറുകയിലേക്കും ഉയര്‍ത്തിയത് മനോദാര്‍ഢ്യവും സ്ഥിരോത്സാഹവുമായിരുന്നു. വിശ്രമം അദ്ദേഹത്തിന് അന്യമായിരുന്നു. രാഷ്ട്രപതി സ്ഥാനത്ത് നിന്ന് വിരമിച്ചാല്‍ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന മറ്റു നേതാക്കളുടെ പതിവ് രീതിയില്‍ നിന്ന് വിഭിന്നമായി ശിഷ്ട ജീവിതവും അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേകിച്ചും പുതുതലമുറക്ക് വേണ്ടി മാറ്റിവെച്ചു. ശരീരത്തെ പ്രായത്തിന്റെ ലക്ഷണങ്ങള്‍ ഒന്നൊന്നായി കീഴടക്കിക്കൊണ്ടിരുന്നപ്പോഴും അദ്ദേഹത്തെ ജരാനരകള്‍ ബാധിച്ചില്ല. രാഷ്ട്രപതി ഭവനുമായി വിടചൊല്ലിയതിന് ശേഷവും രാജ്യത്തെ കലാലയങ്ങള്‍ കയറിയിറങ്ങി രാഷ്ട്ര നിര്‍മാണ, വികസന പ്രക്രിയകളില്‍ പങ്കാളിത്തം വഹിക്കാന്‍ വിദ്യാര്‍ഥി ലോകത്തെ സജ്ജരാക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക ജീവിതത്തിനിടയിലെ തിരക്കിനിടയിലും വിദ്യാര്‍ഥികളെ കാണാനും അവരുമായി ഇടപഴകാനും അദ്ദേഹം സമയം കണ്ടെത്തി. നാല് വര്‍ഷം മുമ്പ് കേരള സന്ദര്‍ശന വേളയില്‍ കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി കുട്ടികളുമായി അദ്ദേഹം സംസാരിക്കുകയും നാടിന് വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ ഉപദേശിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ മാത്രമല്ല, പുറത്തേക്കും അദ്ദേഹത്തിന്റെ സേവനം വ്യാപിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിദ്യാര്‍ഥികളുമായി അദ്ദേഹം സന്ധിക്കുകയും സംവദിക്കുകയും ചെയ്തിട്ടുണ്ട്. ഡോ. അബ്ദുല്‍ കലാമിന്റെ ജന്മദിനം വിദ്യാര്‍ഥിദിനമായി ആചരിക്കാന്‍ യു എന്‍ ആഹ്വാനം ചെയ്തത് ആഗോളതലത്തില്‍ അദ്ദേഹം നേടിയ ആദരവിന് തെളിവാണ്. ഇത്തരമൊരു അംഗീകാരം സാര്‍വദേശീയ തലത്തില്‍ മറ്റൊരു ഇന്ത്യന്‍ നേതാവിനും ലഭിച്ചിട്ടില്ല.
അധികാര സോപാനങ്ങളിലെത്തുമ്പോള്‍ പലരും അത്യാഡംബര ജീവിതത്തിലേക്ക് വഴിമാറുന്നതും ധൂര്‍ത്തന്മാരായി അധഃപതിക്കുന്നതും പതിവ് കാഴ്ചയാണ്. ചില രാഷ്ട്രപതിമാര്‍ ആഡംബര ജീവിതത്തിനും വിദേശയാത്രകള്‍ക്കുമായി പൊതുഖജനാവില്‍ നിന്ന് ധൂര്‍ത്തടിച്ച കോടികളുടെ കണക്കുകള്‍ കേട്ട് സാധാരണക്കാരന്റെ ഹൃദയം പിടയാറുണ്ട്. എന്നാല്‍ രാജ്യത്തിന്റെ പരമോന്നത പദിവിയിലെത്തിയിട്ടും വന്നവഴി മറക്കുകയോ ലളിത ജീവിതശൈലി കൈവെടിയുകയോ ചെയ്തില്ല ഡോ. അബ്ദുല്‍ കലാം. ഒരു സാധാരണ കട്ടിലും മുണ്ടും അത്യാവശ്യം ചില വസ്തുക്കളുമൊഴിച്ചാല്‍ രാഷ്ട്രപതി ഭവനിലെ അദ്ദേഹത്തിന്റെ മുറിയില്‍ ആഡംബരത്തിന്റെ ലാഞ്ചന പോലുമുണ്ടായിരുന്നില്ലെന്ന് ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ അനുശോചന സന്ദേശത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പല ചടങ്ങുകളിലും തനിക്ക് മാത്രമായി സജ്ജീകരിച്ച സിംഹാസന കസേരകള്‍ ഉപേക്ഷിച്ചു സാധാരണ കസേരകളിലായിരുന്നു അദ്ദേഹം ഇരിക്കാറുണ്ടായിരുന്നത്.
വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, വിവര സാങ്കേതിക വിദ്യ, അടിസ്ഥാന വികസനം എന്നീ രംഗങ്ങളില്‍ മികച്ച മുന്നേറ്റം കൈവരിച്ച, മത- ജാതി സ്പര്‍ധയും കലാപവും ദാരിദ്ര്യവുമില്ലാത്ത ഇന്ത്യയാണ് ഡോ. കലാം സ്വപ്‌നം കണ്ടത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാനായി വിശ്രമമന്യേ യത്‌നിക്കാന്‍ പൊതുസമൂഹത്തോടും വിദ്യാഭ്യാസവും ആത്മവിശ്വാസവും ചിറകുകളാക്കി ഇതിന് സഹായകമായ ഒരു ഭാവി കരുപ്പിടിപ്പിക്കാന്‍ വിദ്യാര്‍ഥി സമൂഹത്തോടും അദ്ദേഹം നിരന്തരം ഉപദേശിച്ചു. ഈ ഉപദേശങ്ങളാകട്ടെ മുന്നോട്ടുള്ള ജീവിതത്തില്‍ ഓരോ ഇന്ത്യന്‍ പൗരനെയും നയിക്കുന്നത്.