Connect with us

Ongoing News

വിലക്ക് നീക്കാന്‍ കത്ത് നല്‍കും; നിയമനടപടിക്കില്ല: ശ്രീശാന്ത്

Published

|

Last Updated

കൊച്ചി: തിഹാര്‍ ജയിലില്‍ കഴിഞ്ഞ 27 ദിവസവും പിന്നീടുള്ള രണ്ട് മാസവും ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത അനുഭവങ്ങളാണ് തനിക്ക് നല്‍കിയതെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. തിഹാര്‍ ജയിലില്‍ കഴിഞ്ഞ നാളുകള്‍ മറക്കാന്‍ ആഗ്രഹിക്കുകയാണെന്നും ഐ പി എല്‍ ഒത്തുകളികേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒത്തുകളി കേസില്‍ എന്തുകൊണ്ട് ഞാന്‍ എന്ന ചോദ്യം എന്നെ അലട്ടിയിരുന്നു. ജീവിതം അവസാനിപ്പിക്കാന്‍ വരെ ആലോചിച്ചു. കുടുംബത്തിന്റെ പിന്തുണയുള്ളത് കൊണ്ടാണ് മനസ് ശാന്തമായത്. കൊലപാതകികളുടെയും ബലാത്സംഗക്കാരുടെയും കൂടെ ജയിലിലെ ഡോര്‍മെറ്ററിയിലായിരുന്നു ആദ്യം തന്നെ പാര്‍പ്പിച്ചിരുന്നത്. രാജ്യത്തിന് വേണ്ടി രണ്ട് ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നുവെന്ന പരിഗണന പോലും ഉണ്ടായില്ല- വിതുമ്പിക്കൊണ്ട് ശ്രീശാന്ത് തുടര്‍ന്നു. ജയില്‍ അധികൃതരോട് പരിഭവമില്ല. അവര്‍ അവരുടെ ജോലിയാണ് ചെയ്തത്. എന്റെ ഏറ്റവും വലിയ ശത്രുവിന് പോലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവരുതെന്നാണ് പ്രാര്‍ഥന. ജയിലില്‍ കഴിയുന്ന സമയത്ത് സഹോദരി ഭര്‍ത്തായ മധുബാലകൃഷ്ണനാണ് കാര്യങ്ങളെല്ലാം നോക്കി നടത്തിയത്. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഭാര്യയുടെയും അവരുടെ കുടുംബത്തിന്റെയും പിന്തുണയും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കിയൊന്നും ശ്രീശാന്ത് പറഞ്ഞു.
വിലക്ക് നീക്കാനായി ഇന്നോ നാളെയോ ബി സി സി ഐ പ്രസിഡന്റിനെ നേരില്‍ കണ്ട് കത്ത് നല്‍കും. കെ സി എ പ്രസിഡന്റ് ടി സി മാത്യുവും കൂടെ വരാമെന്ന് അറിയിച്ചിട്ടുണ്ട്. ബി സി സി ഐയുടെ അടുത്ത യോഗത്തില്‍ തന്നെ അനൂകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്ക് നീക്കി എത്രയും പെട്ടെന്ന് ക്രിക്കറ്റ് കരിയറിലേക്ക് തിരിച്ചു വരാനാകുമെന്നു പ്രതീക്ഷയുണ്ട്. ബി സി സി ഐ വിലക്ക് നീക്കിയില്ലെങ്കില്‍ ഇനിയും കാത്തിരിക്കും. തീരുമാനം പ്രതികൂലമായാല്‍ പോലും കോടതിയെ സമീപിക്കില്ല. ക്രിക്കറ്റില്ലെങ്കില്‍ ജീവിതം അവസാനിക്കില്ല, ജീവിക്കാന്‍ മറ്റു വഴികളുണ്ട്. ഒന്നു രണ്ട് നിര്‍മാതാക്കള്‍ തന്നോട് സംസാരിച്ചിട്ടുണ്ട്. ആരോടും എനിക്കിപ്പോള്‍ പരാതിയോ വൈരാഗ്യമോ ഇല്ല. വിവാദങ്ങള്‍ ഉണ്ടാക്കാനും ആഗ്രഹിക്കുന്നില്ല. കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടായതായി വിശ്വസിക്കുന്നില്ല.
തന്നെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഞാന്‍ കുറ്റം സമ്മതിച്ചു എന്ന തരത്തിലുള്ള വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ വരെയുണ്ടായി. അലന്‍ ഡൊണാള്‍ഡിന്റെ ശൈലി അനുകരിച്ചായിരുന്നു കളിക്കുമ്പോള്‍ ടവലടക്കം ഞാന്‍ ഉപയോഗിച്ചിരുന്നത്. അതിന് മറ്റു ലക്ഷ്യങ്ങളുണ്ടായിരുന്നില്ല, ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും കരുതിയില്ല. മലയാളി ആയത് കൊണ്ടായിരിക്കണം എന്റെ ശൈലി ഇത്രയും വിമര്‍ശിക്കപ്പെട്ടത്. ജിജു ജനാര്‍ദനനുമായുള്ള കൂട്ടുകെട്ട് നിര്‍ഭാഗ്യകരമായെന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹമെന്നെ ചതിക്കുമെന്നും കരുതുന്നില്ല. ജിജുവിനെ ഇപ്പോഴും വിശ്വാസമുണ്ട്-ശ്രീശാന്ത് പറഞ്ഞു. ജി സി ഡി എ അനുമതി നല്‍കിയെങ്കിലും കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. പ്രവേശനത്തിന് അനുമതി നല്‍കിയതില്‍ ജി സി ഡി എ ചെയര്‍മാനോട് നന്ദിയുണ്ട്. പക്ഷേ, പരിശീലനം നടത്തി വിവാദമുണ്ടാക്കാന്‍ തനിക്ക് താത്പര്യമില്ല. സ്റ്റേഡിയങ്ങളെ അമ്പലം പോലെയാണ് നോക്കികാണുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ശ്രീശാന്തിന്റെ അച്ഛന്‍ ശാന്തകുമാരന്‍ നായറും മീറ്റ ദ പ്രസില്‍ പങ്കെടുത്തു.