Connect with us

Ongoing News

കലാമിന് കായിക ലോകത്തിന്റെ വിട...

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ കായിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. ഇതിഹാസ താരങ്ങളായ മില്‍ഖ സിംഗ്, ബല്‍ബീര്‍ സിംഗ്, ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, എസ് ശ്രീശാന്ത്, ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങിയവര്‍ കലാമിന്റെ വിയോഗത്തില്‍ അനുശോചിച്ചു. ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തില്‍ ഇടം നേടിയ വ്യക്തിയായിരുന്നു കലാമെന്ന് മില്‍ഖാ സിംഗ് പറഞ്ഞു.
ഏവര്‍ക്കും പ്രചോദമേകുന്ന വ്യക്തിത്വത്തിനുടമയും പ്രശസ്തനായ ശാസ്ത്രഞ്ജനും ഒപ്പം നല്ലൊരു മനുഷ്യസ്‌നേഹിയുമായിരുന്നു കലാമെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖിക്കുന്നുവെന്നും ക്രിക്കറ്റ് ഇതിഹാസം കൂട്ടിച്ചേര്‍ത്തു. നിരവധിയാളുകളുടെ റോള്‍ മോഡലായിരുന്ന കലാം ദീര്‍ഘവീക്ഷണമുള്ള വ്യക്തിത്വത്തിനുടമയായിരുന്നെന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി അനുസ്മരിച്ചു. ദുഃഖം നിറഞ്ഞ ദിനമെന്നായിരുന്നു ടെന്നിസ് താരം സാനിയ മിര്‍സയുടെ ട്വീറ്റ്. ഹൃദയം കീഴടക്കിയ വ്യക്തിത്വത്തിനുടമയായ കലാമിന്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട അനുസ്മരിച്ചു.
യഥാര്‍ഥ രത്‌നമായിരുന്നു കലാമെന്നും ഇന്ത്യക്കിത് ദുഃഖദിനമെന്നായിരുന്നു ശ്രീശാന്തിന്റെ അനുസ്മരണ വാക്കുകള്‍. ഒരു നേതാവ് മാത്രമല്ല, മഹാനായ പ്രസിഡന്റും മഹാനായ ഇന്ത്യക്കാരനുമായിരുന്നു കലാമെന്ന് പ്രശസ്ത കമന്റേറ്റര്‍ ഹെഷല്‍ ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചു. ക്രിക്കറ്റ് താരങ്ങളായ രവിചന്ദ്രന്‍ അശ്വിന്‍, വി വി എസ് ലക്ഷ്മണ്‍, സഞ്ജയ് മഞ്ജരേക്കര്‍, ആകാശ് ചോപ്ര, മുരളി കാര്‍ത്തിക്, ടെന്നിസ് താരം രോഹന്‍ ബൊപ്പണ്ണ, ബി സി സി ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിഷന്‍ സിംഗ് ബേദി തുടങ്ങിയവരും കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.