Connect with us

Kerala

നിലവിളക്ക് വിവാദം പുകയുന്നു: ഖാഇദേ മില്ലത്തും ശിഹാബ് തങ്ങളും നിലവിളക്ക് കൊളുത്തിയിരുന്നില്ലെന്ന് ഇ ടി

Published

|

Last Updated

മലപ്പുറം: പൊതുപരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബശീര്‍ എം പി. നിലവിളക്ക് കൊളുത്തല്‍ വിവാദത്തില്‍ മുസ്‌ലിംലീഗില്‍ പരസ്യപ്രസ്താവനകള്‍ വിലക്കിയിരിക്കെയാണ് ഫേസ്ബുക്കിലൂടെ ഇ ടി തന്റെ നിലപാട് ശക്തമായി തുറന്നു പറഞ്ഞിരിക്കുന്നത്.
“നിലവിളക്ക്, ലീഗ് വിമര്‍ശകന്മാര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത്” എന്ന തലക്കെട്ടിലാണ് ഇ ടി ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. വിളക്ക് കത്തിക്കല്‍ വിവാദവുമായി ചിലര്‍ മുസ്‌ലിം ലീഗിനെ വീണ്ടും വേട്ടയാടുകയാണ്. മത തത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍, വെളിച്ചത്തെ ഭയക്കുന്നവര്‍, മതേതര രാജ്യത്ത് ജീവിക്കാന്‍ അര്‍ഹതയില്ലാത്തവര്‍ എന്നിങ്ങനെ തുടങ്ങി പല ആരോപണങ്ങളും ഇഷ്ടം പോലെ ഇത്തരം ആളുകള്‍ വാരിവിതറുന്നുണ്ട്. അബ്ദുര്‍റബ്ബ് മാത്രമല്ല, സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാറുള്ള ഞാനും നിലവിളക്ക് കൊളുത്താറില്ല. മുസ്‌ലിം ലീഗ് സ്ഥാപക പ്രസിഡന്റ് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ മുതല്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ വരെ ഒരാളും നിലവിളക്ക് കൊളുത്തുകയോ അനുവാദം കൊടുക്കുകയോ ചെയ്തിട്ടില്ല. മതകാര്യങ്ങളിലും രാഷ്ട്രീയത്തിലും നല്ല പാണ്ഡിത്യമുള്ളവരും മതേത രരാജ്യത്ത് ഏവരാലും ബഹുമാനിക്കപ്പെട്ടവരുമാണിവര്‍. ഇവരുടെ കാലഘട്ടത്തില്‍ എടുത്തതും തുടര്‍ന്നുപോരുന്നതുമായ നിലപാട് ഇപ്പോള്‍ ചിലരുണ്ടാക്കുന്ന അജന്‍ഡയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മാറ്റേണ്ട യാതൊരു ആവശ്യവുമില്ല. മതേതരത്വമെന്നാല്‍ അഭിനയിച്ച് കാണിക്കേണ്ടതോ നെറ്റിയില്‍ ഒട്ടിച്ചുനടന്ന് ബോധ്യപ്പെടുത്തേണ്ടതോ അല്ല. കുറേ ആളുകള്‍ വളഞ്ഞുവെച്ച് പഴിചാരിയാല്‍ അവരുടെ കാല്‍ക്കല്‍ കുമ്പിട്ട് നമസ്‌കരിക്കേണ്ട ബാധ്യതയും ഞങ്ങള്‍ക്കില്ല. ഒറ്റക്ക് ഒറ്റക്ക് ചോദിച്ച് കിട്ടുന്ന വാചകങ്ങളെ മാധ്യമങ്ങള്‍ വെട്ടിമുറിച്ച് തങ്ങളുടെ ഇഷ്ടംപോലെ വാചകമുണ്ടാക്കുന്നതല്ലാതെ മുസ്‌ലിം ലീഗില്‍ യാതൊരു ഭിന്നതയുമില്ല.
പരമ്പരാഗതമായി തുടരുന്നത് എന്നതിലുപരി മതവിശ്വാസത്തിന് വിഘാതമായ വല്ലതും നിലവിളക്ക് കത്തിക്കുന്നതിലുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. സൂര്യനോ, ദീപത്തിനോ, വെളിച്ചത്തിനോ ദിവ്യത്വവും ഐശ്വര്യവും പുണ്യവുമെല്ലാം കല്‍പ്പിച്ച് ഒരു ക്രിയ ചെയ്യുകയാണെങ്കില്‍ വിശ്വാസിക്ക് അത് ബഹുദൈവാരാധനയായി തീര്‍ന്നേക്കാവുന്ന ബാഹ്യനടപടിയായി മാറിയേക്കാം. ഒരു വിശ്വാസിയെ സംബന്ധിച്ചു വളരെ സൂക്ഷ്മതയും ഭയപ്പാടും കരുതലും കാണിക്കേണ്ട ഒരു കാര്യമാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ അത്തരമൊരു നടപടിയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് ഉത്തമമായിട്ടുള്ളത്. കേരളത്തില്‍ ഇസ്‌ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട ഒരുആത്മീയ സംഘടന പോലും ഇതിനെ അനുകൂലിക്കാത്തതും ഇതുകൊണ്ടാവും. അതല്ലാതെ മുസ്‌ലിം ലീഗിന്റെ കമ്മിറ്റി കൂടി വിളക്ക് കത്തിക്കാനോ കത്തിക്കാതിരിക്കാനോ തീരുമാനമെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് യാതൊരു അര്‍ത്ഥവുമില്ലെന്നും ഇ ടി മുഹമ്മദ് ബശീര്‍ തുറന്നടിച്ചു. ഫേസ് ബുക്കില്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം തന്നെ ഇ ടിയുടെ പോസ്റ്റ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുപിടിച്ച് അദ്ദേഹത്തിന് പിന്തുണ നല്‍കി. വിവാദമുണ്ടായതിന് ശേഷവും കെ എന്‍ എ ഖാദര്‍ എം എല്‍ എ നിലവിളക്കു കൊളുത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു. കെ എം ഷാജി എം എല്‍ എയും മന്ത്രി എം കെ മുനീറും വിളക്ക് കൊളുത്തുന്നതിന് അനുകൂലമായാണ് നിലകൊള്ളുന്നത്.
വ്യക്തിപരമായ കാര്യമാണെന്നാണ് മുനീറിന്റെ നിലപാട്. നിലവിളക്ക് കൊളുത്തില്ലെന്നത് പാര്‍ട്ടി നിലാപാടാണെന്ന് ഞായറാഴ്ച ഇ ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ നിഷേധിച്ചാണ് മുനീര്‍ രംഗത്തെത്തിയത്.
പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും നിലവിളക്ക് കൊളുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്യമാണെന്നും മുനീര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇ ടിയുടെ ഫേസ് ബുക്ക്‌പോസ്റ്റിനോട് പ്രതികരിക്കാന്‍ മുതിര്‍ന്ന മുസ്‌ലിം ലീഗ്‌നേതാക്കള്‍ തയ്യാറായില്ല.

Latest