Connect with us

Kerala

കലാമിനെ അനുസ്മരിച്ച് നിയമസഭ പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: മുന്‍രാഷ്ട്രപതിയും കര്‍മം കൊണ്ട് മലയാളിയുമായ ഡോ. എ പി ജെ അബ്ദുല്‍കലാമിന് നിയമസഭയുടെ ആദരാഞ്ജലി. സ്പീക്കര്‍ എന്‍ ശക്തന്‍ അനുശോചന പ്രമേയം അവതരിപ്പിച്ച ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിവിധ കക്ഷിനേതാക്കളും കലാമിനെ അനുസ്മരിച്ചു. തുടര്‍ന്ന് ഒരു മിനുട്ട് മൗനമാചരിച്ച ശേഷം മറ്റു നടപടിക്രമങ്ങള്‍ ഒഴിവാക്കി സഭ പിരിഞ്ഞു. രാവിലെ കക്ഷിനേതാക്കള്‍ യോഗം ചേര്‍ന്നാണ് ചോദ്യോത്തര വേള ഉള്‍പ്പെടെയുള്ളവ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യന്‍ യുവതത്വത്തിന് ആകാശത്തോളം സ്വപ്‌നം കാണാന്‍ പ്രചോദനമേകിയ മഹാപ്രതിഭയായിരുന്നു കലാമെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ അനുസ്മരിച്ചു. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് സ്വപ്രയത്‌നത്താല്‍ ജോലിയില്‍ പ്രവേശിച്ച കലാം രാഷ്ട്രപതിയായി തിളങ്ങിയതിനൊപ്പം അന്തര്‍ദേശീയ തലത്തില്‍ ആദരവും അംഗീകാരവും നേടിയ ശാസ്ത്രപ്രതിഭയായിരുന്നു. ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അതില്‍ നിന്ന് ഒഴിഞ്ഞപ്പോഴും വിദ്യാര്‍ഥികളും യുവാക്കളുമായി സംവാദം നടത്തി. എല്ലാവരെയും പ്രചോദിപ്പിക്കുന്നതായിരുന്നു കലാമിന്റെ പ്രഭാഷണങ്ങള്‍. മലയാളികള്‍ക്ക് അദ്ദേഹം രാഷ്ട്രപതി മാത്രമായിരുന്നില്ല. രണ്ടുപതിറ്റാണ്ട് തിരുവനന്തപുരത്ത് ജീവിച്ച അദ്ദേഹത്തിന് കേരളവുമായി നല്ല ബന്ധമായിരുന്നു. കേരള നിയമസഭയില്‍ പ്രഭാഷണം നടത്തിയതിന്റെ പത്താം വാര്‍ഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ നിയമസഭ അനുശോചിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
ജന്മംകൊണ്ട് തമിഴ്‌നാട്ടുകാരനെങ്കിലും കേരളം കര്‍മഭൂമിയാക്കിയ പ്രതിഭയായിരുന്നു ഡോ. കലാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള വികസനത്തിന് കലാം നിര്‍ദേശിച്ച പത്തിന പരിപാടി വലിയ സാധ്യതകളാണ് തുറന്ന് നല്‍കിയത്. നീര ഉത്പാദനം ഇതില്‍ ഒന്ന് മാത്രം. യുവതലമുറക്ക് ഏറ്റവുമധികം പ്രാധാന്യം നല്‍കിയ വ്യക്തിത്വമായിരുന്നു. രാഷ്ട്രപതി പദം ഒഴിഞ്ഞ ശേഷമുള്ള അദ്ദേഹത്തിന്റെ നടപടികള്‍ ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പേരുപോലെ തന്നെ അത്യന്തം സവിശേഷതയാര്‍ന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
പ്രോട്ടോകോളിന്റെ കര്‍ശനമായ ചിട്ടവട്ടങ്ങള്‍ക്കപ്പുറം, സാധാരണ ജനങ്ങളുടെ ഹൃദയവും മനസ്സും തൊട്ടറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നും വി എസ് പറഞ്ഞു.
ഡിജിറ്റല്‍ കേരളക്ക് ഊര്‍ജ്ജം നല്‍കിയത് ഡോ. കലാമാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. അക്ഷയ പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ സമീപിച്ചപ്പോള്‍ സര്‍ക്കാറിന്റെ ഏറ്റവും മികച്ച പദ്ധതിയെന്നാണ് പ്രതികരിച്ചത്. ഭാവി ഇന്ത്യയെക്കുറിച്ചാണ് കലാം സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ലോകശാസ്ത്രത്തിന്റെ നെറുകയിലെത്തിച്ച പ്രതിഭയായിരുന്നുവെന്ന് സി ദിവാകരന്‍ പറഞ്ഞു. പട്ടിണി പാവങ്ങള്‍ക്ക് ശാസ്ത്രലോകത്തിന്റെ നേട്ടമെത്തിച്ച മഹത്‌വ്യക്തിത്വമായിരുന്നു. പാവപ്പെട്ടവരോട് ചേര്‍ന്ന് നില്‍ക്കാന്‍ എല്ലാകാലത്തും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ ചിന്തകളുമായി സദസ്സിനെ കീഴ്‌പ്പെടുത്തുന്നതില്‍ കലാമിന്റെ കഴിവ് അനുകരണീയമാണെന്ന് മന്ത്രി കെ എം മാണി പറഞ്ഞു. മന്ത്രിമാരായ അനൂപ് ജേക്കബ്, കെ പി മോഹനന്‍, മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍, എ കെ ശശീന്ദ്രന്‍ പ്രസംഗിച്ചു.