Connect with us

Editorial

പൊടിപൊടിക്കുന്ന വ്യാജ ബിരുദ കച്ചവടം

Published

|

Last Updated

ഉത്പന്നങ്ങളിലെ വ്യാജന്മാരെക്കുറിച്ചാണ് അടുത്ത കാലം വരെ കേട്ടിരുന്നത്. എന്നാല്‍ ബിരുദധാരികളിലും ഡിപ്ലോമക്കാരിലും വ്യാജന്മാര്‍ വ്യാപകമാണെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ബീഹാറിലെ അധ്യാപകരില്‍ പതിനായിരക്കണക്കിന് വ്യാജന്മാരുണ്ടെന്നാണ് പാറ്റ്‌നയില്‍ നിന്നുള്ള വിവരം. സംസ്ഥാനത്തെ മൂന്നര ലക്ഷം അധ്യാപകരില്‍ 40,000 ത്തിലേറെ പേര്‍ ഇല്ലാത്ത യോഗ്യത കാണിച്ചാണ് ഉദ്യോഗത്തില്‍ കയറിയതെന്ന് പാറ്റ്‌ന ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി വന്നതോടെയാണ് ഇതു സംബന്ധിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്. കോടതി നടപടി ഭയന്ന് 3000 അധ്യാപകര്‍ കഴിഞ്ഞ ദിവസം രാജിവെക്കുകയുണ്ടായി. ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകരുടെ യോഗ്യത പരിശോധിക്കുന്നതിന് സര്‍ക്കാര്‍ 38 അംഗ വിജിലന്‍സ് സംഘത്തിന് രൂപം നല്‍കുകയും വ്യാജ ബിരുദങ്ങള്‍ കാട്ടി ജോലി നേടിയവര്‍ക്ക് രാജിവെച്ചൊഴിയാന്‍ നാല് മാസം സമയം അനുവദിക്കുകയും ചെയ്തിരുന്നു.
ഉദ്യോഗസ്ഥരില്‍ മാത്രമല്ല, ഉന്നത ജനപ്രതിനിധികളില്‍ വരെയുണ്ട് പേരിന് പിന്നാലെ വ്യാജ ബിരുദത്തിന്റെ വാലുകള്‍ വെച്ചുപിടിച്ചവര്‍. കേന്ദ്ര മാനവ വിഭവശഷി മന്ത്രി സ്മൃതി ഇറാനിയുടെ ബിരുദങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞതാണ്. ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ആകാശ് ജെയിനാണ് ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന് അവര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയത്. വിവിധ തിരഞ്ഞെടുപ്പുകളില്‍ അവര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വൈരുധ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടന്ന സൂക്ഷ്മ പരിശോധനയിലാണ് ഇത് വെളിപ്പെട്ടത്. ഡല്‍ഹി നിയമ മന്ത്രി ജിതേന്ദ്രസിഗ് തോമര്‍ വ്യാജ ബിരുക്കേസില്‍ അറസ്റ്റിലാവുകയുണ്ടായി. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ, ജലവിതരണ മന്ത്രി ബാബന്‍ റാവു ലോണിക്കര്‍, ഗോവ പൊതുമരാമത്ത് മന്ത്രി രാമകൃഷ്ണ ധവാലിക്കര്‍ എന്നിവരുടെ ബിരുദങ്ങളും വ്യാജമാമാണെന്ന് പരാതിയുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ബിരുദങ്ങള്‍ക്കും ഇന്ന് ഒട്ടും പഞ്ഞമില്ല. പണമുണ്ടെങ്കില്‍ വിദ്യാലയത്തിന്റെ പടി ചവിട്ടാതെയും പരീക്ഷക്കിരിക്കാതെയും ഏത് സര്‍ട്ടിഫിക്കറ്റുകളും എത്തിച്ചു തരാന്‍ മാഫിയാ സംഘങ്ങള്‍ എവിടെയും സജ്ജം. രാജ്യത്തെ പല സര്‍വകലാശാലകളില്‍ നിന്നും വിതരണം ചെയ്യുന്ന ബിരുദങ്ങളില്‍ നല്ലൊരു ശതമാനവും വ്യാജമാണ്. വ്യാജ ബിരുദങ്ങള്‍ വിതരണം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് ഈ മാസമാദ്യം ജോധ്പൂര്‍ നാഷനല്‍ സര്‍വകലാശാലയുടെ കോഴ്‌സുകള്‍ സര്‍ക്കാര്‍ തടയുകയുണ്ടായി. 2009ന് ശേഷം സര്‍വകലാശാല വിതരണം ചെയ്ത 38,000 ബിരുദങ്ങളില്‍ 25,003 എണ്ണവും വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. പ്രബുദ്ധമെന്ന് നാം ഊറ്റം കൊള്ളുന്ന കേരളത്തില്‍ പോലും വ്യാജബിരുദ വിതരണ റാക്കറ്റ് സജീവമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്ന ഒരു വീട്ടമ്മ തൃശൂരില്‍ അറസ്റ്റിലായത് കഴിഞ്ഞ വാരത്തിലാണ്. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഇവരുള്‍പ്പെട്ട സംഘം വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഒട്ടേറെ പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി നേടിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മറ്റൊരു വ്യാജ ബിരുദ വിതരണ റാക്കറ്റ് തലവന്‍ കൊല്ലത്തെ ബിഷപ്പ് ഡോ. യാക്കോബ് മാര്‍ ഗ്രിഗേറിയോ സ് എന്ന ജെയിംസ് ജോര്‍ജ് പിടിയിലായതും അടുത്തിടെയാണ്. ഈ ബിസിനസ് വഴി ഇയാള്‍ കോടികളുടെ സമ്പാദ്യമുണ്ടാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലെ മുപ്പത് സര്‍വകലാശാലകളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇയാള്‍ വിതരണം ചെയ്തിരുന്നു.
അനര്‍ഹരും യോഗ്യതയില്ലാത്തവരും പ്രധാനപ്പെട്ട തസ്തികകളില്‍ കയറിപ്പറ്റുന്നുവെന്ന് മാത്രമല്ല, യഥാര്‍ഥ ബിരുദധാരികളെ സമൂഹം സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ വ്യാപനം. രാജ്യത്തെ ചില സര്‍വകലാശാലകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പല വിദേശ രാഷ്ട്രങ്ങളിലും നേരത്തെ തന്നെ മതിപ്പ് കുറവാണ്. ഇന്ത്യയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമാണെന്ന വാര്‍ത്ത പരന്നതോടെ വിദേശങ്ങളില്‍ നമ്മുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. സഊദി മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ മുപ്പതിനായിരത്തോളം പ്രവാസികളുടെ ബിരുദ, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയുണ്ടായി. സഊദി എന്‍ജിനീയേഴ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ രാജ്യത്തെ സ്വകാര്യ, പൊതുമേഖലാ കമ്പനികളില്‍ നിയമിക്കാവൂ എന്ന് സഊദി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അവിടെ ജോലി തേടുന്ന ഇന്ത്യക്കാരുടെ വിദ്യാഭ്യാസ യോഗ്യത ഉറപ്പ് വരുത്താനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്താന്‍ ഡല്‍ഹിയിലെ സഊദി എംബസിക്ക് പദ്ധതിയുമുണ്ട്. അറബ് രാജ്യങ്ങളില്‍ ബിരുദങ്ങളിലെ കൃത്രിമത്വത്തിന് പിടിയിലാകുന്നവരില്‍ ഏറെയും ഇന്ത്യ ഉള്‍പ്പെടെയുളള ഏഷ്യന്‍ രാജ്യങ്ങളിലുള്ളവരാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കുകയും അത് കര്‍ശനമായി നടപ്പാക്കുകയും ചെയ്തില്ലെങ്കില്‍ നമ്മുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വില ഇനിയും കുത്തനെ ഇടിയുകയും വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ ഉദ്യോഗാര്‍ഥികളുടെ ജോലി സാധ്യതയെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ആരോഗ്യ രംഗത്ത് ഉള്‍പ്പെടെ രാജ്യത്തെ തൊഴില്‍ മേഖല കനത്ത വില നല്‍കേണ്ടിയും വരും.