Connect with us

Editorial

ഉപഭോക്തൃ നിയമം പരിഷ്‌കരിക്കുമ്പോള്‍

Published

|

Last Updated

പരിഷ്‌കരിച്ച ഉപഭോക്തൃ സംരക്ഷണ ബില്ലിന് അംഗീകാരം നല്‍കിയിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍. 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് വിപണിയിലെ ചൂഷണങ്ങള്‍ തടയാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു നിയമം പരിഷ്‌കരിക്കാനുള്ള തീരുമാനമുണ്ടായത്. ഇതനുസരിച്ചു ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം നിര്‍മാതാക്കള്‍ക്കായിരിക്കും. മായംചേര്‍ക്കല്‍, അമിതവില ഈടാക്കല്‍ തുടങ്ങിയ പരാതികള്‍ വന്നാല്‍ ഉത്പന്നം വിപണിയില്‍ നിന്ന് പിന്‍വലിക്കാനും ആവശ്യമെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യാനും ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് അധികാരം നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വ്യാപാരവും ഉള്‍പ്പെടുന്നുവെന്നതാണ് പുതിയ നിയമത്തിന്റെ സവിശേഷത. ഈ മേഖലയില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സ്വന്തം പ്രദേശത്തെ കോടതിയിലും വില്‍പനക്കാര്‍ക്കെതിരെ ഹരജി ഫയല്‍ ചെയ്യാനും നിയമ നടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ട്, നേരത്തെ ഇ-കൊമേഴ്‌സ് സ്ഥാപനത്തിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന നഗരത്തിലെ കോടതിയില്‍ മാത്രമേ വ്യവഹാരത്തിന് അനുമതിയുണ്ടായിരുന്നുള്ളു. ഉപഭോക്താക്കളുടെ പരാതിപരിഹാരത്തിനുള്ള ചെലവ് കുറക്കാനും നടപടി കൈക്കൊള്ളും.
ജനകീയ പ്രക്ഷോഭങ്ങളുടെയും ഉപഭോക്തൃ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദങ്ങളുടെയും ഫലമായാണ് 1986ല്‍ പാര്‍ലമെന്റ് ഉപഭോക്തൃ സംരക്ഷണ നിയമം പാസ്സാക്കിയത്. 1962ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസസ്സാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചായിരുന്നു നിയമനിര്‍മാണം. ഉപഭോക്താവ് വാങ്ങുന്ന സാധനങ്ങളിലും ലഭിക്കുന്ന സേവനങ്ങളിലും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി കൊണ്ടു വന്ന ഈ നിയമം ക്രമേണ കുത്തക കള്‍ മറികടക്കാനും നിയമത്തിലെ പഴുതുകളുപയോഗിച്ചു ഉപഭോക്താവിനെ ചൂഷണം ചെയ്യാനും തുടങ്ങി. ഏത് ഉത്പന്നം വാങ്ങണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ടെങ്കിലും തെറ്റായ പരസ്യങ്ങള്‍ മുഖേനയും മായം ചെര്‍ത്ത ഉത്പന്നങ്ങള്‍ നല്‍കിയും ഉപഭോക്താക്കളെ കമ്പനികള്‍ നിരന്തരം വഞ്ചിക്കുകയായിരുന്നു.
പരസ്യങ്ങളാണ് വിപണിയുടെ മുഖ്യആയുധം. ശതകോടികളാണ് കുത്തക കമ്പനികള്‍ പരസ്യങ്ങള്‍ക്കായി നീക്കി വെക്കുന്നത്. അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അത്യാകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കുന്ന പരസ്യങ്ങളില്‍, കബളിപ്പിക്കപ്പെടാതിരിക്കാനുള്ള ഭൗദ്ധിക ശേഷി ഉണ്ടെന്ന് വിശ്വസിക്കുന്ന ഉപഭോക്താക്കള്‍ പോലും അകപ്പെടുന്നു. ഇതിനിടെ നിരോധിക്കപ്പെട്ട മാഗി ന്യൂഡില്‍സ് ഉത്പന്നങ്ങളുടെ പ്രചാരണത്തിന് വേണ്ടി നെസ്‌ലെ കമ്പനി ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ചിലവിട്ടത് 445 കോടിയായിരുന്നു. അനുവദനീയമായതിലും കൂടുതല്‍ അളവില്‍ മാരകമായ രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഈ ഉത്പന്നത്തെ ഇന്ത്യക്കാരന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാക്കിയത് അവരുടെ പ്രചാരണ തന്ത്രങ്ങളാണ്. ഭക്ഷ്യ സുരക്ഷാ നിയമം, ഉപഭോക്തൃ സംരക്ഷണ നിയമം തുടങ്ങിവയയെല്ലാം കാറ്റില്‍ പറത്തിയാണ് നെസ്‌ലെ കമ്പനി അടുക്കളകള്‍ കീഴടക്കിയത്. ഇത്തരം പരസ്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ഉപഭോക്താവ് വഞ്ചിക്കപ്പെടാതിരിക്കാന്‍ ആദ്യമായി വേണ്ടത്.
പുതിയ നിമയത്തിലെ വ്യവസ്ഥകള്‍ എത്ര കര്‍ക്കശമാണെങ്കിലും അത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തിയെങ്കില്‍ മാത്രമേ ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളു. വാങ്ങുന്ന ഉത്പന്നത്തിന്റെ ഗുണനിലവാരം, അളവ്, വില എന്നിവ കൃത്യമായി അറിയാനുള്ള അവകാശം, ഉപഭോക്താവിന്റെ ആരോഗ്യത്തിനോ,വസ്തുക്കള്‍ക്കോ ഏതെങ്കിലും വിധത്തില്‍ നാശമോ, നഷ്ടമോ ഉണ്ടാക്കുന്ന വസ്തുക്കളില്‍ നിന്ന് സംരക്ഷണം ലഭിക്കാനുള്ള അവകാശം തുടങ്ങിയ ഒട്ടേറെ വ്യവസ്ഥകള്‍ 1986-ലെ നിയമത്തില്‍ തന്നെയുണ്ട്. എന്നിട്ടും ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണി കീഴടക്കിക്കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങള്‍ നിരോധിച്ച മാരകമായ പാര്‍ശ്വ ഫലങ്ങളുളവാക്കുന്ന മരുന്നുകളും ഉത്പന്നങ്ങളും വരെ വിപണിയില്‍ സുലഭം. ഇവക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ആര്‍ജ്ജവം കാണിക്കാറില്ല. ആരെങ്കിലും അതിന് മുന്നോട്ട് വന്നാല്‍ അതിന് തടയിടാന്‍ ഉത്പാദകര്‍ക്കറിയുകയും ചെയ്യാം. വ്യാജ അവകാശ വാദങ്ങളിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനെതിരെ കോംപ്ലാന്‍, ബൂസ്റ്റ,് കെല്ലോഗ്‌സ് തുടങ്ങി മുപ്പത് കമ്പനികള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി മുമ്പ് നോട്ടീസയച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടിയുണ്ടായില്ല. ഉന്നതങ്ങളെ സ്വാധീനിച്ചു കമ്പനികള്‍ പ്രസ്തുത നീക്കം മരവിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ചില കമ്പനികളുടെ തെറ്റായ പരസ്യങ്ങള്‍ക്കെതിരെ നിയമ നടപടിക്ക് അന്നത്തെ ഉപഭോക്തൃ മന്ത്രി കെ വി തോമസ് നടത്തിയ നീക്കവും ലക്ഷ്യത്തിലെത്തിക്കാനായില്ല. ബന്ധപ്പെട്ടവര്‍ കുത്തകകളുടെ സ്വാധീന വലയങ്ങളില്‍ നിന്ന് മോചിതമായെങ്കില്‍ മാത്രമേ, ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനും ഉപഭോക്താക്കളെ കുത്തകകളുടെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കാനും സാധിക്കുകയുള്ളു.

Latest