Connect with us

National

ടൈഗര്‍ മേമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് കോണ്‍ഗ്രസ് എം എല്‍ എ

Published

|

Last Updated

ശ്രീനഗര്‍: 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ ടൈഗര്‍ മേമനുമായ താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ജമ്മുകാശ്മീരിലെ കോണ്‍ഗ്രസ് എം എല്‍ എയുടെ വെളിപ്പെടുത്തല്‍. പാക് അധീന കാശ്മീരില്‍ ടൈഗര്‍ ആയുധപരിശീലനം നേടുന്നതിനിടെയാണ് അയാളുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഉസ്മാന്‍ മജീദ് എം എല്‍ എ പറഞ്ഞു.
സ്‌ഫോടന പരമ്പരാ കേസില്‍ യാക്കൂബ് മേമന്‍ കീഴടങ്ങിയതില്‍ ടൈഗര്‍ മേമന്‍ അസ്വസ്ഥനായിരുന്നു. പാക് ചാരസംഘടനയായ ഐ എസ് ഐ തന്നെ അപായപ്പെടുത്തുമെന്ന ഭയവും ടൈഗറിനുണ്ടായിരുന്നു. യാക്കൂബ് മേമന്റെ നടപടിയില്‍ ടൈഗര്‍ കുപിതനായിരുന്നെന്നും ഉസ്മാന്‍ വെളിപ്പെടുത്തി. ഐ എസ് ഐ കൊല്ലുമെന്ന ഭീതിയുണ്ടായിരുന്നതിനാല്‍ ടൈഗര്‍ പാക്കിസ്ഥാനില്‍ നിന്ന് ദുബൈയിലേക്ക് കടന്നു. ടൈഗറും കീഴടങ്ങിയേക്കുമെന്ന് തോന്നിയതിനാല്‍ ഐ എസ് ഐ അയാളെ അനുനയിപ്പിച്ച് പാക്കിസ്ഥാനിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
യാക്കൂബ് ഇടപെട്ട് ടൈഗറിനെയും ഇന്ത്യന്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ പ്രേരിപ്പിക്കും എന്ന ആശങ്കയെ തുടര്‍ന്നായിരുന്നു ഐ എസ് ഐയുടെ അനുനയമെന്ന് ഉസ്മാന്‍ പറഞ്ഞു. യാക്കൂബ് മേമന്‍ കീഴടങ്ങിയതിന് മുമ്പ് മികച്ച സൗകര്യങ്ങളാണ് ടൈഗറിന് പാക്കിസ്ഥാനില്‍ ഐ എസ് ഐ ഒരുക്കിക്കൊടുത്തത്. എന്നാല്‍, യാക്കൂബ് കീഴടങ്ങിയതോടെ ഇതെല്ലാം വെട്ടിക്കുറച്ചു. ടൈഗറിന് വീട് പോലും പിന്നീട് അനുവദിച്ചില്ല. മൂന്ന് കാറുകളുണ്ടായിരുന്നത്, ദുബൈയില്‍ നിന്ന് തിരികെ വന്നപ്പോള്‍ ഒന്നാക്കി ചുരുക്കിയെന്നും ഉസ്മാന്‍ പറഞ്ഞു.
സ്റ്റുഡന്റ് ലിബറേഷന്‍ ഫ്രണ്ട് സ്ഥാപകനും ഇക്‌വാന്‍ഉല്‍ മുസ്‌ലീമിന്‍ പ്രവര്‍ത്തകനുമായ ഹിലാല്‍ ബീഗാണ് തന്നെ ടൈഗര്‍ മേമനുമായി പരിചയപ്പെടുത്തിയത്. 1993ന്റെ അവസാന നാളുകളിലായിരുന്നു ഈ കൂടിക്കാഴ്ച. രണ്ടോ മൂന്നോ തവണ ടൈഗറിനെ കണ്ടിട്ടുണ്ട്. പാക് അധീന കാശ്മീരിന്റെ തലസ്ഥാനമായ മുസാഫര്‍ബാദില്‍ അയാള്‍ പതിവായി വരാറുണ്ടായിരുന്നു. താന്‍ ടൈഗറിന്റെ സുഹൃത്തൊന്നുമായിരുന്നില്ലെന്നും ഉസ്മാന്‍ പറഞ്ഞു.
നേരത്തെ വിഘടനവാദ സംഘടനയില്‍ പ്രവര്‍ത്തിച്ച ഉസ്മാന്‍ മജീദ് രണ്ട് കൊല്ലത്തോളം പാക്കിസ്ഥാനില്‍ കഴിഞ്ഞിരുന്നു. പിന്നീട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മുഖ്യധാരാ രാഷ്ട്രിയ പ്രവര്‍ത്തകനായി മാറുകയായിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തി അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങിയ ഉസ്മാന്‍ 2002ല്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബന്ദിപൂര മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. പി ഡി പി- കോണ്‍ഗ്രസ് മുന്നണിയുടെ മുഫ്തി മുഹമ്മദ് സയ്യിദ് സര്‍ക്കാറില്‍ മന്ത്രിയായിരുന്നു. 2008ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ പി ഡി പി സ്ഥാനാര്‍ഥിയോട് തോറ്റു. 2014ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചാണ് ഉസ്മാന്‍ വീണ്ടും നിയമസഭയിലെത്തിയത്.

Latest