Connect with us

National

ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി തര്‍ക്കം പരിഹരിച്ചു

Published

|

Last Updated

കൂച്ച്‌ബെഹാര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഭൂപ്രദേശ കൈമാറ്റ കരാര്‍ അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നു. നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഭൂപ്രദേശങ്ങള്‍ കൈമാറി. ലാന്‍ഡ്മാര്‍ക്ക് ബൗണ്ടറി എഗ്രിമെന്റ് പ്രകാരം ഇന്ത്യ 51 ഭൂപ്രദേശങ്ങളുടെ ഉടമസ്ഥാവകാശം ബംഗഌദേശിനു നല്‍കി. 7,110 ഏക്കര്‍ ബംഗല്‍ദേശിന് കൈമാറുമ്പോള്‍. 17,160 ഏക്കറോളം പ്രദേശം ഇന്ത്യക്കും ഇതുവഴി ലഭിക്കും. അടുത്ത 11 മാസത്തിനുള്ളിലാകും കൈമാറ്റം പൂര്‍ത്തിയാകുക.
ബംഗഌദേശ് വിട്ടുനല്‍കുന്ന സ്ഥലത്ത് 14,000 ആളുകളും അധിവസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. ബംഗാളിലായിരിക്കും ഇവര്‍ കുടിയേറിപ്പാര്‍ക്കുക. ഇന്ത്യ നല്‍കുന്ന 51 പ്രദേശങ്ങളുടെ പരമാധികാരം ഇനി ബംഗ്ലാദേശിനായിരിക്കും. ഈ പ്രദേശങ്ങളിലായി 37,000 പേരാണ് ഉള്ളത്. ഇവര്‍ക്ക് ബംഗ്ലാദേശ് പൗരത്വം ലഭിക്കും. കഴിഞ്ഞ ജൂണ്‍ മാസം ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഭൂമികൈമാറ്റത്തിന് ധാരണയായത്.
വെള്ളിയാഴ്ച അര്‍ധരാത്രി 12 മണി കഴിഞ്ഞ് ഒരുമിനിറ്റ് പിന്നിട്ടപ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിക്കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഇന്ത്യയ്ക്ക് ലഭിച്ച 111 പ്രദേശങ്ങളില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു. ജനങ്ങള്‍ ജനഗണമന ആലപിച്ചു. ബംഗ്ലാദേശിന് കൈമാറിയ ഭൂപ്രദേശങ്ങളില്‍ ബംഗ്ലാദേശ് പതാകയും അവരുടെ ദേശീയഗാനവും ആലപിക്കപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മില്‍ 1974 മുതല്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിനാണ് ഇതോടെ പരിഹാരമായത്.

 

Latest