Connect with us

Kozhikode

പ്രതിയെ ക്രൈംബ്രാഞ്ചിന് കസ്റ്റഡിയില്‍ വിട്ടു നല്‍കാന്‍ കോടതി ഉത്തരവ്‌

Published

|

Last Updated

കോഴിക്കോട്: പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ മുഖ്യ ശാഖയിലെ ലോക്കറുകളില്‍ നടന്ന കവര്‍ച്ചാ കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ വിചാരണക്കോടതി പരിഗണിച്ചു. പ്രതി പഞ്ചാബ് നാഷനല്‍ ബേങ്കിലെ ക്ലാര്‍ക്ക് പുതിയറ സ്രാമ്പിക്കല്‍ പറമ്പ് “അച്യുതം” വീട്ടില്‍ അനില്‍കുമാറി (53) നെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. ഇത് സംബന്ധിച്ച പ്രൊഡക്ഷന്‍ വാറന്റ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ജില്ലാ ജയില്‍ സൂപ്രണ്ടിന് സമര്‍പ്പിച്ചു. അനില്‍ കുമാറിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായാണ് ജയിലില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് എസ് പി യു അബ്ദുല്‍ കരീം പറഞ്ഞു. ഇത് രണ്ടാം തവണയാണ് അനില്‍കുമാറിനെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയില്‍ വാങ്ങുന്നത്. ചാലപ്പുറം ഭജനകോവില്‍ റോഡിലെ വൃന്ദാവന്‍ അപ്പാര്‍ട്ട്‌മെന്റ് നിവാസി വസന്ത ഭവന്‍ ഹോട്ടല്‍ ഉടമ എസ് ശരവണന്റെ 24 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കൂടി അറസ്റ്റിലായതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (അഞ്ച്) പരിഗണിച്ചത്. നേരത്തെ കല്ലായി സ്വദേശി കെ വി മുസ്തഫയുടെ പേരിലുള്ള ലോക്കറില്‍ നിന്ന് സ്വര്‍ണം കളവു പോയ കേസില്‍ ആദ്യം അറസ്റ്റിലായ അനില്‍കുമാറിനെ ക്രൈംബ്രാഞ്ച് നേരത്തെ ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ആ സമയത്താണ് പിതാവിന്റെ പേരിലുള്‍പ്പെടെ ബേങ്കുകളില്‍ സ്ഥിര നിക്ഷേപം നടത്തിയത് സംബന്ധിച്ച രേഖകളും, ലോക്കറിന്റെയും സ്‌ട്രോംഗ്‌റൂമിന്റെയും രേഖാചിത്രങ്ങളുമെല്ലാം പ്രതിയുടെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ചിന് കണ്ടെടുക്കാന്‍ സാധിച്ചത്.