Connect with us

Kerala

മന്ത്രിമാര്‍ പരാതി നല്‍കിയിട്ടില്ലെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് രണ്ട് ചീഫ് എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിനെതിരെ മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല.
രണ്ട് ചീഫ് എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിനെതിരെ പൊതുമരാമത്ത്, ജലവിഭവ വകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു എന്ന റിപ്പോര്‍ട്ടിനെതിരെയാണ് ആഭ്യന്തര മന്ത്രി ചെന്നിത്തലയുടെ പ്രസ്താവന. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിസഭയില്‍ അഭിപ്രായ ഭിന്നതയില്ല. മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വമാണ് നിര്‍വ്വഹിച്ചത്. മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. കാളപെറ്റെന്നു കേള്‍ക്കുമ്പോഴേക്കും മാധ്യമങ്ങള്‍ കയറെടുക്കരുതെന്നും ചെന്നത്തല പറഞ്ഞു.
ചീഫ് എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിമാരായ വി കെ ഇബ്രാഹിം കുഞ്ഞും പി ജെ ജോസഫും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.
കോഴിക്കോട് കടലുണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് നല്‍കിയ എട്ട് കോടി രൂപയുടെ കരാറില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ചീഫ് എന്‍ജിനീയര്‍മാരെ അന്വേഷണവിധേയരാക്കി സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.
പി ഡബ്ലു ഡി ചീഫ് എന്‍ജിനീയര്‍ പി കെ സതീഷ്, ജലവിഭവവകുപ്പ് എന്‍ജിനീയര്‍ വി കെ മഹാനുദേവന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ശുപാര്‍ശചെയ്തത്. ഇപ്പോള്‍ സസ്പന്‍ഷനിലുള്ള ടി ഓ സൂരജാണ് കേസിലെ ഒന്നാംപ്രതി.
ആഭ്യന്തരമന്ത്രിക്കെതിരെ മന്ത്രിമാര്‍ മുഖ്യമന്തിക്ക് പരാതി നല്‍കിയിട്ടില്‌ളെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി നടന്ന സ്വാഭാവിക നടപടിയാണ് സസ്‌പെന്‍ഷന്‍ എന്നും എന്നാല്‍ മന്ത്രിമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിട്ടില്‌ളെന്നും കെ പി സി സി വക്താവ് ജോസഫ് വാഴക്കന്‍ പറഞ്ഞു.

Latest