Connect with us

Ongoing News

ഉള്‍നാടന്‍ ജല ഗതാഗതത്തിന് അവസരങ്ങള്‍ തുറന്നിട്ട് ചാലിയാര്‍

Published

|

Last Updated

എടവണ്ണപ്പാറ: ചാലിയാര്‍ പുഴ ഉള്‍പ്പെടെ കേരളത്തിലെ പത്ത് പുഴകളെയും രണ്ട് കനാലുകളെയും ദേശീയ ജല പാതയായി അംഗീകരിക്കുമെന്ന കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്കരിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷ. 41 നദികളുള്ള കേരളത്തില്‍ നിന്ന് ഭാരത പുഴ, പമ്പ, കടലുണ്ടി പുഴ,വളപ്പട്ടണം പുഴ, കല്ലടയാര്‍, മണിമലയാര്‍, മീനച്ചാര്‍, മുവാറ്റുപുഴ എന്നിവയാണ് ദേശീയ ജല പാതയായി വികസിപ്പിക്കാനുള്ള ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ബില്ലിന് പാര്‍ലിമെന്റിന്റെ അംഗീകാരമാണ് ഇനി വേണ്ടത്.
110 ഓളം മൂടിക്കെട്ട് തോണികളായിരുന്നു ചരക്കുഗതാഗത്തിന് ചാലിയാറില്‍ ഉണ്ടായിരുന്നത്. ഈ തോണിയില്‍ തൊഴിലാളികളായി മൂന്ന് പേരാണ് ഉണ്ടാവുക. ഒരാള്‍ അമരത്തും മറ്റു രണ്ട് പേര്‍ കവുക്കോല്‍ കുത്താനുമായിരുന്നു ഉണ്ടായിരുന്നത്. അന്ന് ചരക്ക് ഗതാഗതത്തിന് മുന്‍പന്തിയിലുണ്ടായിരുന്നത് ഖാടനാജി, രായിന്‍ കാക്ക എന്നിവരായിരുന്നു.
കോഴിക്കോട്ടെ ചാലിയം, മാങ്കാവ്, കല്ലായി, ഫറോക്ക് എന്നിവിടങ്ങളില്‍ നിന്നായിരുന്നു ചരക്ക് സാധനങ്ങള്‍ പ്രധാനമായും എടുത്തിരുന്നത്. ചരക്കുകള്‍ വാങ്ങാന്‍ പോവുന്ന മൂടിക്കട്ട് തോണികളില്‍ ഇവിടെ നിന്നും വാഴക്കുല, തേങ്ങ, പ്ലാവില, വാഴ ഇല എന്നിവ ബേപ്പൂര്‍, ചാലിയം ഭാഗങ്ങളിലേക്ക് കൊണ്ട് പോവുമായിരുന്നു.
തിരിച്ചു വരുമ്പോള്‍ ബേപ്പൂരില്‍ നിന്നും എരുന്തും തോണിക്കാര്‍ വാങ്ങി വരാറുണ്ട്. പരേതനായ കൊറ്റന്‍ തൊടി ആലിമോന്‍, തുലാപറംമ്പില്‍ കുട്ടികാക്ക എന്നിവരെ മപ്പുറത്തുകാര്‍ ഇന്നും ഓര്‍ക്കുന്നു.
മരങ്ങള്‍ തിരപ്പം കെട്ടി കല്ലായിയില്‍ പോയി വില്‍പനയും നടത്താറുണ്ട്. അക്കാലങ്ങളില്‍ ചാലിയാറിന്റെ തീര ദേശങ്ങളില്‍ ഇത്തരം മരക്കച്ചടവക്കാര്‍ ധാരാളം ഉണ്ടായിരുന്നു.
റോഡ് ഗതാഗതം വികസിക്കുന്നതിന് മുമ്പ് യാത്ര ബോട്ടുകളുടെ ചൂളം വിളിയില്‍ മുഖരിതമായിരുന്നു ചാലിയാര്‍. അരീക്കോട് നിന്ന് യാത്രക്കാര്‍ ചാലിയം, മാങ്കാവ് ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ബോട്ട് വഴിയായിരുന്നു യാത്ര.
അക്കാലങ്ങളില്‍ ജനജീവിതത്തിന്റെ ഭാഗമായിരുന്നു ചാലിയാറിലെ ബോട്ടു യാത്ര. കുളിമാട്, ചെറുവാടി, കൊന്നാര്, മണന്തല കടവ് എന്നിവിടങ്ങളിലായിരുന്നു യാത്രാ ബോട്ടുകളുടെ സ്‌റ്റോപ്പുകള്‍. അന്നത്തെ അഞ്ചണയായിരുന്നു ടിക്കറ്റ് ചാര്‍ജെന്ന് മപ്പുറത്തെ കാരണവന്‍മാര്‍ ഇന്നും ഓര്‍ക്കുന്നു. ചോല മുഹമ്മദ് ഹാജിയായിരുന്നു യാത്രാ ബോട്ട് നടത്തിയിരുന്നത്. ചരക്ക് തോണികള്‍ തങ്ങിയിരുന്ന പ്രധാന തീരമായിരുന്നു മപ്പുറത്തെ കൊന്നാര് കടവ്. ചരക്കുകള്‍ ഇറക്കുന്നതിനും ഭക്ഷണത്തിനുമായിരുന്നു തോണികള്‍ ഇവിടെ നിര്‍ത്തിയിടാറുണ്ടായിരുന്നത്.ചാലിയാറില്‍ ഇന്ന് പഴയ പോലെ യാത്രാ ബോട്ടുകളോ ചരക്ക് ഗതാഗതമോ ഇല്ല. മറിച്ച് നിയന്ത്രിതവും അല്ലാതെയും മണലെടുക്കുന്ന ഇരുമ്പു തോണികളാണ് കാണാന്‍ സാധിക്കുക.
ദേശീയ ജലപാതയായി പരിഗണിക്കുമ്പോള്‍ എറ്റവും ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാര്‍ദ്ദ ഗതാഗതത്തിനാണ് വഴി തുറക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു ലിറ്റര്‍ ഇന്ധനത്തില്‍ റോഡ് മാര്‍ഗം 24 കിലോമീറ്ററും റെയില്‍ ഗതാഗതത്തിന് 85 കിലോമീറ്ററുമാണങ്കില്‍ 105 കിലോമീറ്ററാണ് ജല ഗതാഗതത്തിലാവുന്നതെന്ന് പഠനങ്ങള്‍ കാണിക്കുന്നത്. ചാലിയാറിനെ ദേശീയ ജലപാതയായി പരിഗണിക്കുമ്പോള്‍ അത് ചെലവ് കുറഞ്ഞതും പരിസ്ഥിതി അനുകൂലമായ ഒന്നാവുമെന്ന് പഴയ കാല ആളുകള്‍ ആണയിടുന്നു.