Connect with us

Kozhikode

മുഹമ്മദ് ആസിമിന്റെ പഠനം വഴിമുട്ടില്ല: വെളിമണ്ണ ജി എം എല്‍ പി യു പിയാകും

Published

|

Last Updated

താമരശ്ശേരി: വൈകല്യത്തെ തോല്‍പ്പിച്ച വെളിമണ്ണ ആലത്തുംകാവില്‍ സഈദിന്റെ മകന്‍ മുഹമ്മദ് ആസിമിന്റെ പഠനം വഴിമുട്ടില്ല.
ഇരു കൈകളുമില്ലാത്ത ആസിം വെളിമണ്ണ ജി എം എല്‍ പി സ്‌കൂളില്‍ നാലാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും പരിമിതികള്‍ കാരണം തുടര്‍ പഠനത്തിന് ചേര്‍ന്നിരുന്നില്ല. പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനും മറ്റും സഹായത്തിന് മാതാവ് സ്‌കൂളിലെത്തേണ്ടതിനാല്‍ കിലോമീറ്ററുകള്‍ അകലെുള്ള യു പി സ്‌കൂളില്‍ ചേരാതെ പഠനമെന്ന സ്വപ്‌നം ഉള്ളിലൊതുക്കുകയായിരുന്നു. ഇതുസംബന്ധിച്ച് നേരത്തെ സിറാജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പഠിക്കാനുള്ള ആഗ്രഹവുമായി ആസിം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമീപിക്കുകയും നാട്ടുകാരുടെ ചിരകാലാഭിലാഷമായ വെളിമെണ്ണ ജി എം എല്‍ പി സ്‌കൂള്‍ യു പി സ്‌കൂളാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആസിം കാലുകൊണ്ടെഴുതിയ കത്തുവായിച്ച മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ ആസിമിന്റെ ആവശ്യം അംഗീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ആസിമിന്റെ ഒരു കാലിനും വൈകല്യമുണ്ട്. സ്‌കൂളില്‍ ചേര്‍ന്നെങ്കിലും ഒന്ന് , രണ്ട് ക്ലാസുകള്‍ ബി ആര്‍ സി ട്രെയ്‌നര്‍ വീട്ടിലെത്തി പഠിപ്പിക്കുകയായിരുന്നു. മൂന്നാം ക്ലാസിലെ അധ്യാപകനായ യു പി അബ്ദുല്‍ ഖാദര്‍ പ്രത്യേക താത്പര്യമെടുത്താണ് ആസിമിനെ സ്‌കൂളിലെത്തിച്ചത്.
1924 ല്‍ ആരംഭിച്ച വെളിമണ്ണ ജി എം എല്‍ പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങുമെന്നും ഈ അധ്യയന വര്‍ഷം തന്നെ ക്ലാസ് ആരംഭിക്കാനാകുമെന്നും വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു.

Latest