Connect with us

Kozhikode

സമ്മാനങ്ങളയക്കാനും ഇനി പോസ്റ്റോഫീസ് സന്നദ്ധം

Published

|

Last Updated

കാലിക്കറ്റ് ഹെഡ് പോസ്റ്റ് ഓഫീസില്‍ എക്‌സ്‌ക്ലൂസീവ് പാര്‍സല്‍ പാക്ക് പോസ്റ്റ് കൗണ്ടറിന്റെ ഉദ്ഘാടനം റീജ്യനല്‍ സയന്‍സ് സെന്റര്‍ ഡയറക്ടര്‍ വി എസ് രാമചന്ദ്രന്‍ നിര്‍വഹിക്കുന്നു

കോഴിക്കോട്: ഇനി മുതല്‍ നിങ്ങളുടെ ഇഷ്ടക്കാര്‍ക്ക് എന്തെങ്കിലും സമ്മാനങ്ങളോ, അവശ്യവസ്തുക്കളോ എത്തിച്ച് കൊടുക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടേണ്ട. നേരെ സമ്മാനങ്ങളുമായി മാനഞ്ചിറയിലെ ഹെഡ് പോസ്റ്റോഫീസില്‍ എത്തിയാല്‍ മതി. അയക്കേണ്ട സാധനങ്ങള്‍ ഭംഗിയായി പൊതിഞ്ഞ് ഭദ്രമായി പെട്ടിയിലാക്കി പാക്ക് ചെയ്ത് തരും.
രശീതി വാങ്ങി നിശ്ചിത തുക അടച്ചാല്‍ അത് നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്തെത്തും. പാക്കിംഗും പാര്‍സല്‍ അയക്കലുമെല്ലാം നേരത്തെയുണ്ടെങ്കിലും ആധുനിക പാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയും സ്ഥിരം ജീവനക്കാരെ നിയമിച്ചും എക്‌സ്‌ക്ലൂസീവ് പാര്‍സല്‍ പാക്ക് പോസ്റ്റ് കൗണ്ടര്‍ ഹെഡ്‌പോസ്റ്റോഫീസില്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് മൂന്നര വരെയാണ് പ്രത്യേക കൗണ്ടറിന്റെ സേവനം ലഭ്യമാവുക. പാര്‍സല്‍ ഉരുപ്പടിയുടെയും പാക്കിംഗ് മേന്‍മയുടെയും അടിസ്ഥാനത്തില്‍ 50 രൂപ മുതല്‍ 400 രൂപ വരെയാണ് ചാര്‍ജ് ഈടാക്കുക. മിനി, സ്‌മോള്‍, മീഡിയം, ലാര്‍ജ് വിഭാഗങ്ങളിലായി 20 കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കള്‍ പാക്ക് പോസ്റ്റ് വഴി അയക്കാം. കൗണ്ടറുകളില്‍ ലഭ്യമായ ബബിള്‍ ഷീറ്റുകള്‍, കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍, തെര്‍മോകോള്‍, സ്ട്രാപ്പിംഗ് മെഷീന്‍ എന്നിവകൊണ്ട് അയക്കേണ്ട സാധനങ്ങള്‍ ജീവനക്കാര്‍ ഭദ്രമായി പൊതിഞ്ഞ് നല്‍കും.
ഇവ അയക്കാന്‍ രജിസ്‌ട്രേഡ് പാര്‍സല്‍, ഇന്‍ഷ്വേര്‍ഡ് പാര്‍സല്‍, എക്‌സ്പ്രസ് പാര്‍സല്‍, സ്പീഡ്‌പോസ്റ്റ് പാര്‍സല്‍, ലോജിസ്റ്റിക്‌സ് പോസ്റ്റ് പാര്‍സല്‍, വി പി പി എന്നിങ്ങനെ നിരവധി സംവിധാനങ്ങളുമുണ്ട്.
അതേസമയം പാക്ക് പോസ്റ്റ് സംവിധാനത്തിന്റെ സുതാര്യതക്കായി ചില നിയന്ത്രണങ്ങള്‍ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിലയിനം മരുന്നുകള്‍ അയക്കുമ്പോള്‍ ക്യാഷ് ബില്‍, ഡോക്ടറുടെ കുറിപ്പടിയുടെ പകര്‍പ്പ്, ഡ്രഗ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതുപോലെ നിരോധിത വസ്തുക്കളും, ദ്രാവകരൂപത്തിലുള്ള വസ്തുക്കളും ഈ സംവിധാനം വഴി അയക്കാന്‍ കഴിയില്ല.
പാക്ക് പോസ്റ്റിനെപ്പറ്റി എന്ത് സംശയങ്ങളുണ്ടെങ്കിലും കാലിക്കറ്റ് ഹെഡ് പോസ്റ്റോഫീസിലെ 04952722663 എന്ന നമ്പറില്‍ വിളിച്ചാല്‍ ലഭ്യമാവും. എക്‌സ്‌ക്ലൂസീവ് പാര്‍സല്‍ പാക്ക് പോസ്റ്റ് കൗണ്ടറിന്റെ ഉദ്ഘാടനം റീജ്യണല്‍ സയന്‍സ് സെന്റര്‍ ഡയറക്ടര്‍ വി എസ് രാമചന്ദ്രന്‍ നിര്‍വഹിച്ചു. പോസ്റ്റോഫീസ് സീനിയര്‍ സൂപ്രണ്ട് പി ജയദേവന്‍ അധ്യക്ഷനായിരുന്നു.
സീനിയര്‍ പോസ്റ്റ്മാസ്റ്റര്‍ സി എം ഭരതന്‍, ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റര്‍ എ ശിവശങ്കരന്‍ പങ്കെടുത്തു.

Latest