Connect with us

Gulf

പിഴക്ക് ഇടയാകാതെ കാല്‍ നൂറ്റാണ്ട് പ്രവര്‍ത്തിച്ച സ്ഥാപനങ്ങളെ ആദരിക്കും

Published

|

Last Updated

ഡി ഇ ഡി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: നിയമ ലംഘനങ്ങള്‍ക്കും പിഴക്കും കാരണമാവാതെ സ്തുത്യര്‍ഹമായ രീതിയില്‍ കാല്‍ നൂറ്റാണ്ട് പ്രവര്‍ത്തിച്ച സ്ഥാപനങ്ങളെ ഡി ഇ ഡി(ദുബൈ ഇക്കണോമിക് ഡിപാര്‍ട്ട്‌മെന്റ്) ആദരിക്കുന്നു. ഡി ഇ ഡിയുടെ എല്ലാ നിബന്ധനകളും കര്‍ശനമായി പാലിച്ചതിനാണ് ആദരം. അടുത്ത മാസം മൂന്നിന് ഡി ഇ ഡിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി സി സി പി(ദ കൊമേഴ്‌സ്യല്‍ കോംപ്ലിയന്‍സ് ആന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍) നിയമം അനുസരിക്കല്‍ ദിനം ആചരിക്കുന്നതിന്റെ തുടര്‍ച്ചയായാണ് സ്ഥാപനങ്ങളെ ആദരിക്കുന്നത്. എല്ലാ വര്‍ഷവും നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനായി ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് നിയമം അനുസരിക്കല്‍ ദിനം സി സി സി പിക്ക് കീഴില്‍ ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി സി സി സി പി പരിശോധകര്‍ ബിസിനസുകാരുമായി സംവദിക്കും. മൊത്തം ഡി ഇ ഡിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു ലക്ഷത്തോളം സ്ഥാപനങ്ങളില്‍ നിന്നാണ് 1,800 സ്ഥാപനങ്ങളെ ആദരിക്കുന്നതെന്ന് സി സി സി പി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അലി റാശിദ് ലൂത്ത വ്യക്തമാക്കി. 25 വര്‍ഷം പിഴയില്ലാതെ കമ്പനികള്‍ പ്രവര്‍ത്തിച്ചെന്നാല്‍ ഗുണനിലവാരത്തിലുള്ള ഉത്തരവാദിത്വവും പ്രവര്‍ത്തനത്തിലെ സുതാര്യതയും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest