Connect with us

Gulf

വാഹനത്തിനുള്ളില്‍ കുടുങ്ങുന്നവരെ രക്ഷിക്കാന്‍ സ്മാര്‍ട് സംവിധാനം

Published

|

Last Updated

സ്മാര്‍ട് പ്രോഗ്രാം പരിശീലിക്കുന്ന അബുദാബി പോലീസ്‌

അബുദാബി; അപകട സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ വിശദീകരിക്കുന്ന സ്മാര്‍ട് പ്രോഗ്രാം അബുദാബി പോലീസ് പുറത്തിറക്കി. നിരത്തിലിറങ്ങുന്ന ഓരോ വാഹനങ്ങളുമായും ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുന്ന സ്മാര്‍ട് ഉപകരണം ഉപയോഗിച്ചാണിത്.
വണ്ടിയുടെ എയര്‍ ബാഗ്, എമര്‍ജന്‍സി വാതിലുകള്‍, എളുപ്പം രക്ഷപ്പെടാന്‍ സഹായിക്കുന്ന ഭാഗം, ഇളക്കിമാറ്റവുന്ന മറ്റ് സൗകര്യങ്ങള്‍ എന്നിവ ഏതെല്ലാം ഭാഗങ്ങളിലാണെന്ന് എളുപ്പം കണ്ടെത്താന്‍ സാധിക്കും. നൂതന സാങ്കേതിക വിദ്യകളില്‍ ക്രമീകരിച്ചിട്ടുള്ള വാഹനങ്ങളുടെ അടഞ്ഞ വാതിലുകള്‍ തുറക്കുന്നത് പരിചയമില്ലാത്തവര്‍ക്ക് ഏറെ സങ്കീര്‍ണതകളുണ്ടാക്കും. ഇക്കാരണം കൊണ്ട് തന്നെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കടുപ്പമാവുന്ന സാഹചര്യങ്ങളുണ്ടാവാറുണ്ട്.
ഓരോ വാഹനത്തിനും ഉപയോഗിക്കേണ്ട പ്രത്യക തരം ഉപകരണങ്ങള്‍, വാഹനത്തിന്റെ ഭാഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന സാമഗ്രികളുടെ ഭാരം, കടുപ്പം, ഇലക്ട്രിക് പവര്‍ എന്നിവയെല്ലാം സ്മാര്‍ട് സംവിധാനത്തില്‍ ലഭ്യമാണ്. ദ്രുതകര്‍മ സേനക്ക് സ്മാര്‍ട്ട് സംവിധാനം ലഭ്യമാക്കുന്നതോടൊപ്പം പ്രത്യേകം പരിശീലന പരിപാടികളുമുണ്ട്. അപകടത്തിന്റെ തോതനുസരിച്ച് വാഹനം മുറിച്ച് ആളുകളെ രക്ഷപ്പെടുത്താനുള്ള പരിശീലനവും, അപകടത്തില്‍പ്പെടുന്ന ഓരോ വാഹനങ്ങളുടെയും വിവരം സ്മാര്‍ട്ട് സംവിധാനത്തില്‍ വേഗത്തില്‍ പരിശോധിക്കാനും പരിക്ക് പറ്റിയവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതടക്കമുള്ള ക്ലാസുകളെല്ലാം സേനക്ക് നല്‍കുമെന്ന് അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ എന്‍ജിനീയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹര്‍തി പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി