Connect with us

National

അയല്‍രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിവന്നാല്‍ പൗരത്വം

Published

|

Last Updated

ന്യൂഡല്‍ഹി: മാതൃരാജ്യത്ത് പീഡനമേല്‍ക്കേണ്ടിവരുന്ന ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വമോ ദീര്‍ഘകാല വിസയോ നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ദീര്‍ഘകാല വിസയോ പൗരത്വമോ ലഭിക്കുമെന്ന പ്രതീക്ഷയോടെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാ ന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പാര്‍ലിമെ ന്റില്‍ പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നുള്ള പലരും ഒരു രേഖയുമില്ലാതെയാണ് വരുന്നത്. പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്നവരുടെ കൈയിലും നിയമസാധുതയുള്ള രേഖകളില്ല. ഇവര്‍ക്കെല്ലാം ദീര്‍ഘകാല വിസയോ പൗരത്വമോ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി വിസയും പൗരത്വവും നല്‍കാനുള്ള നടപടി ക്രമങ്ങള്‍ എളുപ്പമാക്കിയതായും അദ്ദേഹം പറഞ്ഞു.
25 കോണ്‍ഗ്രസ് സഭാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പാര്‍ലിമെന്റ് ബഹിഷ്‌കരിച്ചതിനാല്‍ തടസ്സങ്ങളൊന്നും കൂടാതെ നടന്ന ചോദ്യോത്തര വേളയില്‍, ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി കിരണ്‍ റിജിജു. അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്കണ്ഠാകുലരാണെന്ന് പറഞ്ഞ അദ്ദേഹത്തിന് ഇത് സംബന്ധിച്ച് സഭയില്‍ നയപ്രഖ്യാപനം നടത്താന്‍ സാധിച്ചില്ല.
ബംഗ്ലാദേശില്‍ നിന്ന് വരുന്ന ബംഗാളി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്ന സംബന്ധിച്ച പ്രശ്‌നം ഉയര്‍ത്തിയ ബി ജെ പി. എം പിമാരായ ബിജോയ് ചക്രവര്‍ത്തിക്കും എസ് എസ് അഹ്‌ലുവാലിയക്കും, സംഭവത്തില്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തുമെന്ന് കിരണ്‍ റിജിജു മറുപടി നല്‍കി. 1955 ലെ സിറ്റിസന്‍ഷിപ്പ് ആക്ട് പ്രകാരവും അതിന് കീഴിലുള്ള വ്യവസ്ഥകളനുസരിച്ചുമാണ് പൗരത്വം നല്‍കുന്നത്. ആക്ട് പ്രകാരം ജനനം വഴിയും വംശപരമായും രജിസ്‌ട്രേഷന്‍ വഴിയും ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നു. കൂടാതെ, വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നത് വഴിയും ഭൂപ്രദേശങ്ങള്‍ കൂട്ടിചേര്‍ക്കുന്നത് വഴിയും ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതാണ്.
ദീര്‍ഘകാല വിസ നയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത വിഭാഗം പാക്കിസ്ഥാന്‍, ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ദീര്‍ഘകാല വിസകള്‍ അനുവദിക്കുന്നുണ്ട്. 2013ല്‍ 109 ബംഗ്ലാദേശികള്‍ക്കും 3085 പാക്കിസ്ഥാനികള്‍ക്കും 2014 ല്‍ 2779 പാക്കിസ്ഥാനികള്‍ക്കും 126 ബംഗ്ലാദേശികള്‍ക്കും ദീര്‍ഘകാല വിസ അനുവദിച്ചിട്ടുണ്ട്. 2015ല്‍ ഇതുവരെ 1934 പാക്കിസ്ഥാനികള്‍ക്കും 11 ബംഗ്ലാദേശികള്‍ക്കും ദീര്‍ഘകാല വിസ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആകെ 619 വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 290 വിദേശികള്‍ക്ക് പൗരത്വം നല്‍കി. ആളുകളുടെ ദേശവും മതവും കണക്കിലെടുത്തല്ല പൗരത്വം നല്‍കുന്നതെന്നും പകരം 1955ലെ സിറ്റിസണ്‍ ആക്ടിലെ യോഗ്യതാ മാനദണ്ഡങ്ങളും വ്യവസ്ഥകളുമനുസരിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു.

Latest