Connect with us

National

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം: കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 113 കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കഴിഞ്ഞ വര്‍ഷമുണ്ടായ ഗുരുതരമായ ആക്രമണങ്ങള്‍ സംബന്ധിച്ച് 113 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പാര്‍ലിമെന്റിനെ സര്‍ക്കാര്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായത്. 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്ത് തന്നെയാണ് ഏറ്റവും കൂടുതല്‍ അറസ്റ്റും നടന്നിട്ടുള്ളത്.
ഇത്തരം കേസുകളില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് മധ്യപ്രദേശിലാണ്. 10 പേരാണ് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഇവിടെ അറസ്റ്റിലായിട്ടുള്ളത്. കേസുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ശേഖരിച്ചുവരികയാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരി സഭയെ അറിയിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായ വിവരങ്ങള്‍ പ്രത്യേകം ലഭ്യമായിട്ടില്ല. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളില്‍ ഇതുവരെയുള്ള 113 കേസുകളിലായി 30 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ബീഹാറില്‍ 22, മധ്യപ്രദേശില്‍ ഏഴ്, മഹാരാഷ്ട്രയില്‍ അഞ്ച്, ഝാര്‍ഖണ്ഡിലും ഗുജറാത്തിലും മൂന്ന് വീതം, ആന്ധ്രാപ്രദേശില്‍ നാല്, ആസാം, ത്രിപുര എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസുകളില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായപ്പോള്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നാല് പേര്‍ വീതവും ബിഹാറില്‍ മൂന്ന് പേരും അറസ്റ്റിലായി.

Latest