Connect with us

International

സമ്മര്‍ദങ്ങള്‍ വിഫലം; ശഫാഖത്തിനെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി

Published

|

Last Updated

387297-daypics-040815-ra2

ജയിലധികൃതര്‍ കൈമാറിയ ശഫാഖത്തിന്റെ മൃതദേഹവുമായി ബന്ധുക്കള്‍

ഇസ്‌ലാമാബാദ്: അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ ശഫാഖത്ത് ഹുസൈനെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി. 2004ല്‍ ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട വ്യക്തിയായിരുന്നു ഇദ്ദേഹം. ജുവനൈല്‍ നിയമത്തിന്റെ പരിധിയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നതെന്നും കൊലപാതകം നടത്തിയതായി സമ്മതിക്കാന്‍ പീഡനം ഏല്‍പ്പിച്ചതായും ശഫാഖത്ത് ഹുസൈന്റെ അഭിഭാഷകന്‍ അവകാശപ്പെട്ടു. കൊല നടത്തിയെന്ന് പറയപ്പെടുന്ന സമയത്ത് ശഫാഖത്ത് ഹുസൈന് 15 വയസ്സായിരുന്നു പ്രായം. എന്നാല്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സികളുടെ അഭിപ്രായപ്രകാരം ഈ സമയത്ത് ഇദ്ദേഹത്തിന് 23 വയസ്സാണ്.
രാജ്യത്തിനകത്തുനിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഈ വധശിക്ഷ നടപ്പാക്കരുതെന്ന് ശക്തമായ ആവശ്യം ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ എതിര്‍പ്പുകളും അവഗണിച്ചാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ ശിക്ഷ നടപ്പാക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം ജയില്‍ ഉദ്യോഗസ്ഥര്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശരിയായ രീതിയിലല്ല വധശിക്ഷ നടപ്പാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. കഴുത്തില്‍ മുറിഞ്ഞ പാടുണ്ടെന്നും ശിരസ്സ് കഴുത്തില്‍ നിന്ന് പകുതിഭാഗം വേര്‍പ്പെട്ട നിലയിലാണ് മൃതദേഹമെന്നും ബന്ധുക്കള്‍ പറയുന്നു. തന്റെ മകന്‍ നിരപരാധിയായിരുന്നുവെന്നും ദൈവത്തിന്റെ കോടതിയില്‍ അവന്റെ നിരപരാധിത്വം വ്യക്തമാകുമെന്നും ശഫാഖത്തിന്റെ പിതാവ് പ്രതികരിച്ചു. തങ്ങള്‍ പാവപ്പെട്ടവരായത് കൊണ്ട് മാത്രമാണ് അവര്‍ തന്റെ മകനെ തൂക്കിലേറ്റിയതെന്ന് മാതാവും കുറ്റപ്പെടുത്തി.
സ്‌കൂള്‍ രേഖകളനുസരിച്ച് 2004ല്‍ ഇദ്ദേഹത്തിന്റെ വയസ്സ് 17 ആയിരുന്നുവെന്ന് ശഫാഖത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടിയെ കൊലപ്പെടുത്തി എന്ന് സമ്മതിപ്പിക്കാന്‍ സിഗററ്റ് കൊണ്ട് പൊള്ളിപ്പിച്ചിരുന്നതായും നഖങ്ങള്‍ പിഴുതെടുത്തിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറ്റം ചെയ്യുന്ന സമയത്ത് 18 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് പാക്കിസ്ഥാന്‍ നിയമപ്രകാരം വധശിക്ഷ പാടില്ല. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇതടക്കം 200 ഓളം പേരെ പാക്കിസ്ഥാന്‍ തൂക്കിലേറ്റിയിട്ടുണ്ട്.

---- facebook comment plugin here -----

Latest