Connect with us

Kerala

ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്ന് അവലോകന സമിതി റിപ്പോര്‍ട്ട്‌

Published

|

Last Updated

തിരുവനന്തപുരം: പി എസ് സിയുടെ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് അവലോകന സമിതി റിപ്പോര്‍ട്ട്. പി എസ് സിയുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ലോപ്പസ് മാത്യു, പ്രേമരാജന്‍, അഡ്വ. ഷൈന്‍ എന്നിവരടങ്ങിയ അവലോകന സമിതിയാണ് ധനകാര്യ വകുപ്പിന്റൈ വാദത്തെ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കമ്മീഷന് കൈമാറിയത്. സമിതിയുടെ റിപ്പോര്‍ട്ടിന് ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗം അംഗീകാരം നല്‍കി. സമ്പൂര്‍ണയോഗം വിശദമായി ചര്‍ച്ച ചെയ്തശേഷമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരിയാണെന്ന നിഗമനത്തില്‍ കമ്മീഷന്‍ എത്തിച്ചേര്‍ന്നത്.
പി എസ് സിയുടെ കണക്കുകള്‍ ആധികാരികമായി പരിശോധിക്കുന്ന അക്കൗണ്ടന്റ് ജനറല്‍ 2014 ഒക്‌ടോബര്‍ 14വരെയുള്ള കണക്കുകളാണ് ഓഡിറ്റ് ചെയ്തത്. എന്നാല്‍, എ ജി ഗുരുതരമായ യാതൊരു ക്രമക്കേടുകളും കണ്ടെത്തിയിരുന്നില്ല. ഇതിനുശേഷവും നടന്ന സാമ്പത്തിക ഇടപാടുകളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയില്‍ ഹെഡ് ഓഫ് അക്കൗണ്ടുകളില്‍ ചില അപാകതകള്‍ കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കും. പൊതുവില്‍ പി എസ് സിയെ പൂര്‍ണമായും സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടായിരുന്നു ഉപസമിതിയുടേത്്. ഈ സാഹചര്യത്തില്‍ പി എസ് സിക്കെതിരായ ആരോപണങ്ങള്‍ കമ്മീഷന്‍ യോഗം തള്ളി. ധനവകുപ്പിന്റെ നിയന്ത്രണം കമ്മീഷന്റെ ദൈനംദിനപ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അടിയന്തരമായി പ്രശ്‌നപരിഹാരമുണ്ടാവണമെന്നുമുള്ള പൊതുവികാരമാണ് യോഗത്തിലുണ്ടായത്. പി എസ് സിയുടെ കണക്കുകള്‍ പരിശോധിക്കേണ്ടത് ധനവകുപ്പിന്റെ പരിശോധനാവിഭാഗമല്ല. അതിന് അക്കൗണ്ടന്റ് ജനറലുണ്ടെന്നുമാണ് കമ്മീഷന്റെ ശക്തമായ നിലപാട്. ഈമാസം 17ന് ചേരുന്ന കമ്മീഷന്‍ യോഗം സാമ്പത്തികസ്ഥിതി വീണ്ടും വിശദമായി ചര്‍ച്ച ചെയ്യും. അതേസമയം, ധനവകുപ്പ് ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 7.30ന് ക്ലിഫ്ഹൗസിലായിരിക്കും സന്ദര്‍ശനം. സാമ്പത്തിക നിയന്ത്രണം തുടരുന്നത് പി എസ് സി പരീക്ഷകള്‍ മുടങ്ങാനിടയാക്കുമെന്ന് സംഘം മുഖ്യമന്ത്രിയെ അറിയിക്കും. ഉപസമിതിയുടെ റിപ്പോര്‍ട്ടും കമ്മീഷന്റെ നിര്‍ദേശങ്ങളും മുഖ്യമന്ത്രിക്ക് കൈമാറും. പി എസ് സിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയരുന്നതെന്ന് മുഖ്യമന്ത്രിയെ അറിയിക്കും. ഉദ്യോഗസ്ഥരംഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അല്ലാതെ ധനവകുപ്പിന്റെ പരിശോധന അനുവദിക്കില്ലെന്നും മുഖ്യമന്ത്രിയോട് സംഘം വ്യക്തമാക്കും. മുഖ്യമന്ത്രിയുടെ വിശദീകരണം ലഭിച്ചശേഷമാകും പി എസ് സി ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. പണം അനുവദിക്കാന്‍ ധനവകുപ്പ് തയ്യാറായില്ലെങ്കില്‍ പരീക്ഷയും ഇന്റര്‍വ്യൂവും നടത്തില്ലെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്.

Latest