Connect with us

National

മുംബൈ ഭീകരാക്രമണം: ആസൂത്രണം പാക് മണ്ണില്‍; നടപ്പാക്കിയത് ലശ്കര്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുള്ള പങ്കിന് ബലം പകര്‍ന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ് ഐ എ) മുന്‍ മേധാവി. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാക്കിസ്ഥാനില്‍ നിന്നാണെന്ന് എഫ് ഐ എ മുന്‍ മേധാവി താരിഖ് ഖ്വാസയുടെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡോണ്‍ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളാണ് 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിലെന്ന് പാക്കിസ്ഥാന്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതാദ്യമായാണ് പാക്കിസ്ഥാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുള്ള പങ്കിനെ കുറിച്ച് വെളിപ്പെടുത്തുന്നത്. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും ആരംഭിച്ചതും പാക് മണ്ണിലാണ്. ആക്രമണം നടത്തുന്നതിനായി 2008ല്‍ മുംബൈ തീരത്ത് ബോട്ടില്‍ വന്നിറങ്ങിയവരെ വി ഒ ഐ പി വഴി കറാച്ചിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിയന്ത്രിച്ചിരുന്നു. മുംബൈ ഭീകരാക്രമണ കേസില്‍ ജീവനോടെ പിടികൂടിയ അജ്മല്‍ കസബ് പാക് പൗരനാണെന്നും കസബിന്റെ തീവ്രവാദ ബന്ധം പാക് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നുവെന്നും ഖ്വാസ ലേഖനത്തില്‍ പറയുന്നു.
അജ്മല്‍ കസബ് പ്രാഥമിക പഠനത്തിനു ശേഷം ലശ്കറെ ത്വയ്യിബയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. കസബിനെ പിന്നീട് വധശിക്ഷക്ക് വിധേയനാക്കുകയായിരുന്നു. സിന്ധ് പ്രവിശ്യയിലെ തട്ടയില്‍ വെച്ച് തീവ്രവാദികള്‍ക്ക് ലശ്കറെ ത്വയ്യിബ പരിശീലനം നല്‍കിയതായും ഖ്വാസ പറയുന്നു.
പരിശീലന ക്യാമ്പ് കണ്ടെത്തിയ അന്വേഷണ സംഘം അത് പിടിച്ചെടുത്തിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടകവസ്തുക്കള്‍ പരിശീലന ക്യാമ്പുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലേക്കെത്താന്‍ തീവ്രവാദികള്‍ ഉപയോഗിച്ച ബോട്ട് തിരികെ പാക്കിസ്ഥാനിലെത്തിച്ച് പെയിന്റ് മാറ്റിയ ശേഷം വിറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ട് തട്ടിയെടുത്ത ശേഷമാണ് ബോട്ട് പാക്കിസ്ഥാനിലേക്ക് തിരിച്ചയച്ചത്. ഭീകരര്‍ വന്ന ചെറുതോണിയുടെ എന്‍ജിന്‍ ജപ്പാനില്‍ നിന്ന് ലാഹോറില്‍ ഇറക്കുമതി ചെയ്തതാണെന്നും കറാച്ചിയിലെ സ്‌പോര്‍ട്‌സ് കടയില്‍ നിന്നാണ് ലശ്കറെ ത്വയ്യിബ ബന്ധമുള്ളയാള്‍ ഇത് വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
ആക്രമണത്തിന് സാമ്പത്തിക സഹായം നല്‍കിയ വിദേശികള്‍ അറസ്റ്റിലായിട്ടുണ്ടെന്നും അവരെ വിചാരണക്ക് ഹാജരാക്കുമെന്നും ഖ്വാസ ലേഖനത്തില്‍ പറയുന്നു. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഖ്വാസയുടെ വെളിപ്പെടുത്തല്‍. ഭീകരാക്രമണ കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ് ഖ്വാസ.
ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ലശ്കറെ ത്വയ്യിബ ഓപറേഷനല്‍ കമാന്‍ഡര്‍ സാകിയുര്‍റഹ്മാന്‍ ലഖ്‌വിയെ കഴിഞ്ഞ ഏപ്രിലില്‍ പാക് കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. ലഖ്‌വിയെ കൂടാതെ ആറ് പേര്‍ കൂടിയാണ് മുംബൈ ഭീകരാക്രമണ കേസില്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായത്. കേസിലെ വിചാരണ 2009 മുതല്‍ ഇസ്‌ലാമാബാദിലെ തീവ്രവാദവിരുദ്ധ കോടതിയില്‍ നടന്നുവരികയാണ്. 166 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Latest