Connect with us

International

ആ ഓര്‍മകള്‍ക്ക് എഴുപതാണ്ട്‌

Published

|

Last Updated

ടോക്കിയോ: ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആഗസ്റ്റ് ആറ് രാവിലെ 8:15ന് ഹിരോഷിമാ നഗരം വെന്തുകരിഞ്ഞ ശരീരത്തില്‍നിന്ന് വാര്‍ന്നൊലിച്ച ഉപ്പുരസമുള്ള ദ്രാവകം കൊണ്ട് നിറഞ്ഞൊഴുകി. അന്നാണ് ജപ്പാനിലെ ഏറ്റവും ചലനാത്മകമായ നഗരം ലോകത്തെ ആദ്യ ആറ്റം ബോംബാക്രമണത്തിനിരയായത്. വെന്തുരുകിയ മനുഷ്യ മാംസത്തിന്റെ രൂക്ഷഗന്ധം കൊണ്ട് അന്തരീക്ഷം അസഹ്യമായിരുന്നു അന്ന്.
“”അതൊരുതരം വെള്ളിനിറമുള്ള പ്രഭയായിരുന്നു”” അമേരിക്ക തങ്ങളുടെ മാരകായുധം ആദ്യമായി പരീക്ഷിച്ച സന്ദര്‍ഭത്തെ തൊണ്ണൂറുകാരിയായ സുനോ സുബോയ് മുന്നില്‍ കാണുന്നതുപോലെ പറഞ്ഞു. “”ഞാന്‍ ഒരുപാടാലോചിച്ചു എങ്ങനെയാണ് ഞാനതില്‍ നിന്ന് രക്ഷപെട്ട് ഇത്രയും കാലം ജീവിച്ചതെന്ന്. വേദനാ ജനകമായ ആ നിമിഷങ്ങളെ ഓര്‍ക്കാന്‍ തന്നെ ഭയമാണ്”” അവര്‍ പറഞ്ഞു.
അതിജീവനത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം നഗരത്തിലെ 1.2 മില്ല്യണ്‍ ജനങ്ങള്‍ ഹിരോഷിമയില്‍ വീണ്ടും ഒരു വാണ്യജ്യ നഗരം കെട്ടിപ്പടുക്കുമ്പോഴും മാനസികമായും ശാരീരികമായും അവരിപ്പോഴും ആ കറുത്ത ദിനത്തിന്റെ ഓര്‍മകളില്‍ നിന്ന് കരകയറിയിട്ടില്ല.
ബോംബ് വര്‍ഷിച്ച് 43 സെക്കന്‍ഡ് കൊണ്ട്, ഭൂമിയില്‍ നിന്ന് 600 മീറ്റര്‍ മുകളില്‍വെച്ച് അതൊരഗ്നിഗോളമായി രൂപാന്തരപെട്ടു. ഒരുമില്ല്യണ്‍ ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള ഭീമാകാരമായ ഒരഗ്നിഗോളം. ഭൗമോപരിതലത്തില്‍ 4,000 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള ഒരുവസ്തുകൊണ്ട് സ്റ്റീല്‍ പോലും ഉരുകി ഇല്ലാതെയാകും. കെട്ടിടങ്ങള്‍ ചിലത് രക്ഷപ്പെട്ടുവെങ്കിലും അതിനുള്ളിലൊന്നും ഒന്നിന്റെയും -ഒരാളുടെയും നിഴല്‍പോലും ബാക്കിയായിരുന്നില്ല.
സുബോയ് അന്ന് സംഭവസ്ഥലത്ത് നിന്നും 1.2 കി.മി ദൂരത്തുള്ള തന്റെ കോളജിലായിരുന്നുവെങ്കിലും ദുരന്തം അവരെയും ബാധിച്ചു. സ്വന്തം ശരീരത്തില്‍ കത്തിക്കരിഞ്ഞ് ഒട്ടിപിടിച്ച വസ്ത്രം അവര്‍ വലിച്ചെടുക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് രക്തം തെറിക്കുന്നുണ്ടായിരുന്നു എന്ന് അവര്‍ ഓര്‍ത്തെടുക്കുന്നു.

 

Latest