Connect with us

Kerala

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസ് പിടിയില്‍

Published

|

Last Updated

അബുദാബി : നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ഉതുപ്പ് വര്‍ഗീസ് ഗള്‍ഫില്‍ അറസ്റ്റില്‍. ഇന്റര്‍പോളാണ് അറസ്റ്റ് ചെയ്തത്. ഈ വിവരം സിബിഐയ്ക്കു കൈമാറി. അബുദാബിയിലെ ഉതുപ്പ് വര്‍ഗീസ് താമസിച്ചിരുന്ന ഹോട്ടലില്‍ വച്ചാണ് അറസ്റ്റ്‌ചെയ്തത് എന്നാണു സൂചന. രാജ്യാന്തര നിയമം അനുസരിച്ചുള്ള നടപടികള്‍ക്കു ശേഷം ഇദ്ദേഹത്തെ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് കരുതുന്നത്.

കേസില്‍ ഉതുപ്പ് വര്‍ഗീസ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നും ഇന്ത്യയിലേക്കു തിരികെ എത്താന്‍ അനുവദിക്കണമെന്നുമാണു ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. ആദ്യം ഉതുപ്പ് ഇന്ത്യയില്‍ എത്തട്ടെയെന്നാണ് നിലപാടെടുത്തത്. സിബിഐ ആവശ്യപ്പെട്ടതനുസരിച്ചു കഴിഞ്ഞ ദിവസം രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ ഉതുപ്പ് വര്‍ഗീസിനെ പിടികിട്ടാപ്പുള്ളിയിയായി പ്രഖ്യാപിച്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ബിസിനസ് രംഗത്തെ ശത്രുതയാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നിലെന്ന് ഉതുപ്പ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. സിബിഐ തന്റെ ഓഫീസ് റെയ്ഡ് ചെയ്തു മുഴുവന്‍രേഖകളും പിടിച്ചെടുത്തിരുന്നു. അതിനാല്‍ തന്നെ ഇനി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണു പറഞ്ഞത്.

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു നടത്തി 300 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് ഉതുപ്പ് വര്‍ഗീസിനെതിരായ കേസ്. കേസിലെ മൂന്നാം പ്രതിയാണ് ഉതുപ്പ് വര്‍ഗീസ്.