Connect with us

Kerala

പോലീസ് ആസ്ഥാന നവീകരണത്തിലെ അഴിമതി: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: പോലീസില്‍ നവീകരണത്തിന്റെ മറവില്‍ വന്‍ അഴിമതി നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്. ഇ-ബീറ്റ് പദ്ധതിയുടെ പേരില്‍ പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ രണ്ടേകാല്‍ കോടിയുടെ ക്രമക്കേട് നടത്തിയതായാണ് ഡി ജി പി നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു.
പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലുള്ള പദ്ധതിയിലാണ് തട്ടിപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. പോലീസിന്റെ ബീറ്റ് പരിശോധനയുടെ ഭാഗമായി പരാതിപ്പെട്ടികളില്‍ ബുക്കിന് പകരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായിരുന്നു ഇ-ബീറ്റ് പദ്ധതി. 2013 ജനുവരിയില്‍ ആണ് ബെംഗളൂരു ആസ്ഥാനമായ വൈഫിനിറ്റ ടെക്‌നോളജീസുമായി പോലീസ് കരാര്‍ ഒപ്പിട്ടത്. എന്നാല്‍ കരാര്‍ പ്രകാരം വൈഫിനിറ്റി ടെക്‌നോളജീസ് പോലീസിന് നല്‍കിയതെല്ലാം നിലവാരം കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളായിരുന്നു.
ധാരണപ്രകാരം റേഡിയോ ഫ്രീക്വന്‍സി ഐ ഡി കാര്‍ഡുകള്‍ എത്തിച്ചെങ്കിലും അനുബന്ധ സോഫ്റ്റ്‌വെയറും സെര്‍വറും നല്‍കിയില്ല. പ്രവര്‍ത്തനക്ഷമത പരിശോധിക്കാതെ അന്നേദിവസം തന്നെ മുഴുവന്‍ പണവും കമ്പനിക്ക് നല്‍കി. പക്ഷേ, രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പായിട്ടില്ല. പദ്ധതിക്കായി സ്ഥാപിച്ച ഉപകരണങ്ങള്‍ ഉപയോഗശൂന്യമായതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ വൈഫിനിറ്റി ടെക്‌നോളജീസ് അടച്ചുപൂട്ടി. പലിശ ഉള്‍പ്പെടെയുള്ള നഷ്ടമാണ് രണ്ടേകാല്‍ കോടിയായി കണക്കാക്കിയിരിക്കുന്നത്. കമ്പനിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നല്‍കിയ മൂന്ന് ലക്ഷം രൂപയും നഷ്ടപ്പെട്ടുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കരാറില്‍ ഏര്‍പ്പെടാന്‍ മുന്‍കൈയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണം, കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നിവയാണ് ഡി ജി പി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശ. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം.
അതേസമയം, കരാര്‍ പ്രകാരം സെര്‍വര്‍ നല്‍കേണ്ട ഉത്തരവാദിത്വം കമ്പനിക്കുണ്ടായിരുന്നില്ലെന്ന് വൈഫിനിറ്റി ടെക്‌നോളജീസിന്റെ സി ഇ ഒയായിരുന്ന ജയദീപ് കൃഷ്ണ പറഞ്ഞു. ആറ് മാസത്തോളം കമ്പനി സ്വന്തം സെര്‍വര്‍ പോലീസിന്റെ പ്രവര്‍ത്തനത്തിന് നല്‍കിയിരുന്നു. പോലീസിന് പലതവണ കത്തു നല്‍കിയ ശേഷമാണ് കമ്പനി സെര്‍വര്‍ മാറ്റിയത്. പോലീസ് ആസ്ഥാനത്തെ നവീകരണ ചുമതലയുണ്ടായിരുന്ന എ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതേത്തുടര്‍ന്നാണ് പീന്നീട് പൊലീസുമായി സഹകരിക്കാതിരുന്നതെന്നും ജയദീപ് കൃഷ്ണ വിശദീകരിച്ചു.

Latest