Connect with us

International

കണ്ടെത്തിയത് എം എച്ച് 370ന്റേതെന്ന് മലേഷ്യയുടെ സ്ഥിരീകരണം

Published

|

Last Updated

ക്വലാലംപൂര്‍: റീയൂനിയന്‍ ദ്വീപില്‍ നിന്ന് കണ്ടെത്തിയ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കാണാതായ എം എച്ച് 370 വിമാനത്തിന്റേത് തന്നെയെന്ന് സ്ഥിരീകരണം. വിമാനത്തിന്റെ സീറ്റു കുഷ്യനും വിന്‍ഡോകളും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ലഭിച്ചതായി മലേഷ്യന്‍ ഗതാഗത മന്ത്രി ലിയോ തിയോംഗ് ലായ് പറഞ്ഞു. എന്നാല്‍ ഫ്രഞ്ച് അധികൃതര്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷമേ ഉറപ്പിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റീയൂനിയന്‍ ദ്വീപില്‍ നിന്ന് കണ്ടെടുത്ത വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എം എച്ച് 370 ന്റേതാണെന്ന് കഴിഞ്ഞ ദിവസം മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖും വ്യക്തമാക്കിയിരുന്നു. ഇതോടെ 17 മാസമായി തുടരുന്ന ദുരൂഹതക്ക് അവസാനമായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 8നാണ് ദുരൂഹതകളും സംശയങ്ങളും ബാക്കിയാക്കി എം എച്ച് 370 വിമാനം അപ്രത്യക്ഷമായത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍മഹാസമുദ്രമുള്‍പ്പെടെയുള്ള മേഖലകളില്‍ വിവിധ രാജ്യങ്ങളുടെ സാഹയത്തോടെ ഗംഭീരമായ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. ഇതിനെ തുടര്‍ന്ന്, വിമാനം അപ്രത്യക്ഷമായതിനെ കുറിച്ച് പല അഭ്യൂഹങ്ങളും പരന്നു. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി അജ്ഞാത ദ്വീപില്‍ ഇറക്കിയെന്ന് വരെ വാര്‍ത്തകള്‍ പരന്നു. ക്വലാലംപൂരില്‍ നിന്ന് ചൈനയിലെ ബീജിംഗിലേക്കുള്ള യാത്രക്കിടെയാണ് വിമാനം അപ്രത്യക്ഷമായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 239 പേരും കൊല്ലപ്പെട്ടെന്നാണ് നിഗമനം.
അതേസമയം, പുതിയ കണ്ടെത്തലുകളെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ബന്ധുക്കള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

Latest