Connect with us

Kerala

സ്വകാര്യ ഹജ്ജ് യാത്ര: അംഗീകാരം ഉറപ്പ് വരുത്തുക

Published

|

Last Updated

പെരിന്തല്‍മണ്ണ: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളില്‍ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ അംഗീകാരമില്ലാത്ത ഗ്രൂപ്പുകളില്‍ ബുക്ക് ചെയ്ത് മുന്‍ വര്‍ഷങ്ങളെ പോലെ വഞ്ചിതരാകരുതെന്ന് ഇന്ത്യന്‍ ഹജ്ജ്- ഉംറ ഗ്രൂപ്പ് അസോസിയേഷന്‍. സര്‍ക്കാര്‍ അംഗീകാരത്തോടെ 2015ല്‍ ഹജ്ജിന് കൊണ്ടുപോകാവുന്ന സ്വകാര്യ ഏജന്‍സികളുടെ ലിസ്റ്റ് വിദേശ മന്ത്രാലയം പ്രസിദ്ധീകരിച്ചു.
കേരളത്തില്‍ നിന്ന് മൊത്തം 58 ഗ്രൂപ്പുകളിലായി 4556 പേര്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1000 പേരുടെ കുറവാണ് ഈ വര്‍ഷം. സുരക്ഷിതമായ യാത്ര ഗവ. അംഗീകൃത ഏജന്‍സികളിലൂടെ സുതാര്യമാക്കുന്നതിന് വേണ്ടി വിദേശ കാര്യ മന്ത്രാലയം ഇത്തവണയും തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളുടെ ലിസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുള്ള ഏജന്‍സികളില്‍ പാലിക്കേണ്ട നിബന്ധനകളില്‍ ഒരു ഏജന്‍സിക്കനുവദിച്ച ഹജ്ജ് ക്വാട്ട മറ്റൊരു ഏജന്‍സിക്ക് കൈമാറുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഹജ്ജ് ക്വാട്ട വില്‍ക്കുകയോ വാങ്ങുകയോ ചെയ്താല്‍ ഏജന്‍സികളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് സംഖ്യ പിടിച്ചെടുക്കുമെന്നും ഗ്രൂപ്പിനെ കരിമ്പട്ടികയില്‍ ചേര്‍ക്കുമെന്നും ഉത്തരവാദപ്പെട്ട വ്യക്തിക്ക് വിലക്കേര്‍പ്പെടുത്തുമെന്നും വിദേശ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തിലുണ്ട്. യാത്ര മുടങ്ങാതിരിക്കാന്‍ വെബ്‌സൈറ്റ് പരിശോധിച്ച് യാത്ര പോകുന്ന ഗ്രൂപ്പിന്റെ അംഗീകാരം ഉറപ്പ് വരുത്താന്‍ ശ്രമിക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ്- ഉറ അസേസോയിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
വിദേശ കാര്യ മന്ത്രാലയത്തില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജിന് ക്വാട്ട ലഭിച്ച ഇന്ത്യന്‍ ഹജ്ജ്- ഉംറ ഗ്രൂപ്പ് അസോസിയേഷന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി ഈ വര്‍ഷം 59 അംഗങ്ങളാണുള്ളത്.
നിഷ്‌കളങ്കരായ തീര്‍ഥാടകരെ വഞ്ചിക്കുന്നവര്‍ക്കെതിരെ ഭരണാധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പി കെ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ടി മുഹമ്മദ് ഹാരിസ് കോഴിക്കോട്, പി കെ എം ഹുസൈന്‍ ഹാജി, സി മുഹമ്മദ് ബശീര്‍ സംബന്ധിച്ചു.

Latest