Connect with us

Ongoing News

ആഷസ്: ഓസീസ് ചാരമായി

Published

|

Last Updated

നോട്ടിംഗ്ഹാം: ജെയിംസ് ആന്‍ഡേഴ്‌സന്റെ അഭാവത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് മാരാകായുധമായി ! ബ്രോഡിന്റെ തകര്‍പ്പന്‍ ബൗളിംഗില്‍ ആസ്‌ത്രേലിയ തരിപ്പണമായി. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ കരിയറിലെ മികച്ച പ്രകടനവുമായി പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് നിറഞ്ഞാടിയപ്പോള്‍ ഒന്നാം ദിവസം ഉച്ചഭക്ഷണത്തിനു മുമ്പ് ഓസീസ് ഒന്നാം ഇന്നിംഗ്‌സ് 60 റണ്‍സില്‍ കൂപ്പുകുത്തി. 9.5 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബ്രോഡ് കങ്കാരുക്കളുടെ എട്ടു വിക്കറ്റുകളാണു പിഴുതത്. ഓസീസ് ഇന്നിംഗ്‌സില്‍ മൂന്നു പേര്‍ സംപൂജ്യരായി മടങ്ങിയപ്പോള്‍ രണ്ടു പേര്‍ മാത്രമാണു രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും (10) മിച്ചല്‍ ജോണ്‍സണുമാണു (13) രണ്ടക്കസ്‌കോര്‍ കണ്ടെത്തിയത്.
ഓരോ വിക്കറ്റ് വീഴ്ത്തി സ്റ്റീവന്‍ ഫിന്നും മാര്‍ക്ക് വുഡും ബ്രോഡിന് മികച്ച പിന്തുണ നല്‍കി. ഇവര്‍ക്കു മൂന്നു പേര്‍ക്കും ബൗള്‍ ചെയ്യാനുള്ള അവസരമേ കങ്കാരുപ്പട നല്‍കിയുള്ളു. അഥവാ മത്സരം കുട്ടിക്കളിയുടെ ഓവര്‍പോലും എത്തുന്നതിനുമുമ്പ് ഇംഗ്ലണ്ട് അവസാനിപ്പിച്ചു. ഓസീസിനെ 18.3 ഓവര്‍ മാത്രമാണു ബാറ്റുചെയ്യാന്‍ ഇംഗ്ലണ്ട് അനുവദിച്ചത്. ക്രിസ് റോജേഴ്‌സ്, ഡേവിഡ് വാര്‍ണര്‍, ഷോണ്‍ മാര്‍ഷ് എന്നിവര്‍ക്ക് എക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. ആസ്‌ത്രേലിയയുടെ സ്‌കോര്‍ കാര്‍ഡിലെ ടോപ്പ് സ്‌കോറര്‍ ഇംഗ്ലണ്ട് വിട്ടുനല്‍കിയ എക്‌സ്ട്രാസായിരുന്നു (14).
നേരത്തെ ബ്രോഡ് ടെസ്റ്റില്‍ 300 വിക്കറ്റ് ക്ലബില്‍ സ്ഥാനം പിടിക്കുന്നതിനും ട്രെന്റ്ബ്രിഡ്ജ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചു. ആസ്‌ത്രേലിയന്‍ ഓപ്പണര്‍ ക്രിസ് റോജേഴ്‌സിനെ പൂജ്യത്തിനു മടക്കിയാണു ബ്രോഡ് നേട്ടം ആഘോഷിച്ചത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ റോജേഴ്‌സിനെ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെ കൈകളില്‍ എത്തിച്ച ബ്രോഡ് അവസാന പന്തില്‍ സ്റ്റീവ് സ്മിത്തിനെയും പൂജ്യത്തിനു പുറത്താക്കി.