Connect with us

Kozhikode

പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണാനായാല്‍ പോലീസിനെതിരായ വിമര്‍ശനം കുറയും: എ ഡി ജി പി

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലായാല്‍ 90 ശതമാനം പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഉത്തരമേഖലാ എ ഡി ജി പി എന്‍ ശങ്കര്‍റെഡ്ഡി. പൊതുജനങ്ങളുടെ പരാതികള്‍ക്ക് പെട്ടന്ന് പരിഹരിക്കുകയും കൃത്യനിര്‍വഹണത്തില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ പോലീസിനെതിരെ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് പരിഹാരമാകും. പോലീസ് സ്‌റ്റേഷനുകളുടെ ഭരണം നിയന്ത്രിക്കുന്ന പോലീസ് ഓഫീസര്‍മാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി നാല് വിഭാഗങ്ങളായി പ്രവര്‍ത്തിക്കണം. സേനാംഗങ്ങളും ഉപകരണങ്ങളും, കുറ്റകൃത്യങ്ങളും പരാതികളും , പുറമേയുള്ള പോലീസുകാരുടെ പ്രവര്‍ത്തനങ്ങള്‍, മറ്റുള്ള കാര്യനിര്‍വഹണം എന്നിങ്ങനെയാണ് പോലീസ് സ്‌റ്റേഷന്റെ ഭരണസംവിധാനം വിഭജിച്ച് നടപ്പാക്കേണ്ടത്. കണ്ണൂരിലേയും കോഴിക്കോട് സിറ്റിയിലേയും പോലീസ് സ്‌റ്റേഷനുകളിലെ റൈറ്റര്‍മാരുടേയും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടേയും യോഗം വിളിച്ചു ചേര്‍ത്തു നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം സമയാധിഷ്ഠിതമായി നടപ്പാക്കുന്നുണ്ടോയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കണം. കസ്റ്റഡി മരണങ്ങള്‍ അടക്കമുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സേനാംഗങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കസ്റ്റഡിയിലെടുക്കുന്നവരെ ഉടന്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്താല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി ഷാഹുല്‍ഹമീദ് അധ്യക്ഷത വഹിച്ചു.

Latest