Connect with us

National

കോണ്‍ഗ്രസ് എം പിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് മന്ത്രി വെങ്കയ്യ നായിഡു

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റില്‍ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ച 25 കോണ്‍ഗ്രസ് എം പിമാര്‍ക്ക് ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി എസ് വെങ്കയ്യനായിഡു. സസ്‌പെന്‍ഷന്‍ ലഭിച്ച എം പിമാര്‍ സഭാനടപടികള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടു പോവാന്‍ സഹകരിക്കാമെന്ന് സ്പീക്കറെ കണ്ട് ഉറപ്പ് നല്‍കിയാലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയെന്നും വെങ്കയ്യനായിഡു പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് സഭയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു നായിഡുവിന്റെ പ്രതികരണം. മുദ്രാവാക്ക്യം വിളിക്കുകയും ബഹളമുണ്ടാക്കുകയുമല്ല പ്രതിഷേധം രേഖപ്പെടുത്താനുള്ള മാര്‍ഗമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. സസ്പന്‍ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനോടൊപ്പം സഭവിട്ടു പുറത്തുപോയ സമാജ്‌വാദി പാര്‍ട്ടിയും ഇടതുപാര്‍ട്ടികളും സഭയിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും നായിഡു പറഞ്ഞു.

ചൊവ്വാഴ്ച്ച സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് 25 കോണ്‍ഗ്രസ് എം പിമാര്‍ക്കാണ് സ്പീക്കര്‍ സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് ഇതിനെതിരെ സോണിയാ ഗാന്ധിയുടെ നേതൃത്ത്വത്തില്‍ പാര്‍ലമെന്റിന് മുമ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.