Connect with us

National

സി പി യു യോഗം ഇന്ത്യ ബഹിഷ്‌കരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഇസ്‌ലാമാബാദില്‍ സെപ്തംബറില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് പാര്‍ലിമെന്ററി യൂനിയന്‍ (സി പി യു) കോണ്‍ഫറന്‍സ് ഇന്ത്യ ബഹിഷ്‌കരിക്കുന്നു. ജമ്മു കാശ്മീര്‍ നിയമസഭാ സ്പീക്കറെ യോഗത്തിന് ക്ഷണിക്കാതിരുന്ന പാക്കിസ്ഥാന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പഞ്ചാബിലെ ഗുരുദാസ്പൂരിലും ജമ്മു കാശ്മീരിലെ ഉധംപൂരിലും ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ തീരുമാനം. സെപ്തംബര്‍ മുപ്പത് മുതല്‍ ഒക്‌ടോബര്‍ എട്ട് വരെയാണ് അറുപത്തിയൊന്നാമത് സി പി യു കോണ്‍ഫറന്‍സ് നടക്കുന്നത്.
സംസ്ഥാന സ്പീക്കര്‍മാരുടെ യോഗത്തില്‍ ഏകകണ്ഠമായാണ് കോണ്‍ഫറന്‍സ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നും ജമ്മു കാശ്മീര്‍ സ്പീക്കറെ കോണ്‍ഫറന്‍സിന് ക്ഷണിച്ചിട്ടില്ലെന്നും ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. ജമ്മു കാശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സ്പീക്കര്‍മാര്‍ക്ക് പാക്കിസ്ഥാന്‍ ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് കോണ്‍ഫറന്‍സ് അസോസിയേഷനില്‍ (സി പി എ) അംഗങ്ങളായ എല്ലാ സ്പീക്കര്‍മാരെയും യോഗത്തിന് ക്ഷണിക്കണമെന്നാണ് സി പി യു ചട്ടമെന്നും ഇതിന് എതിരാണ് പാക്കിസ്ഥാന്റെ നടപടിയെന്നും സുമിത്ര മഹാജന്‍ വ്യക്തമാക്കി. ഇന്ത്യ റീജ്യണ്‍ ഓഫ് കോമണ്‍വെല്‍ത്ത് പാര്‍ലിമെന്ററി അസോസിയേഷനില്‍ എല്ലാ നിയമസഭാ സ്പീക്കര്‍മാരും അംഗങ്ങളാണ്. ജമ്മു കാശ്മീരിനെ മാത്രം അംഗീകരിക്കാതിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ലോക്‌സഭാ സ്പീക്കര്‍ പറഞ്ഞു.
ജമ്മു കാശ്മീര്‍ സ്പീക്കറെ ക്ഷണിക്കാതിരുന്നതിന് 1951- 57 കാലത്തെ പഴഞ്ചന്‍ നിയമമാണ് പാക്കിസ്ഥാന്‍ യു എന്‍ സുരക്ഷാ സമിതിക്കു മുമ്പാകെ ചൂണ്ടിക്കാട്ടുന്നതെന്നും ഈ നിയമത്തിന് ഇപ്പോള്‍ സാധുതയില്ലെന്നും സുമിത്ര മഹാജന്‍ പറഞ്ഞു. ഈ വിഷയം സി പി എ ചെയര്‍പേഴ്‌സണും ജനറല്‍ സെക്രട്ടറിക്കും മുമ്പാകെ ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ ഈ ന്യായമാണ് പാക്കിസ്ഥാന്‍ ഉന്നയിക്കുന്നത്.
ജമ്മു കാശ്മീര്‍ സ്പീക്കറെ ക്ഷണിച്ചിട്ടില്ലെങ്കില്‍ യോഗം ബഹിഷ്‌കരിക്കുമെന്നും അല്ലാത്തപക്ഷം വേദി മാറ്റണമെന്നും സി പി എ ചെയര്‍പേഴ്‌സണെയും സെക്രട്ടറി ജനറലിനെയും അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണാത്ത പക്ഷം കോണ്‍ഫറന്‍സ് ബഹിഷ്‌കരിക്കുമെന്ന് ബംഗ്ലാദേശ് പാര്‍ലിമെന്റ് സ്പീക്കറും സി പി എ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ഷിറിന്‍ ചൗധരിയെ അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത എല്ലാ സ്പീക്കര്‍മാരും തീരുമാനത്തിന് പിന്തുണ നല്‍കി. തീരുമാനത്തെ ജമ്മു കാശ്മീര്‍ സ്പീക്കര്‍ രവീന്ദ്ര ഗുപ്ത സ്വാഗതം ചെയ്തു. പാക്കിസ്ഥാന്‍ ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഗുര്‍ദാസ്പൂരിലും ഉധംപൂരിലും ഉണ്ടായ ഭീകരാക്രമണങ്ങളുടെയും അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെയും പിന്നാലെയാണ് സി പി യു ബഹിഷ്‌കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം.

Latest