Connect with us

Articles

ജനസംഖ്യാ സിദ്ധാന്തവും ഹിന്ദുത്വത്തിന്റെ മാപ്പുസാക്ഷികളും

Published

|

Last Updated

കേരളത്തില്‍ ഹിന്ദുക്കള്‍ കുറയുകയാണെന്നും മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജനസംഖ്യ വര്‍ധിക്കുകയാണെന്നുമുള്ള പ്രചാരണം സംഘ്പരിവാര്‍ 1980കള്‍ മുതല്‍ തന്നെ സംഘടിതമായി നടത്തിയിട്ടുണ്ട്. 1982ല്‍ പ്രസിദ്ധീകരിച്ച “വിശാല ഹിന്ദു സമ്മേളനം എന്ത്? എന്തിന്?” എന്ന ലഘുലേഖയില്‍ പി പരമേശ്വരന്‍ 1971ലെ ജനസംഖ്യാ കണക്കനുസരിച്ച് ഭാരതത്തില്‍ 86 ശതമാനം ഹിന്ദുക്കളുള്ളപ്പോള്‍ കേരളത്തില്‍ അവരുടെ സംഖ്യ 59 ശതമാനം മാത്രമാണെന്ന് പരിതപിക്കുന്നുണ്ട്. പരമേശ്വരന്റെ അപഗ്രഥനപ്രകാരം ഇതരമതസ്ഥര്‍ 39 ശതമാനം കണ്ട് വര്‍ധിച്ചപ്പോള്‍ ഹിന്ദുക്കളുടെ ജനസംഖ്യയിലെ വര്‍ധന 23 ശതമാനം മാത്രമാണ്. ഇന്നിപ്പോള്‍ ഈ ജനസംഖ്യാ മാറ്റസിദ്ധാന്തം ഉപയോഗിച്ചുള്ള ന്യൂനപക്ഷവിരുദ്ധ പ്രചാരവേലകള്‍ തീവ്രഗതിയിലായിരിക്കുകയാണ്.
മതേതര ജനാധിപത്യ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുമാത്രമേ സംഘപരിവാറിന്റെ ജനസംഖ്യയെ മുന്‍നിര്‍ത്തിയുള്ള ഫാസിസ്റ്റ് പ്രചാരവേലകളെ പുരോഗമന ശക്തികള്‍ക്ക് നേരിടാനാകൂ. ഇന്ത്യയില്‍ 2011ലെ സെന്‍സസ് അനുസരിച്ച് മുസ്‌ലിംകളുടെ ജനസംഖ്യ 13.4 ശതമാനം ആണ്. ക്രിസ്ത്യന്‍ ജനസംഖ്യ രണ്ട് ശതമാനവും. എല്ലാവിഭാഗത്തിലുംപെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ ചേര്‍ന്നാലും ജനസംഖയില്‍ ഭൂരിപക്ഷ ഹിന്ദുമതക്കാരേക്കാള്‍ ഒരു മേല്‍ക്കൈയും ജനസംഖ്യാപരമായി ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കുണ്ടാവില്ലെന്നതാണ് യാഥാര്‍ഥ്യം. 80 ശതമാനത്തിലേറെ വരുന്ന ഹിന്ദുഭൂരിപക്ഷ മതക്കാരേക്കാളും ന്യൂനപക്ഷങ്ങള്‍ വളര്‍ന്ന് ഭൂരിപക്ഷമാകുമെന്നുള്ളത് ഒരു അസംബന്ധവാദം മാത്രമാണ്. കേരളത്തില്‍ പുതിയ ജനസംഖ്യാ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുക്കള്‍ ന്യൂനപക്ഷമായിരിക്കുന്നുവെന്ന വാദം ഹിന്ദു ഐക്യവേദിക്കാര്‍ മാത്രമല്ല പുരോഗമന വിഭാഗങ്ങളില്‍ പെട്ടവര്‍ പോലും ആവര്‍ത്തിക്കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയാണുള്ളത്. നമ്മുടെ പൊതുബോധത്തെ ഹിന്ദുത്വ ശക്തികള്‍ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നതെന്ന് ഇടതുപക്ഷം അതീവ ഗൗരവമായി പഠിക്കേണ്ടതുണ്ട്. രാഷ്ട്രീയ പ്രചരണത്തിന്റെയും വ്യവഹാരത്തിന്റെയും മണ്ഡലങ്ങളില്‍ നിന്നും വര്‍ഗീയത സമൂഹമനസ്സിന്റെ അകത്തളങ്ങളില്‍ ശത്രുതയും വിദേ്വഷവും വളര്‍ത്തിയാണ് സാമൂഹിക ജീവിതത്തിനാകെ ഭീഷണിയായി കഴിഞ്ഞിരിക്കുന്നത്.
2011ലെ സെന്‍സസ് നല്‍കുന്ന സൂചനകളനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ 38 ശതമാനം മുസ്‌ലിം വിഭാഗവും 19 ശതമാനം ക്രിസ്ത്യന്‍ വിഭാഗവുമാണ്. ഹിന്ദുക്കള്‍ 43 ശതമാനവും. 38 ശതമാനം വരുന്ന മുസ്‌ലിംകള്‍ ഈ കണക്കുപ്രകാരം എങ്ങനെയാണ് ഭൂരിപക്ഷസമുദായമാകുന്നത്? 19 ശതമാനം ക്രിസ്ത്യന്‍ സമുദായം എങ്ങനെയാണ് ഭൂരിപക്ഷ സമുദായമാകുന്നത്? ഈ കണക്കുകള്‍ തന്നെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരമാണെന്നത് ആധികാരികമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല എന്നുള്ളതാണ് വസ്തുത. യഥാര്‍ഥത്തില്‍ മുസ്‌ലിം ജനസംഖ്യ 24.7 ശതമാനമാണെന്ന കണക്കും പുറത്തുവന്നിട്ടുണ്ട്. അതവിടെനില്‍ക്കട്ടെ. രണ്ടും ചേര്‍ത്ത് ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്നുവെന്ന വാദത്തിന് ഇന്നത്തെ സാര്‍വദേശീയ പശ്ചാത്തലത്തില്‍ എന്ത് പ്രസക്തിയാണുള്ളത്? ആഗോള ഭീകരവിരുദ്ധയുദ്ധത്തില്‍ ആംഗ്ലിക്കന്‍ ക്രിസ്ത്യന്‍ വിഭാഗവും പ്രൊട്ടസ്റ്റന്റ് വിഭാഗവും കത്തോലിക്കരും അടങ്ങുന്ന യു എസ്- യൂറോപ്യന്‍ ശക്തികള്‍ ഇസ്‌ലാംവിരുദ്ധമായൊരു സൈനിക പ്രത്യയശാസ്ത്ര മുന്നണിയെക്കുറിച്ചാണ് പറയുന്നത്. ഏഷ്യയില്‍ സിയോണിസവും ഹിന്ദുത്വവും ചേര്‍ന്നൊരു പ്രത്യയശാസ്ത്ര മുന്നണിയാണത്. ഹണ്ടിംഗ്ടണിന്റെ സംസ്‌കാരസംഘര്‍ഷ സിദ്ധാന്തവും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റും പെന്റഗണും സി ഐ എയുമെല്ലാം ചേര്‍ന്ന വിശാലസഖ്യത്തിലെ തന്ത്രപരമായ പങ്കാളിയാകാനാണ് സംഘപരിവാറും സിയോണിസ്റ്റ് സംഘടനകളുമെല്ലാം വ്യഗ്രതപ്പെട്ടുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ഇസ്‌ലാമും ആധുനിക ജിഹാദിസവും സാമ്രാജ്യത്വത്തിന്റെ തന്നെ സൃഷ്ടിയാണെന്നത് മറ്റൊരു കാര്യം. എല്ലാ വര്‍ഗീയ പ്രസ്ഥാനങ്ങളും സാമ്രാജ്യത്വപ്രോക്തമായ പ്രത്യയശാസ്ത്രങ്ങളുടെ നിര്‍മിതിയാണെന്നതാണ് പുരോഗമനശക്തികള്‍ കാണേണ്ടത്.
യഥാര്‍ഥത്തില്‍ 1957ലെ വിമോചനസമരത്തിലൂടെ രൂപപ്പെട്ട ജാതിമതശക്തികളെല്ലാം ചേര്‍ന്ന പ്രതിലോമ രാഷ്ട്രീയ സഖ്യമാണ് സാമുദായികതക്കും വര്‍ഗീയതക്കും കേരളത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ മാന്യസ്ഥാനം ലഭിക്കുന്ന അവസ്ഥയുണ്ടാക്കിയത്. കമ്യൂണിസ്റ്റ്‌വിരുദ്ധ കുരിശുയുദ്ധത്തില്‍ സി ഐ എ പണമൊഴുക്കി വലതുപക്ഷ രാഷ്ട്രീയ കേന്ദ്രീകരണത്തിലേക്ക് സര്‍വജാതിമതവര്‍ഗീയ ശക്തികളെയും ഒന്നിപ്പിക്കുകയായിരുന്നല്ലോ. ജനസംഖ്യാ വര്‍ധനസിദ്ധാന്തം ഉന്നയിച്ച് ന്യൂനപക്ഷവിരുദ്ധവും മതനിരപേക്ഷവിരുദ്ധവുമായ ഭൂരിപക്ഷമത രാഷ്ട്രീയത്തെ ശരിവെക്കുന്നവര്‍ ഒരു നൂറ്റാണ്ടുകാലമായി ഫാസിസ്റ്റുകള്‍ ഉപയോഗിക്കുന്ന ഒരു രീതിശാസ്ത്രം കുറ്റകരമാംവിധം പുനരാവര്‍ത്തിക്കുകയാണ്. നമ്മുടെ പുരോഗമന രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ആശയപരമായ ഇച്ഛാശക്തിയില്ലായ്മയാണ് ഇത്തരം നിലപാടുകളിലൂടെ ദാരുണമായി പുറത്തുവരുന്നത്.
ന്യൂനപക്ഷമതവിഭാഗങ്ങള്‍ ഹിന്ദുക്കളെ ന്യൂനപക്ഷമാക്കിക്കളയുമെന്ന അസംബന്ധഭീതി ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് ദശകങ്ങളായി. കേരളത്തിന്റെ സവിശേഷതകളും ന്യൂനപക്ഷ-ഭൂരിപക്ഷ മതവിഭാഗങ്ങളും തമ്മിലുള്ള ജനസംഖ്യാപരമായ വ്യത്യാസങ്ങളും ഇന്ത്യയുടെ പൊതുഘടനയില്‍ നിന്ന് അടര്‍ത്തിമാറ്റി ചര്‍ച്ചചെയ്യുന്നത് രാഷ്ട്രീയമായി മറ്റൊരസംബന്ധമാണെന്ന് പറയാതിരിക്കാന്‍ വയ്യ. ജനസംഖ്യാ പ്രശ്‌നം മതവുമായി ബന്ധപ്പെട്ട ഒന്നായല്ല ജനങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ജനസംഖ്യാവര്‍ധനവ് ഒരു മതപ്രശ്‌നമല്ലാ എന്ന് ജനാധിപത്യവാദികളായ ആളുകള്‍ ഒരിക്കലും മറന്നുപോകരുത്. വിദ്യാഭ്യാസവളര്‍ച്ച നേടാന്‍ കഴിഞ്ഞ, സാമ്പത്തികമായി താരതമേ്യന മെച്ചപ്പെട്ട സ്ഥിതിയിലുള്ള ഹിന്ദുക്കളിലും മുസ്‌ലിംകളിലും ക്രിസ്ത്യാനികളിലും ജനസംഖ്യാവളര്‍ച്ചയുടെ തോത് കുറവാണ്. നിരക്ഷരരിലും ദരിദ്രരിലും അവര്‍ ഹിന്ദുവോ മുസ്‌ലിമോ ക്രിസ്ത്യനിയോ ആകട്ടെ ജനസംഖ്യാവളര്‍ച്ച കൂടുതലാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ജനസംഖ്യാ വര്‍ധനവിന്റെ പ്രശ്‌നം ദാരിദ്ര്യത്തിന്റെ പ്രശ്‌നമാണ്. അതിനെ മതപരമായ ഒരു പ്രശ്‌നമാക്കി അവതരിപ്പിക്കുന്നവര്‍ ഫാസിസത്തിന്റെ മാപ്പുസാക്ഷികളാണ്. കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ മതവിഭാഗങ്ങളിലുംപെട്ട ഒരു ചെറുസമ്പന്നവിഭാഗം ആഗോളവല്‍ക്കരണത്തിന്റെ സൗകര്യങ്ങളും സൗജന്യങ്ങളും ഉപയോഗപ്പെടുത്തി സാമ്പത്തികമായി വളരുകയും ഉയരുകയും ചെയ്തിട്ടുണ്ട്. ഗണനീയമായ ഒരു മധ്യവര്‍ഗ വിഭാഗം വിദേശങ്ങളിലേക്കുള്ള കുടിയേറ്റ തൊഴില്‍ സാധ്യതയുടെയും സര്‍ക്കാര്‍ ഉദേ്യാഗ അവസരങ്ങളുടെയും സമ്പദ്ഘടനയുടെ ഉദാരവത്ക്കരണത്തിന്റെയും ഫലമായി കേരളത്തില്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഒരു പുത്തന്‍ സമ്പന്നവര്‍ഗവും കരാര്‍വര്‍ക്കുകളുടെയും റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവട വളര്‍ച്ചയുടെയും ഫലമായി നമ്മുടെ നാട്ടില്‍ വളര്‍ന്നുവന്നിട്ടുണ്ട്. തീര്‍ച്ചയായും ഇന്നത്തെ കേരളീയ സാഹചര്യത്തില്‍ സമ്പദ്ഘടനയിലും സാമൂഹിക ബന്ധങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കുന്നതില്‍ പറ്റുന്ന പാളിച്ചകള്‍ പലപ്പോഴും മതജാതി സ്വത്വരാഷ്ട്രീയത്തിന്റെ മാപ്പുസാക്ഷികളായി പുരോഗമനശക്തികളെ അധഃപതിപ്പിച്ചുകളയുമെന്ന കാര്യത്തില്‍ സംശയമില്ല. സംഘപരിവാറിന്റെ വിദേ്വഷരാഷ്ട്രീയം ശരാശരി ഹിന്ദുമനസ്സുകളില്‍ കുത്തിക്കയറ്റാനുള്ള കുത്സിതമായ നീക്കങ്ങളെ തിരിച്ചറിയുകയും വര്‍ഗീയതയുടെ എല്ലാ രൂപങ്ങളെയും മതനിരപേക്ഷ നിലപാടുകളില്‍ നിന്ന് എതിര്‍ത്ത് പരാജയപ്പെടുത്താന്‍ ജനങ്ങളെയാകെ അണിനിരത്തുകയാണ് പുരോഗമനശക്തികളുടെ അടിയന്തിര കടമ.