Connect with us

International

ബംഗ്ലാദേശില്‍ സ്വതന്ത്ര ബ്ലോഗറെ അക്രമികള്‍ കൊലപ്പെടുത്തി

Published

|

Last Updated

ധാക്ക: ബംഗ്ലാദേശില്‍ ഒരു സംഘം ആയുധധാരികള്‍ ബ്ലോഗറെ കൊലപ്പെടുത്തി. നിലോയ് നീല്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന നിലോയ് ചക്രബര്‍ത്തിയാണ് ഒരു സംഘം ആക്രമികളുടെ കൊലക്കത്തിക്കിരയായത്. അദ്ദേഹം താമസിക്കുന്ന ഫഌറ്റില്‍ എത്തിയായിരുന്നു ആക്രമണം. ഈ വര്‍ഷം ബംഗ്ലാദേശില്‍ സമാന രീതിയില്‍ കൊല്ലപ്പെടുന്ന നാലാമത്തെ വിവാദ ബ്‌ളോഗറാണ് ഇയാള്‍. അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയിലെ ചക്രബര്‍ത്തിയുടെ റൂമിലേക്ക് ആക്രമികള്‍ പ്രവേശിച്ച് അദ്ദേഹത്തിന്റെ കൂട്ടുകാരനെ ഒരു ഭാഗത്തേക്ക് തള്ളിമാറ്റിയ ശേഷം വധിക്കുകയായിരുന്നു. തലസ്ഥാന നഗരമായ ഗൊറാനിന് സമീപത്തുള്ള ആറ് പേരാണ് ചക്രബര്‍ത്തിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പക്ഷെ അക്രമികളുടെ പാശ്ചാത്തലമോ കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ച ഘടകമെന്തെന്നോ അവര്‍ക്ക് വ്യക്തമല്ല. ഒരു ഫഌറ്റ് വാടകക്ക് ആവശ്യമുണ്ടെന്നും ഇതിനായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും കള്ളം പറഞ്ഞാണ് ആറ് പേരടങ്ങുന്ന സംഘം അദ്ദേഹത്തിന്റെ വാതിലില്‍ മുട്ടിയതെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ മുന്‍തഷിറുല്‍ ഇസ്‌ലാം വ്യക്തമാക്കി. രണ്ട് പേര്‍ അദ്ദേഹത്തെ മറ്റൊരു റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെ വെച്ച് തലയറുത്ത് കൊല്ലുകയുമായിരുന്നു.
സംഭവം നടക്കുമ്പോള്‍ ചക്രബര്‍ത്തിയുടെ ഭാര്യയും ഇതേ ഫഌറ്റില്‍ തന്നെ ഉണ്ടായിരുന്നുവെങ്കിലും അവര്‍ മറ്റൊരു റൂമിലായിരുന്നു. ചക്രബര്‍ത്തി ഒരു സ്വതന്ത്ര ചിന്തകനുമായിരുന്നു. രാജ്യത്തെ സാമൂഹിക അരക്ഷിതാവസ്ഥക്ക് എതിരെയും മതമൗലിക വാദികള്‍ക്കെതിരെയും ബ്‌ളോഗിലൂടെ പ്രതികരിച്ച നീല്‍ തീവ്രവാദികളുടെ നോട്ടപുള്ളിയായിരുന്നുവെന്ന് ബ്‌ളോഗര്‍ കൂടിയായ സുഹൃത്ത് ആസിഫ് മുഹ്‌യുദ്ദീന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 2013 ല്‍ തീവ്രവാദികള്‍ നടത്തിയ ഒരു ആക്രമണ പദ്ധതിയില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് ആസിഫ്.

Latest