Connect with us

Kerala

ധനവകുപ്പിന് പരിശോധനക്ക് അര്‍ഹതയില്ലെന്ന പി എസ് സിയുടെ വാദം മന്ത്രി തള്ളി

Published

|

Last Updated

തിരുവനന്തപുരം: ഒരാഴ്ച നീണ്ടു നിന്ന പി എസ് സി-സര്‍ക്കാര്‍ ഏറ്റുമുട്ടലിന് മുഖ്യമന്ത്രിയുടെ ഇടപെടലോടെ താത്കാലിക വിരാമമായിരുന്നെങ്കിലും പി എസ് സിക്കെതിരെ വിമര്‍ശവുമായി ഇന്നലെ ധനകാര്യമന്ത്രി വീണ്ടും രംഗത്തെത്തി. പി എസ് സിയുടെ സാമ്പത്തിക അച്ചടക്കം സംബന്ധിച്ച ധനവകുപ്പിന്റെ നിലപാടില്‍ മാറ്റമില്ലെന്നും, പി എസ് സി സാമ്പത്തിക അച്ചടക്കം പാലിച്ചേ മതിയാകൂവെന്നും ധനമന്ത്രി കെ എം മാണി വ്യക്തമാക്കി. പണം ചെലവഴിക്കുന്ന കാര്യത്തില്‍ പി എസ് സി സ്വയം നിയന്ത്രണം വരുത്തണം. പി എസ് സി ഉപസമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി മാണി. പി എസ് സിയില്‍ പരിശോധന നടത്താന്‍ ധനവകുപ്പിന് അധികാരമില്ലെന്ന കമ്മീഷന്‍ ചെയര്‍മാന്റെ വാദം ധനമന്ത്രി തള്ളിക്കളഞ്ഞു. സര്‍ക്കാര്‍ പണം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലും ചെലവുകള്‍ പരിശോധിക്കാന്‍ ധനവകുപ്പിന് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പി എസ് സിക്ക് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. പി എസ് സിയെ ഏതെങ്കിലും നിലയില്‍ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല.
സാമ്പത്തിക നിയന്ത്രണം പിന്‍വലിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കൂടിക്കാഴ്ച നടന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ധനമന്ത്രി മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പി എസ് സിക്ക് ആവശ്യമായ പണം അനുവദിക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ടെങ്കിലും സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തില്‍ ശക്തമായ നിലപാട് തുടരാനാണ് ധനവകുപ്പിന്റെ തീരുമാനം.
ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയും ധനവകുപ്പിനുണ്ട്. പി എസ് സിക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ശിപാര്‍ശ ചെയ്ത് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത് ചീഫ് സെക്രട്ടറിയായിരുന്നു. എന്നാല്‍ ധനകാര്യ വകുപ്പിന്റെ പരിശോധന മതിയെന്ന നിലപാട് എടുത്തത് മുഖ്യമന്ത്രിയാണ്. ഇതിന് സഹകരിക്കാന്‍ പി എസ് സി തയ്യാറായില്ല. ഈ സാഹചര്യത്തില്‍ ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പി എസ് സിക്ക് മേല്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇളവ് അനുവദിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

Latest