Connect with us

Kerala

എ ടി എമ്മില്‍ നിന്ന് പണം തട്ടിയ യുവതി പിടിയില്‍

Published

|

Last Updated

കൊല്ലം: കൊട്ടാരക്കരയില്‍ വീട്ടമ്മയെ കബളിപ്പിച്ച് എ ടി എമ്മില്‍ നിന്ന് പണം തട്ടിയ യുവതിയെ തിരിച്ചറിഞ്ഞു. പുത്തൂര്‍ കരിമ്പിന്‍പുഴ ആയിരവല്ലി ശിവക്ഷേത്രത്തിന് സമീപം ബിന്ധ്യ ഭവനില്‍ ബിന്ധ്യ(19) യാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലാണ്. ബിരുദ വിദ്യാര്‍ഥിനിയാണ് ബിന്ധ്യ . തെളിവെടുപ്പിന് ശേഷം ഇവരെ ഇന്ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും. കൊട്ടാരക്കര, പുത്തൂര്‍ ഭാഗങ്ങളില്‍ നിന്നായി ഇവര്‍ നാല് പേരെ കബളിപ്പിച്ച് എ ടി എമ്മിലെ പണം തട്ടിയതായി വ്യക്തമായിട്ടുണ്ട്. കൂടുതല്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. ഇക്കഴിഞ്ഞ ജൂലായ് 30ന് ഉച്ചയോടെ കശുവണ്ടി തൊഴിലാളിയായ കോട്ടാത്തല തറമേല്‍ ക്ഷേത്രത്തിന് സമീപം സത്യ നിവാസില്‍ സരള (58)യുടെ അക്കൗണ്ടിലെ പണം തട്ടിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബിന്ധ്യ കുടുങ്ങിയത്. കൊട്ടാരക്കര എസ് ബി ഐ ശാഖയിലെ അക്കൗണ്ടില്‍ നിന്ന് 39000 രൂപയാണ് സരളക്ക് നഷ്ടപ്പെട്ടത്. എ ടി എം കൗണ്ടറിന് മുന്നില്‍ നിലയുറപ്പിച്ചിരുന്ന ബിന്ധ്യ പണം എടുക്കുന്നതിന് സരളയെ സഹായിക്കാന്‍ കൂടുകയായിരുന്നു. പണം എടുത്ത ശേഷം തിരികെ മറ്റൊരു എ ടി എം കാര്‍ഡ് നല്‍കിയശേഷം വേറെ എ ടി എം കൗണ്ടറില്‍ നിന്ന് ബിന്ധ്യ 39000 രൂപ എടുക്കുകയായിരുന്നു. കശുവണ്ടി തൊഴിലാളിയായിരുന്ന സരള വിമരമിച്ചതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര എസ് ബി ഐ ശാഖയില്‍ 60000 രൂപ നിക്ഷേപമുണ്ടായിരുന്നു. ഇതില്‍ 20000 രൂപ മകന്റെ അക്കൗണ്ടിലേക്ക് മാറ്റിയശേഷം ബാക്കി തുകയില്‍ 1000 രൂപ എ ടി എം വഴി പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബിന്ധ്യ സഹായിക്കാനെത്തിയതും പിന്നീട് പണം തട്ടിയതും. സരള തിരികെ ബേങ്കിലെത്തി പാസ് ബുക്കില്‍ പതിച്ച് വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ പണം നഷ്ടപ്പെട്ട വിവരം ബോധ്യപ്പെടുകയും ബേങ്ക് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് എ ടി എം കൗണ്ടറിലെ സി.സി കാമറാ ദൃശ്യങ്ങള്‍ ശേഖരിക്കുകയും വ്യാഴാഴ്ച പുറത്തുവിടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവെടുപ്പുകള്‍ക്കുകൂടി ശ്രമിക്കവെയാണ് ഇന്നലെ രാവിലെ യുവതി ഇതേ എ ടി എം കൗണ്ടറിലെത്തിയത്. ബാങ്ക് ജീവനക്കാര്‍ തന്നെ ഇത് ശ്രദ്ധിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ബിന്ധ്യയെ കസ്റ്റഡിയിലെടുത്ത ശേഷം എസ് ഐ ബെന്നിലാലു, അഡീഷനല്‍ എസ്. ഐ രാജു എന്നിവരുടെ നേതൃത്വത്തില്‍ പുത്തൂരിലടക്കം വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

Latest